യു.എ.ഇ ഫെഡറല്‍ ബജറ്റിന് അംഗീകാരം

മന്ത്രിസഭാ യോഗത്തില്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സംസാരിക്കുന്നു.

അബുദാബി- 2020 ലെ യു.എ.ഇ ഫെഡറല്‍ ബജറ്റിന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി. 6100 കോടി ദിര്‍ഹത്തിന്റെ കമ്മിയില്ലാ ബജറ്റാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നിലൊന്നു തുക സാമൂഹിക വികസനത്തിന് നീക്കിവച്ചു. ശേഷിച്ച രണ്ടു ഭാഗം അടിസ്ഥാന സൗകര്യ വികസനത്തിനും സാമ്പത്തിക വികസന പ്രവത്തനങ്ങള്‍ക്കുമാണ് വിനിയോഗിക്കുക. വികസന ചക്രവാളത്തില്‍ പുതിയ ദശകത്തിന്റെ തുടക്കമാണ് 2020 എന്ന് ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.

ബഹിരാകാശ രംഗത്ത് യു.എ.ഇ കൈവരിച്ച നേട്ടവും ശൈഖ് മുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു.  ഈ രംഗത്ത് യു.എ.ഇ നിക്ഷേപം 2200 കോടി ദിര്‍ഹം കവിഞ്ഞു. രാജ്യാന്തര പ്രശസ്തമായ രണ്ട് കമ്പനികള്‍ ഉള്‍പെടെ 50 കമ്പനികളിലായി 1500 പേരാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. 16 ഉപഗ്രഹം നമുക്കുണ്ടെന്നും പ്രാദേശികമായി ഉപഗ്രഹം നിര്‍മിക്കാന്‍ ആരംഭിച്ചതായും ശൈഖ് മുഹമ്മദ് പറഞ്ഞു. യു.എ.ഇയുടെ ചൊവ്വാ ദൗത്യം 8 മാസത്തിനകം ആരംഭിക്കുമെന്നും പ്രഖ്യാപിച്ചു.

വിദ്യാഭ്യാസ രംഗത്ത് ഉള്‍പെടെ സ്വകാര്യമേഖല പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനു സഹായം നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.  വിദ്യാഭ്യാസ, ആരോഗ്യ രംഗത്തെ സമഗ്ര വികസനമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങളും ചികിത്സാ സൗകര്യങ്ങളും രാജ്യത്ത് സജ്ജമാക്കുന്നതിനൊപ്പം നൂതന സൗകര്യങ്ങളും ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. പഠന, ചികിത്സാ മേഖലകളിലെ ആഗോള ശ്രദ്ധയാകര്‍ഷിക്കുന്ന പദ്ധതികളുമുണ്ടാകും. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

 

Latest News