വാട്‌സാപ്പ് ചാരവൃത്തി നാണക്കേടെന്ന് സോണിയ; യുപിഎ കാലത്ത് ചാരപ്പണിക്ക് ഉത്തരവിട്ടതാരെന്ന് തിരിച്ചടിച്ച് ബിജെപി

ന്യൂദല്‍ഹി- രാഷ്ട്രീയ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, പൗരാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കെതിരായ ചാര പ്രവര്‍ത്തനം നിയമ വിരുദ്ധവും നാണക്കേടുമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ഇതിനായി ഉപയോഗിച്ച ഇസ്രായിലി ചാര സോഫ്റ്റ്‌വെയര്‍ വാങ്ങിയത് മോഡി സര്‍ക്കാരാണെന്നും സോണിയ ആരോപിച്ചു. ഇസ്രായിലി കമ്പനിയായ എന്‍എസ്ഒ നിര്‍മിച്ച പെഗാസസ് എന്ന ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഇന്ത്യയിലെ പ്രമുഖരുടെ ഫോണുകള്‍ ചോര്‍ത്തിയെന്ന് വാട്‌സാപ്പ് വെളിപ്പെടുത്തിയതിനു ശേഷം ആദ്യമായാണ് സോണിയ പ്രതികരിച്ചത്. ഈ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണെന്നും നിയമവിരുദ്ധമെന്നു മാത്രമല്ല, ഭരണഘടനാ വിരുദ്ധമാണെന്നും സോണിയ പറഞ്ഞു.

സോണിയയുടേയും കോണ്‍ഗ്രസിന്റെ പ്രതികരണത്തിനു പിന്നാലെ തിരിച്ചടിച്ച് ബിജെപിയും രംഗത്തെത്തി. യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര മന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജിക്കും മുന്‍ സൈനിക മേധാവി വി കെ സിങിനുമെതിരെ ചാര പ്രവര്‍ത്തനം നടത്താന്‍ ആരാണ് ഉത്തരവിട്ടതെന്ന് സോണിയ വെളിപ്പെടുത്തണമെന്ന് ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ പി നദ്ദ പറഞ്ഞു. കോണ്‍ഗ്രസിന്റെ ആരോപണം തെറ്റാണെന്നും തെറ്റിദ്ധാരണ പരത്താന്‍ ഉദ്ദേശിച്ചുള്ളതുമാണെന്നും നദ്ദ പ്രതികരിച്ചു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ നയം നേരത്തെ വ്യക്തമാക്കിയതാണ്. ഇനി യുപിഎ ഭരണകാലത്ത് ആരാണ് ചാരപ്രവര്‍ത്തനം നടത്തിയത് എന്ന കാര്യത്തില്‍ വ്യക്തത വരുത്തിയാല്‍ മതിയെന്നും നദ്ദ സോണിയയ്ക്കു മറുപടി നല്‍കി.
 

Latest News