ന്യൂദല്‍ഹി- കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ദല്‍ഹിയിലെ നെഹ്‌റു മെമോറിയല്‍ മ്യൂസിയം ആന്റ് ലൈബ്രറി സൊസൈറ്റി പുനസ്സംഘടിപ്പിച്ചു. സമിതിയില്‍ അംഗങ്ങളായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ എല്ലാ പുറത്താക്കിയാണ് പുതിയ സമിതിക്ക് രൂപം നല്‍കിയിരിക്കുന്നത്. മല്ലികാര്‍ജുന്‍ ഖഡ്‌ഗെ, ജയ്‌റാം രമേശ്, കരണ്‍ സിങ് എന്നീ അംഗങ്ങളെ ഒഴിവാക്കി പകരം ഉള്‍പ്പെടുത്തിയവരില്‍ ടിവി ജേണലിസ്റ്റ് രജത് ശര്‍മ, പരസ്യ രചയിതാവ് പ്രസൂണ്‍ ജോഷി എന്നിവരും ഉള്‍പ്പെടും. ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ച വിജ്ഞാപനം ഇറങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് സൊസൈറ്റി പ്രസിഡന്റ്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വൈസ് പ്രസിഡന്റും.
കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, നിര്‍മല സീതാരാമന്‍, രമേശ് പൊഖ്രിയാല്‍, പ്രകാശ് ജാവഡേക്കര്‍, വി മുരളീധരന്‍, പ്രഹ്‌ളാദ് സിങ് പട്ടേല്‍, ഐസിസിആര്‍ ചെയര്‍മാന്‍ വിനയ് സഹസ്രബുദ്ധെ, പ്രസാര്‍ ഭാരതി ചെയര്‍മാന്‍ എ സൂര്യ പ്രകാശ്, എക്‌സപെന്‍ഡിചര്‍, സാംസ്‌ക്കാരികം, നഗര-ഭവന കാര്യ വകുപ്പുകളുടെ സെക്രട്ടറിമാര്‍ എന്നിവരും അംഗങ്ങളാണ്. യുജിസി ചെയര്‍മാന്‍, ജവഹര്‍ലാല്‍ നെഹ്‌റു മെമോറിയല്‍ ഫണ്ട് പ്രതിനിധി, എന്‍എംഎംഎല്‍ ഡയറക്ടര്‍, മാധ്യമ പ്രവര്‍ത്തകന്‍ രജത് ശര്‍മ എന്നിവരാണ് പുതിയ അംഗങ്ങള്‍. അഞ്ചു വര്‍ഷമാണ് അംഗങ്ങളുടെ കാലാവധി.