Sorry, you need to enable JavaScript to visit this website.

അവരവർക്ക് വേണ്ടിയും അൽപമെങ്കിലും ജീവിക്കുക... 

വിരഹ വേദനയാൽ വിങ്ങിപ്പൊട്ടുന്ന സമയത്ത് പ്രിയപ്പെട്ടവനെ കാണാനും കൂടെ കഴിയാനുമുള്ള മോഹത്തിന്റെ ബാക്കിപത്രമാണ് പ്രവാസം. ജന്മനാടിന്റെയും പെറ്റുമ്മയുടെയും കൂടെപ്പിറപ്പുകളുടെയും വേർപാടിലുള്ള നൊമ്പരങ്ങളാൽ ഉരുകി തീരുകയാണ് പ്രവാസമെന്ന് ബോധ്യമായപ്പോൾ ഒരു വിളക്ക് കൊളുത്തി പ്രകാശം കിട്ടുമോയെന്ന് നോക്കാനിരിക്കുകയായിരുന്നു. കൂടെയുള്ളവർ കലാലയങ്ങളിൽ കളിച്ചും ചിരിച്ചും പഠിച്ചും ആടിയും പാടിയും നടന്നപ്പോൾ,കറിക്കത്തിയോടും എച്ചിൽ പാത്രങ്ങളോടും ഇഷ്ടമില്ലാതെ കൂട്ടുകൂടി തള്ളിനീക്കിയ പ്രവാസം. ഉമ്മയുടെയും ഉപ്പയുടെയും ശബ്ദം കേൾക്കാൻ ദൂരെയുള്ള ബൂത്തിൽ വരിനിന്ന് ഓരോ വാക്കിനും വിലയിട്ട് വിളിക്കുമ്പോൾ കൂടുതൽ നാണയങ്ങൾ വിലപറഞ്ഞത് കണ്ണുനീരിനായിരുന്നു. മാതാപിതാക്കളുടെ നിർവചിക്കാനാവാത്ത സ്‌നേഹത്തിന്റെയും രക്ത ബന്ധത്തിന്റെയും വിലയറിഞ്ഞു. ആ ചാരത്തെത്താൻ കൊതിച്ചു മിഴികൾ നിറഞ്ഞൊലിച്ചതും പ്രവാസത്തിൽ. 
ഉദരത്തിൽ ജീവന്റെ തുടിപ്പ് ഉണ്ടെന്നറിഞ്ഞപ്പോൾ ഡോക്ടറുടെ അടുത്ത് പോവേണ്ട വീട്ടിൽ പോയാൽ മതിയെന്ന് പറഞ്ഞു ശാഠ്യം പിടിച്ചും ഉമ്മ ഉണ്ടാക്കിയ ഭക്ഷണം മതിയെന്ന് കൊച്ചു കുട്ടികളെപ്പോലെ വാശിപിടിച്ചു നിരാഹാരം നടത്തി പ്രിയപ്പെട്ടവനെ വട്ടം കറക്കിയതും മറ്റെവിടെയുമായിരുന്നില്ല. ജീവിതത്തിൽ പ്രതിസന്ധി എന്തെന്ന് അറിയാതെ വളർന്നതിനാൽ ചെറിയ നോവുപോലും വലിയ നൊമ്പരം ആവാറുണ്ടായിരുന്നു. പ്രവാസം പ്രതിസന്ധികൾ നേരിടാനും അതിൽ പെട്ട് ഉഴയുന്നവരെ കൈപിടിക്കാനും പഠിപ്പിച്ചു.
പ്രവാസത്തിലേക്ക് വീണ്ടും പടിയിറങ്ങുമ്പോൾ മരവിച്ച മനസ്സുമായി എല്ലാവരുടെയും മുഖം ഒരുവട്ടം കൂടി നോക്കും-കൊതി തീരാതെ. ജീവച്ഛവം പോലുള്ള കുറെ മനസ്സുമായി യന്ത്രപ്പക്ഷി കുതിക്കുമ്പോൾ പലപ്രാവശ്യം ചിന്തിച്ചു. ഇത് എന്തിനെന്ന്. ആഘോഷവേളകൾ നാട്ടിൽ നടക്കുമ്പോൾ പല അവസരത്തിലും സ്വയം നിയന്ത്രിക്കാൻ പറ്റാതെ വന്നിട്ടുണ്ട്. പിന്നീട് പ്രവാസവുമായി പൊരുത്തപ്പെട്ട് ജീവിതം മുന്നോട്ട് പോയപ്പോൾ നാടും നാട്ടുകാരും നാട്ടറിവും അകന്നതായി. ഏതു ആവശ്യത്തിലും പ്രശ്‌നത്തിലും കൂടെപ്പിറപ്പുകളെപോലെ ചേർത്ത് നിർത്താൻ പ്രവാസികളുടെ മനസിനുള്ള വലുപ്പം വേറെയെവിടെ ലഭിക്കും. 
