Sorry, you need to enable JavaScript to visit this website.

ഇടതുകാല്‍ നഷ്ടമായ ദുഃഖഭാരത്തോടെ പങ്കജാക്ഷന്‍ നാട്ടിലേക്ക് മടങ്ങി

പങ്കജാക്ഷന്‍ ആശുപത്രിക്കിടക്കിയില്‍

ദമാം-ഹൃദയാഘാതത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്കു വിധേയനായ മലയാളി ഇടതുകാല്‍ നഷ്ടമായ ദുഃഖഭാരത്തോടെ നാട്ടിലേക്ക് മടങ്ങി. കൊല്ലം ചവറ പുത്തന്‍ചന്ത സ്വദേശി പങ്കജാക്ഷന്‍ (50) ആണ് ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ നാട്ടിലേക്ക് തിരിച്ചത്. സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്താല്‍ ഒരു നഴ്‌സിന്റെ അകമ്പടിയോടെ സ്‌ട്രെച്ചറിലാണ് പങ്കജാക്ഷന്‍ മടങ്ങിയത്.

മൂന്ന് മാസം മുമ്പാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ അക്‌റബിയ്യ കിംഗ് ഫഹദ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളില്‍ നാലോളം ബ്ലോക്കുകളുള്ളതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശം മാനിച്ച് ശസ്ത്രക്രിയ നടത്തി.
ഇതിന് ശേഷം രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ധിച്ചു. രക്തസമ്മര്‍ദവും കൂടിവന്നതോടെ ഇരു കാലുകളുടെയും ചലന ശേഷി നന്നെ കുറയുകയായിരുന്നു. വൈകാതെ പങ്കജാക്ഷന്റെ ഇടതു കാല്‍ മുട്ട് മുതല്‍ മുറിച്ചുമാറ്റേണ്ടിവന്നു. വലതു കാലിന്റെ ചലനശേഷിയും ഏതാണ്ട് പൂര്‍ണമായും നഷ്ടമായ അവസ്ഥയിലാണ്.
മൂന്നു മാസമായി കിംഗ് ഫഹദ് ആശുപത്രിയില്‍ കഴിയുന്ന പങ്കജാക്ഷന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയില്ലെന്ന് കണ്ട് ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ ചെയര്‍മാന്‍ റിയാസ് വിഷയം സാമൂഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാടിന്റെ ശ്രദ്ധയില്‍ പെടുത്തി. ഡോക്ടര്‍മാരുമായും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട ശിഹാബ് കൊട്ടുകാട് പങ്കജാക്ഷന്റെ ദുരവസ്ഥ ഇന്ത്യന്‍ എംബസിയെ ബോധ്യപ്പെടുത്തി. യാത്ര ചെലവുകള്‍ വഹിക്കാന്‍ എംബസി സന്നദ്ധമായതാണ് പങ്കജാക്ഷനെ നാട്ടിലെത്തിക്കുന്നതില്‍ നിര്‍ണായകമായത്.
സാമൂഹ്യ പ്രവര്‍ത്തകരായ നൗഷാദ് തഴവയും പോള്‍ വര്‍ഗീസും ഇടപെട്ട് ദമാം ബദര്‍ അല്‍റാബി ആശുപത്രിയിലെ നഴ്‌സ് ആനി പോളിനെ ഇദ്ദേഹത്തെ അനുഗമിക്കാന്‍ ഏര്‍പ്പെടുത്തി. യാത്രാ രേഖകള്‍ ശരിയാക്കുന്നതിനായി സാമൂഹ്യ പ്രവര്‍ത്തകന്‍ അബ്രാഹം മാത്യുവും തയാറായി.
18 വര്‍ഷമായി അല്‍കോബാറില്‍ ഒരു സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്ന ഇദ്ദേഹം ഈ അടുത്ത കാലത്ത് ഭാര്യ സുമ ജോലി ചെയ്യുന്ന ബ്യൂട്ടി പാര്‍ലറില്‍ ഡ്രൈവര്‍ ആയി ജോലിയില്‍ പ്രവേശിച്ചിരുന്നു.
തുഛമായ ശമ്പളം കൊണ്ട് ജീവിച്ചു പോന്ന ഇദ്ദേഹം ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പെടാപാട് പെടുന്നതിനിടയിലാണ് മൂന്ന് വര്‍ഷം മുമ്പ് ഭാര്യയെ ബ്യൂട്ടീഷനായി കൊണ്ടുവന്നത്. ഒരേ ഒരു മകള്‍ ഭാര്യാ സഹോദരിയുടെ വീട്ടില്‍ നിന്നുകൊണ്ടാണ് പഠനം തുടര്‍ന്നിരുന്നത്. ഇതിനിടെ, ഒരു വീട് വാങ്ങിച്ചെങ്കിലും പത്തു ലക്ഷം രൂപയുടെ ലോണ്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. ഇടതു കാല്‍ മുറിച്ചു മാറ്റിയ പങ്കജാക്ഷന്റെ തുടര്‍ചികിത്സയും മകളുടെ പഠനവും വീടിന്മേലുള്ള ബാധ്യതയും ഏതു രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് ഭാര്യ സുമ. ഭര്‍ത്താവിനെ പരിചരിക്കുന്നതിനായി ഇവര്‍ റീ എന്‍ട്രി വിസയില്‍ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

 

 

 

 

Latest News