Sorry, you need to enable JavaScript to visit this website.

അന്തരാഷ്ട്ര ചലച്ചിത്രോത്സവം: സ്‌പെഷ്യല്‍ ഐക്കണ്‍ പുരസ്‌കാരം രജനീകാന്തിന്

പനാജി- ഈ വര്‍ഷത്തെ അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ സ്‌പെഷ്യല്‍ ഐക്കണ്‍ പുരസ്‌കാരം രജനീകാന്തിന്. സിനിമയ്ക്ക് നല്‍കിയ വിലയേറിയ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. വാര്‍ത്തവിനിമയ വിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്ക്കര്‍ ആണ് പുരസ്‌ക്കാരം പ്രഖ്യാപിച്ചത്. മേളയില്‍ അമ്പത് സ്ത്രീ സംവിധായകരുടെ അമ്പത് സിനിമകള്‍ പ്രദര്‍ശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍ ഇരുപത് മുതല്‍ ഇരുപത്തിയെട്ടുവരെയാണ് ഫിലിം ഫെസ്റ്റിവല്‍ അരങ്ങേറുന്നത്. ലോകമെമ്പാടുമുള്ള സിനിമ പ്രേമികള്‍ക്ക് കാഴ്ചയൊരുക്കുന്ന ഫെസ്റ്റിവലില്‍ 200 ല്‍ അധികം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. മേളയുടെ അമ്പതാം പതിപ്പാണ് ഈ വര്‍ഷം അരങ്ങേറുന്നത്. മലയാളത്തില്‍ നിന്ന് മൂന്ന് ചിത്രങ്ങള്‍ മേളയില്‍ മത്സരിക്കുന്നുണ്ട്. മനു അശോകന്‍ സംവിധാനം ചെയ്ത ഉയരെ, ടി.കെ രാജീവ് കുമാറിന്റെ കോളാമ്പി, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട് എന്നിവയാണ് തെരഞ്ഞെടുത്ത സിനിമകള്‍.ഇന്ത്യന്‍ പനോരമ വിഭാഗത്തിലാണ് മലയാള സിനിമകള്‍ മത്സരിക്കുക.ദേശീയ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള സംവിധായകന്‍ ടി.കെ.രാജീവ് കുമാര്‍ ആറുവര്‍ഷങ്ങള്‍ക്ക് ശേഷം ഒരുക്കുന്ന ചിത്രമാണ് 'കോളാമ്പി'. നിത്യ മേനോന്‍ ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രഞ്ജി പണിക്കര്‍, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.മനു അശോകന്റെ ആദ്യ സംവിധാന സംരംഭമാണ് പാര്‍വതി നായികയായ ഉയരെ. ടോവിനോ തോമസ്, ആസിഫ് അലി, സിദ്ദീഖ് തുടങ്ങിയവരായിരുന്നു അഭിനേതാക്കള്‍. നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ഇതിനോടകം നേടിയ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട് രണ്ട് ദിവസം മുന്‍പാണ് തിയേറ്ററിലെത്തിയത്. ചെമ്പന്‍ വിനോദ്, ആന്റണി വര്‍ഗീസ്, സാബു എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍.

Latest News