പ്രവാസലോകം ജീവനാഡി പോലെയായി മാറിയ സ്ഥിതിക്ക് തിരിഞ്ഞു നോക്കുമ്പോൾ നേട്ടമല്ലാതെ നഷ്ടം തോന്നുന്നില്ല. ഓരോ മേഖലയിലും നേട്ടം മാത്രം. ഒരുപക്ഷെ, ഇണയുമായി ചേക്കേറിയ നാട്ടിലെ കുറച്ചു ആളുകളുമായി മാത്രം ആയുഷ്‌കാലം സഹവസിക്കേണ്ടിയിരുന്ന സ്ഥാനത്ത് വ്യത്യസ്ത രാജ്യക്കാരുമായി സഹവസിക്കാൻ കഴിഞ്ഞു എന്ന് മാത്രമല്ല കന്യാകുമാരി മുതൽ കാസർകോട് വരെയുള്ളവർ അയൽപക്കക്കാരായും വേർപിരിയാൻ പറ്റാത്ത സുഹൃത്തുക്കളായി എന്നതും വലിയ അനുഭവം തന്നെ.
സ്‌കൂൾ ബസ് വരുന്ന സമയത്തു വലതുവശം നോക്കി ഹിന്ദിയും ഇടതുവശം നോക്കി ഇംഗ്ലീഷും അപ്പുറം തമിഴും ഇപ്പുറം ആംഗ്യഭാഷയുമായി വീട്ടമ്മമാർ പരസ്പരം സൗഹൃദം പങ്കിട്ടതും പ്രവാസികൾ മാത്രം. പഠനകാലത്ത് പ്രശ്‌നക്കാരായിരുന്ന ഹ,ഹും ,ക ,കോ ,കി മുതലായവയും ആംഗലേയത്തിലെ വ്യാകരണവും ഇല്ലാതെ തന്നെ അത്യാവശ്യം കാര്യങ്ങൾ നേടാമെന്നതും മനസ്സിലാക്കി തന്നതും മറ്റൊന്നുമല്ല. മലയാളികൾക്കിടയിലെ തന്നെ വ്യത്യസ്ത ഭാഷകളും ജീവിത ശൈലിയും ഒട്ടേറെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അത് കൊണ്ട് തന്നെ അബദ്ധത്തിൽ ചാടാതെ കേരളം മൊത്തം സഞ്ചരിക്കാനുള്ള ആത്മവിശ്വാസവും ലഭിക്കുന്നു. അമളികളുടെ ഘോഷയാത്ര ഇവിടുന്ന് തന്നെ കഴിഞ്ഞതായിരുന്നു. 
പച്ചപ്പും നെൽപ്പാടങ്ങളും കൂട്ടുകുടുംബങ്ങളെയും സ്വപ്‌നം കണ്ടു ജോലി രാജിവെച്ചു പോയിട്ട് ഒറ്റപ്പെടൽ മാത്രം അനുഭവിച്ച് പ്രായവും ആരോഗ്യവും വകവെയ്ക്കാതെ തിരിച്ചുപോന്ന ജന്മങ്ങളും ഇവിടെയുണ്ട്. പ്രവാസത്തിലെ സ്‌നേഹത്തിന്റെ ഉറവിടം തേടി വീണ്ടും വന്നവർ. ഒരു പതിറ്റാണ്ടിലേറെ പള്ളിക്കൂടത്തിൽ പോയിട്ടും പഠിക്കാത്തത്രയും ജീവിത പാഠങ്ങളും വിജ്ഞാനങ്ങളും പ്രവാസത്തിൽ നിന്നും നേടാൻ കഴിഞ്ഞു.
മറ്റുള്ളവർക്ക് വേണ്ടി മാത്രം ജീവിക്കുന്ന പ്രവാസികൾ കുറച്ചു സമയം എല്ലാം മറന്നു അവരവർക്ക് വേണ്ടിയും ജീവിക്കുക. ആരോഗ്യകരമായ ആസ്വാദനങ്ങൾ പോലും മാറ്റിവെച്ച് കുട്ടികളെ പോറ്റിയും സ്വന്തക്കാർക്ക് വേണ്ടി ഉരുകിത്തീരുകയും ചെയ്യുന്നവർ വേദനിപ്പിക്കുന്ന കാഴ്ചകളാണ്. അവരവർക്ക് വേണ്ടിയും അൽപമെങ്കിലും ജീവിക്കുക.

Latest News