Sorry, you need to enable JavaScript to visit this website.

സര്‍ട്ടിഫിക്കറ്റ് തുല്യതാ വ്യവസ്ഥ കുവൈത്ത് തല്‍ക്കാലം നിര്‍ത്തിവെച്ചു

കുവൈത്ത് സിറ്റി- ഡോക്ടര്‍മാരുടെ വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് തുല്യത ഉറപ്പാക്കല്‍ വ്യവസ്ഥ കുവൈത്ത് തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. തുല്യതാ സാക്ഷ്യപത്രം ലഭിക്കുന്നതിനുള്ള കാലതാമസംമൂലം പ്രതിസന്ധിയിലാക്കിയ നൂറുകണക്കിന് ഡോക്ടര്‍മാര്‍ക്ക് തീരുമാനം ആശ്വാസകരമാകും.
തൊഴിലാളികളെ വലച്ച വ്യവസ്ഥക്കെതിരെ വിവിധ ആരോഗ്യ സംവിധാനങ്ങളുടെ മേധാവികള്‍ കഴിഞ്ഞ ദിവസം ശബ്ദമുയര്‍ത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് താല്‍കാലികമായി മരവിപ്പിച്ചത്.
സര്‍ട്ടിഫിക്കറ്റിന് യോഗ്യതാ സാക്ഷ്യപത്രം സംബന്ധിച്ച് ഓഗസ്റ്റ് നാലിനാണ് ഉത്തരവിറക്കിയത്. കുവൈത്തില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരുടെ വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് രാജ്യത്ത് അംഗീകരിച്ച അക്രഡിറ്റേഷന്‍ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടണം. അതിനായി സര്‍ട്ടിഫിക്കറ്റ് നല്‍കിയ സര്‍വകലാശാലയില്‍നിന്നുള്ള സാക്ഷ്യപത്രം ലഭ്യമാക്കണം. സാക്ഷ്യപത്രം ലഭിക്കാന്‍ കുവൈത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വഴി സമര്‍പ്പിക്കുന്ന അപേക്ഷ തീര്‍പ്പാക്കാന്‍ കാലതാമസമെടുക്കുന്നതാണു വിവിധ മേഖലകളില്‍ തൊഴില്‍ തേടുന്നവരെ വലച്ചത്.
വ്യവസ്ഥ നടപ്പാക്കണമെന്ന നിര്‍ദേശം പുറപ്പെടുവിച്ച തീയതിക്ക് മുന്‍പത്തെ അവസ്ഥ തുടരാന്‍ ആരോഗ്യമന്ത്രാലയം അണ്ടര്‍സെക്രട്ടറി ഡോ.മുസ്തഫ അല്‍ റദ മന്ത്രാലയത്തിലെ മെഡിക്കല്‍ സേവന വിഭാഗം അസി.അണ്ടര്‍ സെക്രട്ടറി ഡോ.ഫാത്തിമ അല്‍ നജ്ജാറിന് അത് സംബന്ധിച്ച് നിര്‍ദേശം നല്‍കി.

 

Latest News