Sorry, you need to enable JavaScript to visit this website.

ഇന്ത്യയും പിങ്കണിയുന്നു

ഡേ-നൈറ്റ് ടെസ്റ്റ് മത്സരം
പിങ്ക് പന്തുമായി മുഹമ്മദ് ഷമിയും വി.വി.എസ് ലക്ഷ്മണും. 

ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ഈ മാസം ഡേ-നൈറ്റ് മത്സരം അരങ്ങേറുകയാണ്. ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നവംബർ 22 മുതൽ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ. ആദ്യമായാണ് ഇരു ടീമുകളും പിങ്ക് പന്ത് കൊണ്ട് കളിക്കുന്നത്. ബാറ്റ്‌സ്മാന്മാർക്ക് കാണാനുള്ള സൗകര്യത്തിനായി പിങ്ക് പന്ത് കൊണ്ടാണ് ഡേ-നൈറ്റ് ടെസ്റ്റ് കളിക്കുക. എന്താണ് പിങ്ക് പന്തിന്റെ പ്രശ്‌നങ്ങൾ. 

മഞ്ഞ് വീഴ്ച എങ്ങനെ 
ബാധിക്കും?

പന്ത്രണ്ടാമത്തെ ഡേ-നൈറ്റ് ടെസ്റ്റാണ് കൊൽക്കത്തയിലേത്. എന്നാൽ തണുപ്പ് കാലത്ത് നടക്കുന്ന ആദ്യ ഡേ-നൈറ്റ് മത്സരം കൂടിയാണ് ഇത്. ഇതുവരെ നടന്ന പതിനൊന്നിൽ ഒമ്പതും ചൂട് കാലത്തായിരുന്നു. അവശേഷിച്ച രണ്ടെണ്ണം തണുപ്പ് കാലത്ത് മഞ്ഞുവീഴ്ചയില്ലാത്ത ദുബായിലും. തണുപ്പ് കാലമാവുമ്പോൾ മഞ്ഞുവീഴ്ചയുണ്ടാവും. പന്ത് നനഞ്ഞ് ഭാരം കൂടും. കൈയിൽ നിന്ന് വഴുതും. ബൗളിംഗ് പ്രയാസമാവും. 
ഏകദിനത്തിൽ അതാണ് സ്ഥിതിയെങ്കിൽ ടെസ്റ്റിൽ ആലോചിക്കാവുന്നതേയുള്ളൂ. ഇന്ത്യയിൽ ഇതുവരെ 12 ഡേ-നൈറ്റ് ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ അരങ്ങേറി. എല്ലാം സെപ്റ്റംബറിന് മുമ്പായിരുന്നു. എന്നിട്ടും മഞ്ഞുവീഴ്ച പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. കൊൽക്കത്തയിൽ എന്താവും സംഭവിക്കുക? സ്േ്രപ അടിച്ച് മഞ്ഞ് അകറ്റുമെന്നാണ് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറയുന്നത്. 

 

സായംസന്ധ്യയും പിങ്കും
പിങ്ക് പന്ത് കൊണ്ട് പകലോ രാത്രി ഫഌഡ്‌ലൈറ്റിനു കീഴിലോ കളിക്കുന്നതിൽ പ്രശ്‌നമില്ല. എന്നാൽ സായംസന്ധ്യയിൽ പന്ത് കാണുക വളരെ പ്രയാസമായിരിക്കും. വായുവിൽ പന്ത് ഓറഞ്ച് നിറത്തിലായിരിക്കും കാണുക. 
പിങ്ക് പന്ത് ഒട്ടും സ്പിൻ ചെയ്യില്ല. സ്പിന്നർമാർ ചിത്രത്തിലേയുണ്ടാവില്ല. അതേസമയം 2016 ലെ ക്ലബ് മത്സരത്തിൽ പെയ്‌സ്ബൗളർ മുഹമ്മദ് ഷമിയെ തൊടാൻ പോലും ബാറ്റ്‌സ്മാന്മാർക്ക് സാധിച്ചില്ല.
ഏതു സമയത്ത് തുടങ്ങും?
മഞ്ഞുവീഴ്ച വലുതായി കളിയെ സ്വാധീനിക്കില്ലെന്ന് ഉറപ്പുവരുത്താനുള്ള ഒരു മാർഗം നേരത്തെ കളി തുടങ്ങുകയാണ്. എങ്കിൽ മൂന്നാമത്തെ സെഷൻ മാത്രം രാത്രി കളിച്ചാൽ മതി. ആദ്യ രണ്ട് സെഷൻ പകൽ കളിക്കാം. എന്നാൽ രാത്രി ടെസ്റ്റിന്റെ ഉദ്ദേശ്യം അതല്ല. ഓഫീസ് ജോലി കഴിഞ്ഞ് ആളുകൾക്ക് കളി കാണാൻ വരാനുള്ള സൗകര്യമാണ്. 

