Sorry, you need to enable JavaScript to visit this website.

മല്‍ബു കഥ വായിക്കാം; പ്രതി അകത്തുണ്ട് 

മൽബു ബാത്ത് റൂമിൽ കയറിയാലാണ് അവർ വട്ടമിട്ടിരിക്കുക. സീനിയറായ ഒരാൾ ഫഌറ്റിൽ താമസിക്കുന്നത് എല്ലാവർക്കും ചെറിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഉസ്മാന്റെ ബാപ്പയുടെ ചങ്ങാതി ആയതിനാൽ ഒന്നും പറയാനും വയ്യ. 
ബാത്ത് റൂമിൽ കയറിയാൽ മൽബു സാവകാശമേ ഇറങ്ങൂ. ഇയാളെന്താ അടയിരിക്കയാണോ എന്നു പരസ്പരം ചോദിക്കുമെങ്കിലും മൽബുവിന്റെ ബാത്ത് റൂമിലെ സ്വപ്‌നം കാണൽ മുറിയിലുള്ള മറ്റുള്ളവർക്ക് വലിയ പ്രശ്‌നമായി അനുഭവപ്പെടാറില്ല. മാത്രമല്ല, ഇത്തിരി സൗകര്യപ്രദമാണുതാനും. 
ഫഌറ്റിൽ മൂന്ന് ബത്ത് റൂമുണ്ട്. മുമ്പ് രണ്ട് മുറികൾക്കും ഒരു ബാത്ത് റൂമിനും നൽകിയിരുന്ന വാടകയ്ക്കാണ് ഇപ്പോൾ അഞ്ച് മുറിയും മൂന്ന് ബാത്ത് റൂമുകളുമുള്ള ഫഌറ്റ് കിട്ടിയത്. ഫാമിലികൾക്ക് ലെവി ഏർപ്പെടുത്തിയപ്പോൾ ഉണ്ടായ ഒരു ഗുണമാണിത്. വാടകയുടെ കാര്യത്തിൽ വില പേശാൻ എത്രയോ ഫഌറ്റുകൾ ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്നു.
ഒരു ബാത്ത് റൂമുണ്ടായിരുന്നപ്പോൾ അനുഭവിച്ച പിരിമുറുക്കങ്ങൾ അന്തേവാസികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്തതാണ്. ആളുകൾ തമ്മിൽ തെറ്റിയിട്ടുണ്ടെങ്കിൽ അത് ബാത്ത് റൂമിന്റെ കാര്യത്തിൽ മാത്രമായിരുന്നു. ഒരിക്കൽ ഒരു വി.ഐ.പി മൽബുവിന് പഌസ്റ്റിക് കവർ ഉപയോഗിക്കേണ്ടിവന്നതും പിന്നീടയാൾ ഒറ്റക്ക് ഒരു ഫഌറ്റെടുത്ത് താമസമാക്കിയതും പൂർവകാല ചരിത്രമാണ്. 
കീസ് മമ്മു എന്നാണ് അയാൾ പിന്നീട് വിളിക്കപ്പെട്ടതെങ്കിലും ആ നിർണായക സന്ദർഭത്തിൽ ഒരു കീസ് ലഭിച്ചതിന്റെ ആശ്വാസം അയൾക്കല്ലേ അറിയൂ. ആളുകളുടെ അനുഭവം വേറെ, കളിയാക്കൽ വേറെ.
പലപ്പോഴും മൊബൈൽ ഫോണുമായി ബാത്ത് റൂമിൽ കയറാറുള്ള ഉസ്മാനെ ഒരിക്കൽ ഉപദേശിച്ചപ്പോൾ മൽബുവിന് കണക്കിനു കിട്ടിയിട്ടുണ്ട്. 
ഈ ഫഌറ്റിൽ ഏറ്റവും കൂടുതൽ സമയം ബാത്ത് റൂം ഉപയോഗിക്കുന്നയാൾ നിങ്ങളാണെന്നായിരുന്നു ഉസ്മാന്റെ മറുപടി. 
ഞാൻ ഓരോന്നാലോചിച്ചങ്ങനെ ഇരുന്നു പോകുന്നതാണെന്ന് മൽബു.
അങ്ങനെ ഇരുന്ന് പോകാതിരിക്കാനാണ് മൊബൈലുമായി കയറുന്നതെന്ന് ഉസ്മാൻ. ഒരു പാട്ട് തീരുമ്പോഴേക്കും സംഗതി തീർന്നു കിട്ടും. നിങ്ങള് വിചാരിക്കും ഞാൻ എന്തെങ്കിലും കാണാനാണ് ഫോൺ കൊണ്ടുപോകുന്നതെന്ന്. ചിന്തകൾ വഴി തെറ്റാതിരിക്കാനും പോയ കാര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് പാട്ടുകൾ കേൾക്കുന്നത്. 
ബല്ലാത്ത ജാത്യന്നെ എന്ന് മൽബു പറയുമ്പോഴേക്കും താമസമെന്തേ... എന്നു പാടിക്കൊണ്ട് ഉസ്മാൻ ബാത്ത് റൂമിൽ പ്രവേശിച്ചിരുന്നു.
