Sorry, you need to enable JavaScript to visit this website.

ഒമ്പതു മാസത്തിനിടെ കുവൈത്ത് 5000 ഇന്ത്യക്കാരെ നാടുകടത്തി

കുവൈത്ത് സിറ്റി- ജനുവരി ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള ഒമ്പതു മാസത്തിനിടെ  കുവൈത്തില്‍നിന്ന് 5000 ഇന്ത്യക്കാരെ നാടുകടത്തിയതായി സുരക്ഷാവൃത്തങ്ങള്‍ വെളിപ്പെടുത്തി. ഇഖാമ-തൊഴില്‍ നിയമം ലംഘിക്കല്‍, പകര്‍ച്ചവ്യാധികള്‍, കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടല്‍, ഗതാഗത നിയമലംഘനങ്ങള്‍ അടക്കമുള്ള കാരണങ്ങളുടെ പേരില്‍ ഒമ്പതു മാസത്തിനിടെ ആകെ 18,000 വിദേശികളെയാണ് കുവൈത്തില്‍നിന്ന് നാടുകടത്തിയത്. നാടുകടത്തപ്പെട്ടവരില്‍ 12,000 പേര്‍ പുരുഷന്മാരും 6000 പേര്‍ വനിതകളുമാണ്.
ഏറ്റവും കൂടുതല്‍ പേര്‍ ഇന്ത്യക്കാരാണ്. രണ്ടാം സ്ഥാനത്ത് ബംഗ്ലാദേശുകാരാണ്. ബംഗ്ലാദേശില്‍നിന്നുള്ള 2500 പേരെ നാടുകടത്തി. മൂന്നാം സ്ഥാനത്ത് ഈജിപ്തുകാരും നാലാം സ്ഥാനത്ത് നേപ്പാളികളുമാണ്. ഈജിപ്തില്‍നിന്നുള്ള 2200 നിയമ ലംഘകരെയും കുറ്റവാളികളെയും നേപ്പാളില്‍നിന്നുള്ള 2100 പേരെയും ഒമ്പതു മാസത്തിനിടെ നാടുകടത്തി. 1700 എത്യോപ്യക്കാരെയും 1400 ശ്രീലങ്കക്കാരെയും 1200 ഫിലിപ്പിനോകളെയും ഇക്കാലയളവില്‍ കുവൈത്തില്‍നിന്ന് നാടുകടത്തി. അവശേഷിക്കുന്നവര്‍ മറ്റു രാജ്യക്കാരാണ്. യൂറോപ്യന്മാരും അമേരിക്കക്കാരും ഇക്കൂട്ടത്തിലുണ്ട്.

 

Latest News