Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ  ശക്തമാക്കുമെന്ന് സൗദിയും ഇന്ത്യയും

മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും നരേന്ദ്ര മോഡിയും ചർച്ച നടത്തുന്നു.

റിയാദ് - സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തമാക്കുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദർശനാവസാനത്തിൽ ഇരു രാജ്യങ്ങളും പുറത്തിറക്കിയ സംയുക്ത പ്രസ്താവന പറഞ്ഞു. 2010 മാർച്ചിൽ റിയാദ് പ്രഖ്യാപനത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങൾക്കുമിടയിൽ നിലവിൽ വന്ന തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തമാക്കുമെന്ന് 2014 ൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നടത്തിയ ഇന്ത്യ സന്ദർശനത്തിനും 2016 ഏപ്രിലിൽ ഇന്ത്യൻ പ്രധാനമന്ത്രി നടത്തിയ സൗദി സന്ദർശനത്തിനും ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നടത്തിയ ഇന്ത്യ സന്ദർശനത്തിനുമിടെ ഇന്ത്യയും സൗദി അറേബ്യയും ആവർത്തിച്ചിരുന്നു. ഇരു രാജ്യങ്ങൾക്കുമിടയിൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ സ്ഥാപന കരാർ ഒപ്പുവെച്ചതിലും ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തിടെ സൗദിയിലെയും ഇന്ത്യയിലെയും സർക്കാർ വകുപ്പുകളും സ്വകാര്യ സ്ഥാപനങ്ങളും തമ്മിൽ കരാറുകളും ധാരണ പത്രങ്ങളും ഒപ്പുവെച്ചതിലും സംയുക്ത പ്രസ്താവന സംതൃപ്തി പ്രകടിപ്പിച്ചു. 
രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷ, പ്രതിരോധ, തൊഴിൽ മേഖലകളിലും ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ആശയ വിനിമയങ്ങളിലും സൗദി അറേബ്യയും ഇന്ത്യയും സംതൃപ്തി പ്രകടിപ്പിച്ചു. 
രണ്ടു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ആശയ വിനിമയം ഉഭയകക്ഷി ബന്ധം കൂടുതൽ കരുത്തുറ്റതാക്കി മാറ്റി. പൊതുതാൽപര്യമുള്ള മേഖല, അന്തർദേശീയ പ്രശ്‌നങ്ങളിൽ രണ്ടു രാജ്യങ്ങൾക്കുമിടയിലുള്ള കൂടിയാലോചന, ഏകോപന നിലവാരവും തൃപ്തികരമാണ്. 2016 ഏപ്രിലിൽ ഇന്ത്യൻ പ്രധാനമന്ത്രി നടത്തിയ സൗദി സന്ദർശനത്തിനും കഴിഞ്ഞ ഫെബ്രുവരിയിൽ സൗദി കിരീടാവകാശി നടത്തിയ ഇന്ത്യാ സന്ദർശനത്തിനും പിന്നാലെ ഉഭയകക്ഷി സഹകരണത്തിലുണ്ടായ പുരോഗതി പ്രശംസനീയമാണ്. രണ്ടു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തവും നിരവധി മേഖലകളിൽ സഹകരണവും കൂടുതൽ ശക്തമാക്കുന്നതിന് ഈ സന്ദർശനങ്ങൾ സഹായകമായി.  
രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ എല്ലാ തരത്തിലുള്ള ഇടപെടലുകളെയും തീർത്തും നിരാകരിക്കുന്നതായി നേതാക്കൾ വ്യക്തമാക്കി. രാജ്യങ്ങളുടെ പരമാധികാരത്തിനെതിരായ ആക്രമണങ്ങൾ ചെറുക്കുന്ന കാര്യത്തിൽ ആഗോള സമൂഹം ഉത്തരവാദിത്തം വഹിക്കേണ്ടത് അനിവാര്യമാണ്. സിറിയൻ സംഘർഷത്തിന് യു.എൻ രക്ഷാ സമിതി 2254 ാം നമ്പർ പ്രമേയത്തിന് അനുസൃതമായി പരിഹാരം കാണണം. യെമന്റെ അഖണ്ഡത സംരക്ഷിക്കുകയും യെമനിൽ സുരക്ഷ ഭദ്രതയുണ്ടാക്കുകയും വേണം. ഗൾഫ് സമാധാന പദ്ധതിയുടെയും യെമൻ ദേശീയ സംവാദത്തിൽ ഉരുത്തിരിഞ്ഞ തീരുമാനങ്ങളുടെയും യു.എൻ രക്ഷാസമിതി 2216 ാം നമ്പർ പ്രമേയത്തിന്റെയും അടിസ്ഥാനത്തിൽ യെമൻ സംഘർഷത്തിന് രാഷ്ട്രീയ പരിഹാരം കാണേണ്ടത് പ്രധാനമാണ്. 
