മക്ക- മക്കയിലെ ദാറുൽ ഹദീസിൽ അധ്യാപകനും വ്യത്യസ്ത ഇസ്്‌ലാമിക വിജ്ഞാന ശാഖകളിലും അറബി ഭാഷാ വിജ്ഞാനീയങ്ങളിലും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ ശൈഖ് മുഹമ്മദ് അൽ അമീൻ അൽ ഹററി നിര്യാതനായി.
എത്യോപ്യയിലെ ഹറർ എന്ന പ്രദേശത്ത് 1926-ലായിരുന്നു ശൈഖ് മുഹമ്മദ് അമീൻ അൽ ഹററിയുടെ ജനനം. ആറാം വയസ്സിൽ തന്നെ ഖുർആൻ മനഃപാഠമാക്കി. പിന്നീട് പിതാവിൽ നിന്നും എത്യോപ്യയിലെ വിവിധ പണ്ഡിതൻമാരിൽനിന്നും ഹദീസ്, കർമ്മ ശാസ്ത്രം, ഉസൂൽ, അറബി ഭാഷാ വിജ്ഞാനീയങ്ങൾ മുതലായവ പഠിക്കുകയും നിരവധി പഠന യാത്രകൾ നടത്തുകയും ചെയ്തു. എത്യോപ്യയിൽനിന്ന് സൗദിയിലെത്തിയ മുഹമ്മദ് അൽ അമീൻ ഹററി മക്കയിലെ ദാറുൽ ഹദീസ് അൽ ഖൈരിയ്യയിൽ അദ്ധ്യാപകനായി നിയമിക്കപ്പെട്ടു, അക്കാലം തൊട്ട് തന്നെ മസ്ജിദുൽ ഹറാമിലും ക്ലാസുകൾ എടുത്തിരുന്നു. ഗ്രന്ഥ രചനക്ക് സമയം കണ്ടെത്താനായി ഈ ക്ലാസുകൾ പിന്നീട് നിർത്തി വെച്ചു.

നാല് പതിറ്റാണ്ടുകളോളം മക്കയിൽ മതപ്രവർത്തനത്തിനായി ജീവിതം മാറ്റിവെച്ചു. നിരവധി വൈജ്ഞാനിക ഗ്രന്ഥങ്ങളും ആയിരക്കണക്കിന് ശിഷ്യ ഗണങ്ങളെയും ബാക്കിവെച്ചാണ് മുഹമ്മദ് അൽ അമീൻ യാത്രയായത്. ജനാസ മക്കയിലെ ജന്നത്തുൽ മഹല്ലയിൽ മറവു ചെയ്തു. മയ്യിത്ത്് നമസ്‌കാരത്തിന് ഹറം ഇമാം ശൈഖ് ഫൈസൽ ഗസ്സാവിയും നിരവധി പണ്ഡിതരും ആയിരകണക്കിന് ശിഷ്യഗണങ്ങളും പങ്കെടുത്തു.
വിവരങ്ങൾക്ക് കടപ്പാട്: ഉസാമ മുഹമ്മദ്.