കളിച്ചു പരിചയമില്ല
ഇന്ത്യക്കും ബംഗ്ലാദേശിനും പിങ്ക് പന്തിൽ കളിച്ച് വലിയ പരിചയമില്ല. ഇന്ത്യൻ കളിക്കാരിൽ ചേതേശ്വർ പൂജാര, മായാങ്ക് അഗർവാൾ, റിഷഭ് പന്ത്, കുൽദീപ് യാദവ് എന്നിവരാണ് പിങ്ക് പന്ത് കൊണ്ട് ഫസ്റ്റ് ക്ലാസ് മത്സരം കളിച്ചത്. 
പൂജാര ഇരട്ട സെഞ്ചുറി നേടി. മുഹമ്മദ് ഷമിയും വൃദ്ധിമാൻ സാഹയും ക്ലബ് മത്സരം കളിച്ചിട്ടുണ്ട്. ബംഗ്ലാദേശിൽ ഒരു ഡേ-നൈറ്റ് ഫസ്റ്റ് ക്ലാസ് മത്സരം മാത്രമാണ് ഇതുവരെ അരങ്ങേറിയത്, 2013 ൽ. അതിൽ പ്രമുഖ താരങ്ങളൊന്നും കളിച്ചിരുന്നില്ല.

ഇന്ത്യയുടെ ഡേ-നൈറ്റ് നയം
കഴിഞ്ഞ വർഷം അഡ്‌ലയ്ഡിൽ ഡേ-നൈറ്റ് ടെസ്റ്റ് കളിക്കാൻ ഓസ്‌ട്രേലിയ താൽപര്യം പ്രകടിപ്പിച്ചിരുന്നു. അന്ന് പരിചയമില്ലെന്നു പറഞ്ഞാണ് ഇന്ത്യ നിരസിച്ചത്. ഇനി അതു പറയാനാവില്ല. 
2020 ൽ ഇന്ത്യൻ ടീം ഓസ്‌ട്രേലിയൻ പര്യടനത്തിനെത്തുമ്പോൾ ആവശ്യം വീണ്ടും വരും. ബംഗ്ലാദേശിനെതിരായ മത്സരത്തിലെ ഫലമാവും ഇന്ത്യയെ നയത്തെ സ്വാധീനിക്കുക. 

കാണികൾ എത്തുമോ?
പുതിയ വേദികളിൽ ടെസ്റ്റ് നടത്തുന്നതിനാലാണ് കാണികൾ കുറയുന്നതെന്നാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ഈയിടെ പറഞ്ഞത്. നഗരത്തിൽ നിന്ന് അകലെയുള്ള സ്റ്റേഡിയങ്ങളിൽ കളി സംഘടിപ്പിക്കുന്നതും കാരണമായി ഉന്നയിക്കപ്പെട്ടു. 
ഇതേ സ്റ്റേഡിയങ്ങളിൽ ഐ.പി.എൽ കാണാൻ ജനം ഇരച്ചെത്തുന്നുവല്ലോയെന്നാണ് സൗരവ് ഗാംഗുലി തിരിച്ചുചോദിച്ചത്. ഡേ-നൈറ്റാണ് കാണികളെ കൂട്ടാനുള്ള പോംവഴിയെന്ന് ഗാംഗുലി വിശ്വസിക്കുന്നു. 
ഈഡൻ നഗര മധ്യത്തിലാണ്, പരമ്പരാഗത ടെസ്റ്റ് കേന്ദ്രമാണ്. ഇവിടെ ഡേ-നൈറ്റ് ടെസ്റ്റിന് കാണികൾ കുറഞ്ഞാൽ വേറെ കാരണം ചൂണ്ടിക്കാട്ടാനുണ്ടാവില്ല. 

Latest News