യു.എ.ഇയില്‍ വാട്‌സ്ആപ് കോളുകള്‍ ഉടന്‍ നിയമവിധേയമാകും

അബുദാബി- വോയ്പ് കോളുകള്‍ക്ക് നിരോധമുള്ള യു.എ.ഇയില്‍ വാട്‌സ്ആപ് കോളുകള്‍ അടുത്തുതന്നെ നിയമവിധേയമായേക്കും. യു.എ.ഇ നാഷനല്‍ ഇലക്‌ട്രോണിക് സെക്യൂരിറ്റി അതോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അല്‍ കുവൈത്തി അറിയിച്ചതാണ് ഇക്കാര്യം.
വിവിധ തലങ്ങളില്‍ വാട്‌സ് ആപ്പുമായി ഏര്‍പ്പെട്ടിരിക്കുന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് മാറ്റമെന്നാണ് സൂചന.
ബോട്ടിം, സീമി, ഹൈയു തുടങ്ങിയ ആപ്പുകള്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ യു.എ.ഇയിലുള്ളവര്‍ വോയ്പ് കോളുകള്‍ നടത്തുന്നത്. വാട്‌സ്ആപ്പുമായി നിരവധി മേഖലകളില്‍ സഹകരണമുണ്ട്. ഇത് മികച്ച നിലയിലാണ് നീങ്ങുന്നത്. കൂടുതല്‍ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വാട്‌സ് ആപ്പ് കോളുകള്‍ക്കുള്ള നിരോധം എത്രയും വേഗം നീക്കുമെന്നാണ് ടെലികമ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റിയില്‍നിന്ന് ലഭിക്കുന്ന വിവരമെന്നും അല്‍ കുവൈത്തി സി.എന്‍.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
രാജ്യത്ത് ലൈസന്‍സുള്ള ടെലികമ്യൂണിക്കേഷന്‍ കമ്പനികളായ ഡു, ഇത്തിസാലാത്ത് എന്നിവയാണ് വോയ്പ് കോളുകള്‍ക്ക് ആര്‍ക്കൊക്കെ അനുമതി നല്‍കണമെന്ന് നിശ്ചയിക്കുന്നത്. സ്‌കൈപ്, ഫെയ്‌സ്‌ടൈം, വാട്‌സ് ആപ്പ് തുടങ്ങിയ ആപ്പുകളിലൂടെ വോയ്പ് കോളുകള്‍ നടത്താനുള്ള അനുമതി വേണമെന്ന് ബിസിനസ് ലോകവും ആവശ്യപ്പെട്ട് വരികയായിരുന്നു.

 

Latest News