കിഴക്കൻ ആഫ്രിക്കയിലെ സോമാലിലാന്റിന്റെ തലസ്ഥാന നഗരിയായ ഹർജയ്സയാലെ ജിഗ്ജിഗാറിൽ കഴിഞ്ഞ ഒരു വർഷമായി പ്രവർത്തിച്ചുവരുന്ന സോമാലിലാന്റ് ഇന്ത്യൻ അസോസിയേഷൻ കുടുംബ സംഗമം സംഘടിപ്പിച്ചു. ഇന്ത്യാന റെസ്റ്റോറന്റിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ സോമാലിലാന്റിലെ പ്രവാസികൾ ഒത്തുകൂടിയത് സന്തോഷകരമായ നിമിഷങ്ങളിലായിരുന്നു. കുടുംബങ്ങളും സഹപ്രവർത്തകരും പരസ്പരം മധുരം കൈമാറി സന്തോഷം പങ്ക് വെച്ചു.
വിവിധ പരിപാടികൾ സംഘടിപ്പിച്ചു കൊണ്ടാണ് കുടുംബങ്ങൾ ഒത്തുചേർന്നത്. ചെസ് മത്സരം, മ്യൂസിക് ചെയർ,ബോൾ പാസ്സിംഗ് തുടങ്ങിയവ സംഘടിപ്പിച്ചു. ചെസ് മത്സരങ്ങളിൽ ഒന്നാം സ്ഥാനത്ത് തൗസീഫ്, പുരുഷൻമാരുടെ മ്യൂസിക്കൽ ചെയറിൽ രമേശും, സ്ത്രീകളുടെ മ്യൂസിക് ചെയറിൽ അനുപമ നിജേഷും, ബോൾപാസിംഗിൽ ദിനേശ് കുമാറും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഡോക്ടർ രാജേഷ്, ദിനേശ് കുമാറിനും, ഡോക്ടർ സ്വാമി തൗസീഫിനും, നിജേഷ് രമേശിനും, കരിഷ്മ അനുപമ നിജേഷിനും സമ്മാനങ്ങൾ വിതരണം ചെയ്തു.
ഇക്കഴിഞ്ഞ വെള്ളിയാഴച വൈകിട്ട് അഞ്ചിന് ആരംഭിച്ച പരിപാടി വൈകിട്ട് എട്ട് മണിയോടെ ഭക്ഷണത്തിന് ശേഷമാണ് അവസാനിച്ചത്. സോമാലിലാന്റ് ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികളായ ഡോക്ടർ രാജേഷ് രാജൻ, ഡോക്ടർ പ്രകാശ് ഷാ, നിജേഷ് പുതിയേടത്ത്, രാകേഷ് തൻകപ്പൻ, കരിഷ്മ ഖാദം, മുഹമ്മദ് നിലമ്പൂർ, ഷിബു തിരുവനന്തപുരം, അനൂപ് എൽ ജി , തുടങ്ങിയവർ നേതൃത്വം നൽകി.