നല്ല റോഡുകള്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നു; വിചിത്ര വാദവുമായി അസമിലെ ബിജെപി എംപി

ഗുവാഹത്തി- മോശം റോഡുകളെ കുറിച്ചുള്ള ചോദ്യത്തിന് അസമിലെ ബിജെപി എംപി പല്ലബ് ലോചന്‍ ദാസ് നല്‍കിയ മറുപടി കേട്ട് അന്തംവിട്ടിരിക്കുകയാണ് തേസ്പൂരിലെ നാട്ടുകാര്‍. വ്യാഴാഴ്ച ഒരു പൊതു പരിപാടിക്കിടെയാണ് റോഡുകള്‍ നന്നാക്കത്തതിനെ കുറിച്ച് എംപിയോട് ചോദ്യം ഉന്നയിക്കപ്പെട്ടത്. മറുപടി വിചിത്രമായിരുന്നു. നല്ല റോഡുകള്‍ ഉണ്ടാക്കുന്നതില്‍ ഒരു കാര്യവുമില്ലെന്നും മോശം റോഡുകളാണ് അപകടം കുറക്കാന്‍ സഹായിക്കുന്നത് എന്നാണ് പ്രാദേശിക മാധ്യമ വാര്‍ത്തകള്‍ പറയുന്നതെന്നുമായിരുന്നു എംപിയുടെ മറുപടി. അവിടെ നിര്‍ത്തിയില്ല. അദ്ദേഹം ഇതിനു പിന്നിലെ തിയറിയും വിശദീകരിച്ചു. മോശം റോഡുകളായാല്‍ യുവാക്കള്‍ വേഗത കുറച്ചാണ് വാഹനമോടിക്കുക. ഇത് അപകടങ്ങളെ തടയും. സംസ്ഥാനത്ത് നിരവധി റോഡപകടങ്ങള്‍ ഇങ്ങനെ കുറഞ്ഞിട്ടുണ്ടെന്നും പല്ലബ് ലോചന്‍ തള്ളിവിട്ടതായി മാധ്യമങ്ങള്‍ റിപോര്‍ട്ട്് ചെയ്യുന്നു. തന്റെ പാര്‍ട്ടിയായ ബിജെപിയുടെ സര്‍ക്കാര്‍ സംസ്ഥാനത്ത് ചെയ്ത നല്ല കാര്യം മോശമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സര്‍ക്കാര്‍ നല്ല റോഡുകള്‍ പണിതത് അപകടങ്ങള്‍ കൂട്ടാനെ സഹായിച്ചിട്ടുള്ളൂവെന്നായിരുന്നു എംപി പറഞ്ഞത്.
 

Latest News