റിയാദ് - യെമൻ ഗവൺമെന്റും ദക്ഷിണ യെമൻ ട്രാൻസിഷണൽ കൗൺസിലും (ദക്ഷിണ യെമൻ വിഘടനവാദികൾ) തമ്മിൽ അടുത്ത ചൊവ്വാഴ്ച റിയാദിൽ വെച്ച് സമാധാന കരാർ ഒപ്പുവെക്കും. സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നേതൃത്വത്തിൽ നടക്കുന്ന കരാർ ഒപ്പുവെക്കൽ ചടങ്ങിൽ യെമൻ പ്രസിഡന്റ് അബ്ദുറബ്ബ് മൻസൂർ ഹാദിയും അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാനും സന്നിഹിതരാകുമെന്ന് യെമനിലെ സൗദി അംബാസഡർ മുഹമ്മദ് ആലു ജാബിർ വെളിപ്പെടുത്തി.
യെമനിൽ സുരക്ഷാ ഭദ്രതയുടെയും സമാധാനത്തിന്റെയും വികസനത്തിന്റെയും പുതുയുഗപ്പിറവിക്ക് സമാധാന കരാർ നാന്ദി കുറിക്കും. സമാധാന കരാറിന് രൂപം നൽകുന്നതിനും അന്തിമ ധാരണയിലെത്തുന്നതിനും യെമൻ പ്രസിഡന്റും യെമൻ ഗവൺമെന്റ്, ദക്ഷിണ യെമൻ ട്രാൻസിഷണൽ കൗൺസിൽ സംഘങ്ങളും വഹിച്ച പങ്കിനെ സൗദി അറേബ്യ പ്രശംസിക്കുന്നു. രാജ്യത്തിന്റെയും ജനങ്ങളുടെയും താൽപര്യത്തിന് മുൻഗണന നൽകിയും രാജ്യത്ത് സുരക്ഷാ ഭദ്രതയും സമാധാനവുമുണ്ടാക്കുന്നതിന് ഒറ്റക്കെട്ടായി നിൽക്കുന്നതിനും രാഷ്ട്ര നിർമാണത്തിന്റെയും വികസനത്തിന്റെയും വാതായനം തുറന്നിടുന്നതിനും ലക്ഷ്യമിട്ടാണ് എല്ലാ കക്ഷികളും സമാധാന കരാർ കാര്യത്തിൽ അന്തിമ ധാരണയിലെത്തിയതെന്ന് മുഹമ്മദ് ആലു ജാബിർ പറഞ്ഞു.
ഇറാൻ പിന്തുണയുള്ള ഹൂത്തി മിലീഷ്യകളിൽ നിന്ന് രാഷ്ട്രത്തെ വീണ്ടെടുക്കുന്നതിനും അട്ടിമറി അവസാനിപ്പിക്കുന്നതിനും ഭരണകൂട നിയമ സാധുതയുടെ കുടക്കീഴിൽ മുഴുവൻ യെമനികളെയും ഒരുമിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ദക്ഷിണ യെമനിലെ വ്യത്യസ്ത കക്ഷി നേതാക്കളെയും രാഷ്ട്രീയ നേതാക്കളെയും കരാർ ഒപ്പുവെക്കൽ ചടങ്ങിലേക്ക് ക്ഷണിക്കുന്നതിന് സൗദി അറേബ്യ പ്രത്യേകം താൽപര്യം കാണിച്ചിട്ടുണ്ടെന്ന് യെമൻ ഇൻഫർമേഷൻ മന്ത്രി മുഅമ്മർ അൽഇർയാനി പറഞ്ഞു. സമാധാന കരാർ സാധ്യമാക്കുന്നതിനും യെമനികൾക്കിടയിൽ ഐക്യമുണ്ടാക്കുന്നതിനും രാജ്യത്ത് സുരക്ഷാ ഭദ്രതയും സമാധാനവുമുണ്ടാക്കുന്നതിനും യെമന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നതിനും സൗദി അറേബ്യ നടത്തുന്ന നിരന്തര ശ്രമങ്ങൾ ശ്ലാഘനീയമാണെന്നും ഇൻഫർമേഷൻ മന്ത്രി പറഞ്ഞു.