ഫലസ്തീൻ ജനതയുടെ നിയമാനുസൃത അവകാശങ്ങൾ ഉറപ്പുവരുത്തുകയും 1967 ലെ അതിർത്തിയിൽ കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം നിലവിൽ വരികയും ചെയ്യുന്ന നിലക്ക് അറബ് സമാധാന പദ്ധതിക്കും യു.എൻ തീരുമാനങ്ങൾക്കും അനുസൃതമായി ഫലസ്തീൻ പ്രശ്‌നത്തിന് നീതീപൂർവകവും സമഗ്രവും ശാശ്വതവുമായ സമാധാനമുണ്ടാക്കണം. ഇന്ത്യൻ സമുദ്രത്തിലെയും ഗൾഫിലെയും സമുദ്ര പാതകളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനും ഇരു രാജ്യങ്ങളുടെയും താൽപര്യങ്ങളെ ബാധിക്കുന്ന വെല്ലുവിളികളും ഭീഷണികളും ചെറുക്കുന്നതിനും ഇന്ത്യയും സൗദി അറേബ്യയും പങ്കാളിത്തം വഹിക്കും. തീവ്രവാദവും ഭീകരവാദവും ലോകത്തെ എല്ലാ ജനവിഭാഗങ്ങൾക്കും സമൂഹങ്ങൾക്കും ഭീഷണിയാണ്. ഈ ആഗോള പ്രതിഭാസത്തെ പ്രത്യേക മതവുമായോ വംശവുമായോ സംസ്‌കാരവുമായോ ബന്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ അംഗീകരിക്കില്ല. 
മുഴുവൻ ഭീകര പ്രവർത്തനങ്ങളും സൗദി അറേബ്യയും ഇന്ത്യയും നിരാകരിക്കുന്നു. മറ്റു രാജ്യങ്ങൾക്കെതിരെ ഭീകരാക്രമണങ്ങൾ നടത്തുന്നതിന് മിസൈലുകളും ഡ്രോണുകളും എത്തുന്നത് തടയേണ്ടത് അനിവാര്യമാണ്. 
സൗദിയിൽ സിവിലിയൻ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ഭീകരാക്രമണങ്ങളെ ഇന്ത്യ അപലപിച്ചു. ഭീകര വിരുദ്ധ പോരാട്ടം, വിവര കൈമാറ്റം, ശേഷി നിർമാണം, അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ എന്നീ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിന് ഇരു രാജ്യങ്ങളും ധാരണയിലെത്തി. രണ്ടു രാജ്യങ്ങൾക്കുമിടയിലെ തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിന് സൗദി അറേബ്യയും ഇന്ത്യയും തമ്മിൽ വാണിജ്യ, നിക്ഷേപ ബന്ധം വിപുലമാക്കണം. സമീപ കാലത്ത് ഉഭയകക്ഷി വ്യാപാരം വർധിച്ചുവരുന്നതിൽ രണ്ടു രാജ്യങ്ങളും ആഹ്ലാദം പ്രകടിപ്പിച്ചു. 
സൗദി അറേബ്യയുടെ വിഷൻ 2030 പദ്ധതിയുടെ പശ്ചാത്തലത്തിൽ വ്യാപാര, നിക്ഷേപ സഹകരണം ശക്തമാക്കുന്നതിന് കൂടുതൽ ശ്രമങ്ങൾ നടത്തും. പശ്ചാത്തല വികസനം, ഖനനം, ഊർജം, കൃഷി, സാങ്കേതിക വിദ്യ കൈമാറ്റം, ഐ.ടി-ടെലികോം-ഇലക്‌ട്രോണിക്‌സ് മേഖലയിലെ മാനവ ശേഷി എന്നീ മേഖലകളിൽ സൗദി അറേബ്യയിലും ഇന്ത്യയിലും ലഭ്യമായ നിക്ഷേപാവസരങ്ങൾ രണ്ടു രാജ്യങ്ങളിലെയും വ്യവസായികൾ പ്രയോജനപ്പെടുത്തണം. 
ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തിടെ ഊർജം, സിവിൽ ഏവിയേഷൻ, മെഡിക്കൽ ഉൽപന്നങ്ങൾ, സുരക്ഷ, പ്രതിരോധ സഹകരണം, സൗദിയിൽ റൂപേ കാർഡ് പുറത്തിറക്കൽ എന്നീ മേഖലകളിൽ ഏതാനും ധാരണ  പത്രങ്ങൾ ഒപ്പുവെച്ചു. അടുത്ത വർഷത്തെ ജി-20 ഉച്ചകോടിക്ക് സൗദി അറേബ്യ ആതിഥ്യമരുളുന്നതിനെ ഇന്ത്യൻ പ്രധാനമന്ത്രി സ്വാഗതം ചെയ്യുകയും ഇന്ത്യയുടെ പിന്തുണ അറിയിക്കുകയും ചെയ്തു. കൂടിയാലോചനകൾ പൂർത്തിയാക്കുന്നതിനും ഉഭയകക്ഷി സഹകരണവും പൊതുതാൽപര്യമുള്ള മേഖല, അന്താരാഷ്ട്ര പ്രശ്‌നങ്ങളും വിശകലനം ചെയ്യുന്നതിനും ഇന്ത്യ സന്ദർശിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ ക്ഷണം രാജാവ് സ്വാഗതം ചെയ്തതായും സംയുക്ത പ്രസ്താവന പറഞ്ഞു. 


 

Latest News