Sorry, you need to enable JavaScript to visit this website.

റിയാദ് ജി-20 ഉച്ചകോടിയിൽ ടൂറിസം വളര്‍ച്ച മുഖ്യവിഷയമാകും

റിയാദ്- അടുത്ത വർഷം റിയാദിൽ നടക്കുന്ന ജി-20 ഉച്ചകോടിയിൽ ടൂറിസം മേഖലയുടെ സുസ്ഥിരതാ പദ്ധതി ചർച്ച ചെയ്യുമെന്ന് സൗദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെരിറ്റേജ് പ്രസിഡന്റ് അഹ്മദ് അൽഖതീബ് പറഞ്ഞു.

വേൾഡ് ട്രാവൽ മാർക്കറ്റ് ലണ്ടനിൽ സംഘടിപ്പിച്ച വേൾഡ് ടൂറിസം ഓർഗനൈസേഷൻ മന്ത്രിതല ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള ടൂറിസം മേഖല കഴിഞ്ഞ വർഷം 3.9 ശതമാനം വളർച്ച കൈവരിച്ചു. ആഗോള തലത്തിൽ 31.9 കോടി പേർ ടൂറിസം മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. 


സൗദിയിലെ തന്ത്രപ്രധാന മേഖലകളിൽ ഒന്നായി ടൂറിസം മേഖല ഇന്ന് മാറിയിട്ടുണ്ട്. വിഷൻ-2030 പദ്ധതിക്ക് അനുസൃതമായി ടൂറിസം മേഖല വികസിപ്പിച്ചു വരികയാണ്. 


ഇന്ന് ലോകത്ത് വർധിച്ചുവരുന്ന പരസ്പരാശ്രിതത്വത്തിന്റെ പശ്ചാത്തലത്തിൽ ടൂറിസം വ്യവസായം കുതിച്ചുചാട്ടത്തിനും വളർച്ചക്കും സാക്ഷ്യം വഹിക്കുകയാണ്. ടൂറിസം വ്യവസായത്തിൽ നിക്ഷേപങ്ങൾ നടത്തുന്നതിനുള്ള പദ്ധതികൾക്ക് സൗദി അറേബ്യ രൂപം നൽകിയിട്ടുണ്ട്. 2030 ഓടെ പ്രതിവർഷം സൗദി അറേബ്യ സന്ദർശിക്കുന്ന ടൂറിസ്റ്റുകളുടെ എണ്ണം 10 കോടിയായി ഉയർത്തുകയും വിനോദ സഞ്ചാര മേഖലയിൽ പുതുതായി പത്തു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം. 


സമൂഹങ്ങളുടെയും ഗ്രാമീണ പ്രദേശങ്ങളുടെയും സുസ്ഥിരതയും സംരക്ഷണവും ഉറപ്പുവരുത്തുന്ന നിലയിൽ ടൂറിസം മേഖലയുടെ വികസനത്തിന് രാജ്യം പിന്തുടരുന്ന രീതിശാസ്ത്രത്തെ കുറിച്ച് അഹ്മദ് അൽഖതീബ് ഉച്ചകോടിയിൽ വിശദീകരിച്ചു. നഗരങ്ങളിൽ വിനോദ സഞ്ചാര വ്യവസായം സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതത്തിന്റെ വ്യാപ്തിയെ കുറിച്ച് മിക്ക രാജ്യങ്ങളും ഇന്ന് മനസ്സിലാക്കുന്നു. ഇത് ഗ്രാമപ്രദേശങ്ങളുടെ വികസനത്തിലൂടെ ബദൽ പോംവഴികൾ കണ്ടെത്തുന്നതിന് ലോക രാജ്യങ്ങളെ പ്രേരിപ്പിക്കുന്നു. 
സൗദി അറേബ്യയിലെ ജനസംഖ്യയുടെ 80 ശതമാനത്തിലധികവും നഗരങ്ങളിലാണ്. രാജ്യത്തെ ആകെ ജനസംഖ്യ 3.4 കോടിയാണ്. 


ഗ്രാമീണ സമൂഹങ്ങളെ സാമൂഹികമായും സാമ്പത്തികമായും സംരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനും സൗദി അറേബ്യ പ്രവർത്തിക്കുന്നു. ഇക്കാര്യത്തിൽ സാങ്കേതികവും ക്രിയാത്മകവുമായ പോംവഴികൾ അവലംബിക്കുന്നു. ആധികാരികതയും ആധുനികതയും സമന്വയിപ്പിക്കുന്ന വ്യതിരിക്തമായ അനുഭവങ്ങൾ തേടുന്ന വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന എല്ലാ കാര്യങ്ങളാലും സൗദിയിലെ ഗ്രാമീണ പ്രദേശങ്ങൾ സമ്പന്നമാണ്. രാജ്യത്ത് പതിനായിരത്തോളം ചരിത്ര, പുരാവസ്തു കേന്ദ്രങ്ങളുണ്ട്. അൽഉലയും അൽഹസയും അടക്കം ഏതാനും കേന്ദ്രങ്ങൾ ഇതിനകം യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 


റിയാദിൽ നടക്കുന്ന ജി-20 ഉച്ചകോടി ടൂറിസം മേഖലയുടെ വളർച്ച കേന്ദ്ര വിഷയമാക്കും. ആഗോള തലത്തിൽ ടൂറിസം മേഖലയിൽ സുസ്ഥിര വളർച്ചയുണ്ടാക്കുന്നത് ലക്ഷ്യമിട്ടുള്ള നിരവധി ചർച്ചകൾ റിയാദ് ഉച്ചകോടിയിൽ നടക്കുമെന്നും അഹ്മദ് അൽഖതീബ് പറഞ്ഞു.
 

Latest News