മെച്ചപ്പെട്ട ജീവിത സാഹചര്യം തേടിയുള്ള യാത്രയാണല്ലോ നമ്മെ പ്രവാസഭൂമിയിലെത്തിച്ചത്. എന്തായാലും യാത്രയിൽ ഒരുപാടു കാര്യങ്ങൾ പഠിക്കാനും പകർത്താനുമുണ്ട്. യഥാർഥ സുഹൃത്തിനെ തിരിച്ചറിയണമെങ്കിൽ അദ്ദേഹത്തോടപ്പം ഒന്ന് യാത്ര ചെയ്താൽ മതി എന്ന് പറയാറുണ്ട്. യാത്രയിൽ പ്രകൃതിയുടെ മനോഹാരിതയെ കുറിച്ച് മാത്രമല്ല, മറിച്ച് സർവേശ്വരന്റെ സൃഷ്ടിവൈഭവത്തെ കുറിച്ചും മുൻ കഴിഞ്ഞ സമൂഹങ്ങളുടെ ഉത്ഥാന പതനത്തെ കുറിച്ചും പഠിക്കാനും മനസിലാക്കാനും ചിന്തിക്കാനും അവസരം ലഭിക്കുന്നു.
പതിവുപോലെ, ഇക്കഴിഞ്ഞ ചെറിയ പെരുന്നാൾ അവധിക്ക് നാട്ടിൽ പോകാതെ സൗദിയിലെ ഇനിയും കാണാത്ത സ്ഥലങ്ങൾ സന്ദർശിക്കാമെന്ന് നേരത്തെ ആഗ്രഹിച്ചിരുന്നു. തെക്കു പടിഞ്ഞാറു മേഖലയിലെ അബഹയും സമീപ പ്രദേശങ്ങളും കാണാനായിരുന്നു ഉദ്ദേശ്യം. അവിടേക്ക് തന്നെയായിരുന്നു ഈവർഷം പ്രവാസി സാംസ്ക്കാരികവേദി യാത്ര സംഘടിപ്പിച്ചത്. മുൻ നിശ്ചയിച്ച പ്രകാരം സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഞങ്ങൾ നാൽപത് പേർ രണ്ടാം പെരുന്നാളിന് രാവിലെ ജിദ്ദയിൽ നിന്നും ബസിൽ അൽലൈത്തിലേക്ക് പുറപ്പെട്ടു.
ടൂർ തലവൻ ഇല്യാസ് തൂമ്പിലിന്റെ നേതൃത്വത്തിൽ ബസിൽ വ്യത്യസ്ത കലാപരിപാടികൾ അരങ്ങേറി. മക്ക പ്രവിശ്യയിൽ ചെങ്കടൽ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു പ്രധാന പട്ടണമാണ് അൽലൈത്. ജിദ്ദയിൽ നിന്ന് ഏകദേശം ഇരുനൂറ് കിലോമീറ്റർ ദൂരെ ജിസാൻ തീരദേശ പാതയിലാണ് സ്ഥിതി ചെയ്യുന്നത്.
പുരാതന തുറമുഖ നഗരമായ അൽലൈത് പണ്ട് ഹാജിമാരെ സ്വീകരിക്കുകയും ചരക്കുകൾ കൈകാര്യം ചെയ്യുകയും ചെയ്തിരുന്നു. ഒമേഗ ചൂട് വെള്ള തടാകം സന്ദർശിക്കാനായിരുന്നു ആദ്യം പോയത്. പട്ടണത്തിൽ നിന്നും നാൽപതു കിലോമീറ്റർ ദൂരെ കിഴക്കു ഭാഗത്തായിട്ടാണിത്. സറവാത്ത് മലകൾക്കിടയിലുള്ള ഒരു താഴ്വരയാണിത്. അവിടെ ഒരു പാറക്കിടയിലൂടെ പൊട്ടിവരുന്ന ഈ ഗന്ധകജലം കനാൽ വഴി പുറത്തേക്ക് ഒഴുകി കൊണ്ടിരിക്കുകയാണ്. എഴുപത് ഡിഗ്രി സെൽഷ്യസ് വരെ താപമുള്ള ജലമാണ്.
