ന്യൂദല്‍ഹി- കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന് ജയ് ഷായുടെ കമ്പനിയുടെ ആസ്തിയില്‍ വന്‍ വളര്‍ച്ചയെന്ന് സര്‍ക്കാര്‍ രേഖകള്‍. ജയ് ഷാ പങ്കാളിയായ കുസും ഫിന്‍സെര്‍വ് എല്‍എല്‍പി എന്ന ധനകാര്യ സ്ഥാപനം സര്‍ക്കാരിനു സമര്‍പിച്ച രേഖകളിലാണ് പുതിയ കണക്കുകളെന്ന് കാരവന് മാഗസിന് റിപോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിനു ശേഷം 2015 മുതല്‍ 2019 വരെ കമ്പനി വലി നേട്ടമാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ കമ്പനി സമര്‍പിച്ച രേഖകള്‍ വ്യക്തമാക്കുന്നു. നാളുകളായി പുറത്തു വരാത്ത കണക്കുകള്‍ ഈയിടെയാണ് മന്ത്രാലയം വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യപ്പെട്ടത്.
2015നും 2019നുമിടയില്‍ കുസും ഫിന്‍സെര്‍വിന്റെ മൊത്തം മൂല്യത്തില്‍ 24.61 കോടി വര്‍ധിച്ചു. സ്ഥിര ആസ്തിയില്‍ 22.73 കോടി രൂപയുടെ വര്‍ധനവുണ്ടായി. കറന്റ് ആസ്തി 33.05 കോടി രൂപയും വര്‍ധിച്ചിട്ടുണ്ട്. കമ്പനിയുടെ മൊത്തം വരുമാനത്തില്‍ 116.37 കോടിയുടെ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജയ് ഷായുടെ നല്ലകാലമാണിത്. കമ്പനി വന്‍ ലാഭം കൊയ്തതിനു പുറമെ ഈയിടെ ലോകത്തെ ഏറ്റവും സമ്പന്ന ക്രിക്കറ്റ് ബോര്‍ഡായ ബിസിസിഐയുടെ സെക്രട്ടറിയായും ജയ് ഷാ നിയമിതനായി.
ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ് നിയമ പ്രകാരം എല്‍എല്‍പി കമ്പനികള്‍ എല്ലാ വര്‍ഷവും ഒക്ടോബര്‍ 30നകം അക്കൗണ്ട് സ്റ്റേറ്റ്മെന്റ് നല്‍കണമെന്നാണ് ചട്ടം. വീഴ്ച വരുത്തിയാല്‍ അഞ്ചു ലക്ഷം രൂപവരെയാണ് പിഴ. എന്നാല്‍ ജയ് ഷായുടെ കമ്പനി 2017, 2018 വര്‍ഷങ്ങളിലെ കണക്കുകള്‍ ഇതുവരെ സമര്‍പ്പിച്ചിരുന്നില്ല. കണക്കു നല്‍കാത്ത കമ്പനികള്‍ക്കെതിരെ ബിജെപി സര്‍ക്കാര്‍ കടുത്ത നടപടികള്‍ സ്വീകരിച്ചപ്പോള്‍ ജയ് ഷായുടെ കമ്പനിയെ കണ്ടില്ലെന്നും നടിച്ചതും വാര്‍ത്തയായിരുന്നു.
മോശം അവസ്ഥയിലായിരുന്ന കമ്പനി 2016നു ശേഷം നാടകീയ വളര്‍ച്ച കൈവരിക്കുകയും കോടികളുടെ ലാഭം കൊയ്തതായും കഴിഞ്ഞ വര്‍ഷം കാരവന് റിപോര്‍ട്ട് ചെയ്തത് വന്‍ കോളിളക്കമുണ്ടാക്കിയിരുന്നു.