കർമങ്ങളൊക്കെ നിർവഹിച്ച് ധിറുതിയിൽ ഇറങ്ങേണ്ട കാര്യമില്ല മൽബുവിന്. ജോലിയാകുന്നതു വരെ ഈ സാവകാശം അർഹതപ്പെട്ടതാണ്. ജോലി കിട്ടിക്കഴിഞ്ഞാൽ പിന്നെ രാവിലെ ചടപടാ ഇറങ്ങേണ്ടിവരും. പണ്ടത്തെ പോലെയല്ല. ഇപ്പോൾ ചിന്ത കൂടിയിട്ടുണ്ട്. ജോലി കിട്ടുമോ.. വാടകയ്ക്കും ഫുഡിനും ഇനീം നാട്ടിൽനിന്ന് കാശ് വരുത്തേണ്ടിവരുമോ എന്നു മാത്രമല്ല, മൽബിയെ കുറിച്ചും ഇപ്പോൾ ചിന്ത കൂടുതലാണ്. ഫോൺ ചെയ്യുമ്പോൾ ചിലപ്പോൾ കടിച്ചുകീറുമെങ്കിലും ഫോൺ വെച്ചു കഴിഞ്ഞാൽ പിന്നെ സങ്കടമാകും. 
ഒന്നാം പ്രവാസം നിർത്തി നാട്ടിലെത്തിയപ്പോൾ ഇനി പോകേണ്ടല്ലോ എന്നോർത്ത് രണ്ടു പേരും വലിയ സന്തോഷത്തിലായിരുന്നു. കാര്യങ്ങൾ പഠിക്കാതെ പലതിലും എടുത്തുചാടി ഒടുവിൽ വീണ്ടും കടൽ കടക്കേണ്ടി വന്നു. 
ഇപ്പോൾ മൂന്നു മാസമായിട്ടും ജോലി ഒന്നുമായില്ല എന്നു പറയുമ്പോൾ മൽബിയുടെ സ്വരം കടുക്കുന്നു. എത്ര മനോഹരമായിരുന്നു അവളുടെ ശബ്ദം. 
നിങ്ങൾ പണമയക്കാതെ ഞാനിവിടെ എന്തു ചെയ്യുമെന്ന അവളുടെ ചോദ്യം ന്യായമാണ്. എന്നാലും മൽബു അതല്ല ഓരോ വിളിയിലും പ്രതീക്ഷിക്കുന്നത്. സ്‌നേഹത്തോടെയുള്ള രണ്ട് ആശ്വാസ വാക്ക്. അത് അവളിൽനിന്ന് കിട്ടുന്നില്ല.
ജോലിയില്ലാത്തവരും അഞ്ചും ആറും മാസമായി ശമ്പളം കിട്ടാത്തവരും നാട്ടിലുള്ളവരെ സങ്കടപ്പെടുത്താതിരിക്കാൻ പലപ്പോഴും ഉടൻ പണം അയക്കാമെന്ന് പറയാറുണ്ട്. കള്ളങ്ങൾ കുമിയുമ്പോൾ കടം വാങ്ങി അയക്കാൻ നിർബന്ധിതമാകും. അതു വേണ്ടെന്നും എല്ലാം മൽബിയോട് തുറന്നുപറയണമെന്നുമുള്ള തീരുമാനത്തിലാണ് മൽബു. സ്വന്തം കഥകൾ കുടുംബത്തെ യഥാസമയം അറിയിക്കണമെന്നും അല്ലെങ്കിൽ പ്രവാസികൾ പിന്നീട് അനുഭവിക്കുമെന്നും ബോധ്യപ്പെടുത്താൻ മൽബു വേണമെങ്കിൽ ഒരു മണിക്കൂർ ക്ലാസെടുക്കും.
ബാത്ത് റൂമിൽ മൽബു കൂടുതൽ സമയം ഇരുന്നോട്ടെയെന്ന് ചിന്തിക്കുന്നവരാണല്ലോ ഇപ്പോൾ സഹമുറിയന്മാർ. കാരണം അപ്പോഴാണ് അവർ കൂടിയിരുന്ന് മൽബുവിന്റെ കാര്യം ആലോചക്കാറുള്ളത്. ഫഌറ്റ് നേതാവെന്ന പദവിയുളള ഉസ്മാൻ പറയുന്നത് മറ്റുള്ളവർ കേട്ടിരിക്കും. ഇനിയിപ്പോ ജോലി കിട്ടാൻ ചാൻസില്ലെന്നും മൽബുവിനെക്കൊണ്ട് എന്തെങ്കിലും ബിസിനസ് തുടങ്ങിപ്പിച്ചാലോ എന്നതിലേക്കാണ് ഇപ്പോൾ ചർച്ചകളുടെ പോക്ക്. പ്രതി അകത്തുനിന്ന് പുറത്തിറങ്ങന്നതു വരെ അവരുടെ ചർച്ചകൾ നീണ്ടുപോകും. 
ജോലിയോ മറ്റു സംവിധാനങ്ങളോ ആകുന്നതു വരെ റൂമും ഭക്ഷണവും ഫ്രീ ആക്കിയാൽ മൽബുവിന് വലിയ ആശ്വാസമാകമെന്ന അഭിപ്രായം ചർച്ചയിൽ വന്നെങ്കിലും തള്ളപ്പെട്ടു. കാരണം അത് എല്ലാവരെയും ബാധിക്കുന്നതാണല്ലോ. തടിക്കു തട്ടുന്ന കാര്യം വന്നപ്പോൾ ഓരോരുത്തരായി പിൻവലിഞ്ഞു.
 

Latest News