അൽലൈത്തിൽനിന്നു എഴുപത് കിലോമീറ്റർ മാറി ബനീഹിലാൽ ഗ്രാമത്തിൽ മറ്റൊരു ചൂട് വെള്ള ഉറവ കൂടിയുണ്ട്. അലർജി രോഗങ്ങൾക്കും സന്ധിവാതത്തിനും ഈ ജലം ഫലപ്രദമാണെന്ന് പറയപ്പെടുന്നു. ഞങ്ങൾ നമസ്കാരം നിർവഹിച്ചു നേരെ അൽലൈത് കോർണിഷിൽ പോയി ഭക്ഷണം കഴിച്ച് അടുത്ത ലക്ഷ്യമായ അബഹയിലേക്കു കുതിച്ചു. ലക്ഷ്യസ്ഥാനത്തു എത്തും വരെ ഞങ്ങൾ സാഹോദര്യം, സൗഹൃദം സമത്വം, സുന്ദരം എന്നിങ്ങനെ നാല് ഗ്രൂപ്പുകളായി തിരിഞ്ഞു വൈവിധ്യമാർന്ന കലാപരിപാടികളിൽ മുഴുകി. തികച്ചും ബുദ്ധിപരവും വൈജ്ഞാനികവും ഹൃദ്യവുമായ അവ യാത്രയുടെ ആലസ്യത്തിൽ നിന്നും ക്ഷീണത്തിൽ നിന്നും മോചനം നൽകി.
സംഗീതം കേൾപ്പിച്ച് ഗാനം കണ്ടെത്തൽ, നിമിഷ പ്രസംഗം, കണക്കിലെ കളികൾ, കുസൃതി ചോദ്യങ്ങൾ, അന്ത്യാക്ഷരി, കുട്ടികളുടെയും മുതിർന്നവരുടെയും ഗാനാലാപനം തുടങ്ങി വിവിധ പരിപാടികൾ യാത്രയിലുടനീളം അരങ്ങേറി.
സൗദി അറേബ്യയിലെ അസീർ പ്രവിശ്യയുടെ തലസ്ഥാനമാണ് അബഹ. യമനിൽ നിന്ന് തുടങ്ങി ഹിജാസും കടന്നു അഖബ ഉൾക്കടൽ വരെ നീണ്ടു കിടക്കുന്ന സറവാത്ത് മലിനിരകളിലാണ് അബഹ നഗരം സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്ന് 2200 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

മലകളാൽ ചുറ്റപ്പെട്ട, താരതമ്യേന ചൂട് കുറഞ്ഞ അബഹയെ സൗദിയിലെ പ്രമുഖ വിനോദ സഞ്ചാര മേഖലയായി പ്രഖ്യാപിച്ചതിനാൽ ഇവിടേക്ക്
സഞ്ചാരികളുടെ പ്രവാഹമാണ്. വിശേഷിച്ചും വേനലവധി കാലത്തും പെരുന്നാൾ ഒഴിവു ദിനങ്ങളിലും. വിനോദ സഞ്ചാര പ്രോത്സാഹനത്തിനായി സർക്കാർ വിവിധ കലാ സാംസ്ക്കാരിക വിനോദ കായിക പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. കൂടാതെ പരമ്പരാഗത വസ്തുക്കളുടേയും ഉത്പന്നങ്ങളുടെയും പ്രദർശനവും വിൽപനയും നടക്കാറുണ്ട്. മഴയും കോടമഞ്ഞും ആലിപ്പഴവർഷവും ഇവിടെ സാധാരണമാണ്. മലകൾ തമ്മിൽ ബന്ധിപ്പിക്കുന്ന കേബിൾ കാർ സർവീസ് കടന്ന് പോകുന്നത് അബഹ നഗരത്തിന്റെ കാഴ്ചകൾ ആസ്വദിക്കാൻ പറ്റുന്ന രൂപത്തിലാണ്. ജിദ്ദ-അബഹ യാത്രയിൽ മലമ്പാതകളും പന്ത്രണ്ടിലധികം തുരങ്കങ്ങളുമുണ്ട്.
രാത്രി വൈകിയാണ് ഞങ്ങൾ അബഹയിൽ എത്തിയത്. നേരെ താമസസ്ഥലമായ ഖമീസ്മുശൈതിലേക്ക്. അബഹയിൽനിന്ന് നാൽപതു കിലോമീറ്റർ ദൂരെയുള്ള ഒരു ഇടത്തരം പട്ടണമാണിത്. പിറ്റേ ദിവസം രാവിലെ ഞങ്ങൾ ആദ്യം പോയത് അബഹയിലെ പ്രധാന ആകർഷണ കേന്ദ്രമായ അൽസുദ പാർക്ക് സന്ദർശിക്കാനാണ്.
