ഉടന്‍ വിവാഹിതയാകുമെന്ന് കാജല്‍ അഗര്‍വാള്‍,  വരന്‍ സിനിമയില്‍ നിന്നല്ല

ചെന്നൈ-തെന്നിന്ത്യയിലെ മുന്‍നിര നായികയായ കാജല്‍ അഗര്‍വാള്‍ വിവാഹ ജീവിതത്തിനു തയാറെടുക്കുന്നു. തന്റെ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് കാജല്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ അതില്‍ കൂടുതല്‍ വിശദീകരണം നല്‍കിയിരിക്കുകയാണ് കാജല്‍. ഇതിന്റെ ഭാഗമായി സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളും മറ്റും താരം ഒഴിവാക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു, കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ റിലേഷന്‍ ഷിപ്പ് സ്റ്റാറ്റസിനെ കുറിച്ച് ചോദിച്ചപ്പോഴാണ് വിവാഹത്തെ കുറിച്ച് കാജല്‍ പറഞ്ഞത്. വിവാഹത്തിനായി തയാറെടുക്കുകയാണെന്നും ഉടന്‍ തന്നെ വിവാഹിതയാകുമെന്നും കാജല്‍ പറഞ്ഞു. വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച വിവാഹമായിരിക്കുമെന്നും സിനിമാ മേഖലയില്‍ നിന്നുള്ള വ്യക്തിയായിരിക്കില്ലെന്നും മാത്രമാണ് കാജല്‍ പറഞ്ഞത്. എന്നാല്‍ ഭാവി വരനെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ താരം വെളിപ്പെടുത്തിയിട്ടില്ല. സ്‌നേഹം, കരുതല്‍ എന്നിവയ്‌ക്കൊപ്പം ആത്മീയതയിലും താത്പര്യമുള്ള ആളായിരിക്കണം ഭര്‍ത്താവെന്ന് അടുത്തിടെ ഒരു പരിപാടിയില്‍ കാജല്‍ പറഞ്ഞിരുന്നു. ഒരു പ്രമുഖ ബിസിനസുകാരനുമായി താരം ഡേറ്റിങ്ങിലാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ പ്രണയത്തെ കുറിച്ച് നടി വെളിപ്പെടുത്തിയിട്ടില്ല. കമല്‍ഹാസന്‍ ചിത്രമായ ഇന്ത്യ 2 ലാണ് കാജല്‍ ഇപ്പോള്‍  അഭിനയിക്കുന്നത്.

Latest News