നഗരത്തിന്റെ വടക്കു പടിഞ്ഞാറു ഭാഗത്തായി സ്ഥിതി ചെയ്യുന്ന അൽസുദ പർവതം അറേബ്യൻ ഉപദ്വീപിലെ ഏറ്റവും ഉയർന്ന പ്രദേശമായി കണക്കാക്കപ്പെടുന്നു. സമുദ്ര നിരപ്പിൽ നിന്ന് 3000 മീറ്റർ ഉയരത്തിലാണ് അതിന്റെ സ്ഥാനം. വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റവരി പാതയിലെ നയന മനോഹരമായ കാഴ്ചകളും ആസ്വദിച്ചു മലമുകളിലെത്തുമ്പോൾ നമ്മുടെ നാട്ടിലെ ഊട്ടിയും വയനാടും ഓർമകളിൽ തികട്ടി വരും. മലമുകളിലെ പ്രധാന ആകർഷണങ്ങളിലൊന്ന് റോപ് വേയിലെ സഞ്ചാരമാണ്. ഏതാനും സമയത്തെ കാത്തിരിപ്പിന് ശേഷം, ഞങ്ങൾ കേബിൾ കാറിൽ കയറി. എട്ടു പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ഒരു കാറിൽ എൺപതു റിയാലാണ് ഒരാൾക്ക് ചാർജ് ഈടാക്കുന്നത്. ഇങ്ങനെ അഞ്ചിലധികം കാറുകൾ പ്രവർത്തിക്കുന്നുണ്ട്. കേബിൾ കാറിൽനിന്ന് താഴേക്ക് നോക്കിയാൽ മനോഹരമായ കാഴ്ച്ചകൾ കാണാം. താഴ്വരയിൽ ചെല്ലുമ്പോൾ അവിടെ പാർക്കുകളും വിശ്രമ കേന്ദ്രങ്ങളും ഭക്ഷണശാലകളും മറ്റും ഉണ്ട്. അൽപ സമയം അവിടെ ചെലവഴിച്ച ശേഷം കേബിൾ കാറിൽ തന്നെ മലമുകളിലേക്ക് മടങ്ങി. സൗദിയുടെ മറ്റു പ്രദേശങ്ങളിലെ കടുത്ത ചൂടിൽ നിന്നെത്തുന്നവർക്ക് അൽസുദ മലമുകളിലെ കുളിർകാറ്റ് ഏറെ ആശ്വാസമേകി. ഉച്ചയോട് കൂടി ഞങ്ങൾ മല ഇറങ്ങി പിന്നീട് സന്ദർശിച്ചത ്അബഹ അണക്കെട്ടാണ്. നഗരത്തിന്റെ പടിഞ്ഞാറു ഭാഗത്താണ് ഇത്. ഒഴുകി വരുന്ന ജലം തടഞ്ഞു നിറുത്തുക എന്ന ഉദ്ദേശ്യത്തോടെ 1974ൽ ആണ ്ഈ അണക്കെട്ട് നിർമ്മിച്ചത്. ഉച്ചയോടു കൂടി സലാമ പാർക്കിൽ നമസ്ക്കാരവും ഭക്ഷണവും അൽപം കലാ പരിപാടികളും കഴിഞ്ഞു നേരെ അൽ ഹബ്ല പരിസര പ്രദേശങ്ങളും കാണാൻ പുറപ്പെട്ടു.
മേഖലയിലെ പ്രധാന വിനോദ കേന്ദ്രങ്ങളിലൊന്നായ ഹബല നഗരത്തിൽ നിന്നും 50 കിലോമീറ്റർ ദൂരെയാണ്. ഹബ്ലയിലേക്കുള്ള റോഡിന്റെ ഇരു വശങ്ങളിലും കൂടാരങ്ങൾ കെട്ടിയുള്ള തദ്ദേശീയരുടെ ഭക്ഷണശാലകളും ചായമക്കാനികളും കാണാം. സറാവാത്ത് മലനിരകളിൽ ഉള്ള ഒരു പരമ്പരാഗത പൈതൃക ഗ്രാമമാണിത്. കയർ എന്നർത്ഥമുള്ള ഹബ്ൽ എന്ന പദത്തിൽ നിന്നാണ് ആ വാക്കുണ്ടായത്.
സൂര്യാസ്തമയത്തിനു മുമ്പായി ഞങ്ങൾ അവിടെനിന്നു അജണ്ടയിലെ അവസാനത്തെ സ്ഥലമായ ഹരിതമലയിലേക്ക് പോയി. അബഹ നഗരത്തിന്റെ മധ്യ ഭാഗത്തായിട്ടാണിത്.
സമയക്കുറവും കടുത്ത ഗതാഗത തിരക്കും കാരണം മലമുകളിലേക്കുള്ള യാത്ര ഒഴിവാക്കി താഴെനിന്ന് പരമാവധി ആസ്വദിച്ചു ഞങ്ങളുടെ പെരുന്നാൾ യാത്ര ആഹ്ലാദത്തോടെ അവസാനിപ്പിച്ചു.






