ഷാര്‍ജ- മലയാളികള്‍ കാത്തിരുന്ന ഷാര്‍ജ പുസ്തകമേളയില്‍ ഏറ്റവും കൂടുതല്‍ സ്റ്റാളുകളുമായി ഡി.സി ബുക്‌സ് ഇന്ത്യന്‍ പവലിയനില്‍ ഒന്നാമത്. 200 പുതിയ തലക്കെട്ടുകളുമായാണ് വരവ്. നോവലുകള്‍, കഥകള്‍, ആത്മകഥ, ജീവചരിത്രം എന്നീ ഇനങ്ങളിലെല്ലാം പുസ്തകങ്ങളുണ്ട്.
മലയാളി –ഒരു ജനിതക വായന (സേതു രാമയന്‍ ഐപിഎസ്), ദൈവത്തിന്റെ ചാരന്മാര്‍(ജോസഫ് അന്നക്കുട്ടി ജോസ്), ബുധിനി(സാറാ ജോസഫ്), മാമാ ആഫ്രിക്ക (ടി.ഡി.രാമകൃഷ്ണന്‍), ഗ്രേറ്റ ട്യൂന്‍ബെര്‍ഗ്–നിങ്ങള്‍ കൊല്ലുന്ന ഞങ്ങളുടെ ഭൂമി, വര്‍മാനകാലം–ആനന്ദ്, എം.എന്‍.കാരശ്ശേരി സംഭാഷണം, അലയടിക്കുന്ന വാക്കുകള്‍ (സുനില്‍ പി.ഇളയിടം), സൂര്യനെ അണിഞ്ഞ സ്ത്രീ (കെ.ആര്‍.മീര), പ്രതി പൂവന്‍കോഴി (ഉണ്ണി ആര്‍.), ശിന്നകുറുപ്പുസാമി (പെരുമാള്‍ മുരുകന്‍) തുടങ്ങിയ പുസ്തകങ്ങള്‍ ഡിസി ബുക്‌സ് മേളയിലെത്തിച്ചു.
ഗള്‍ഫ് എഴുത്തുകാരുടേതടക്കം 14 പുതിയ പുസ്തകങ്ങളാണ് കണ്ണൂരിലെ കൈരളി ബുക്‌സ് മേളയില്‍ പ്രകാശനം ചെയ്യുക. പരിഭാഷകളിലാണ് ഗ്രീന്‍ ബുക്‌സിന് പ്രതീക്ഷ. കെ.സച്ചിദാനന്ദന്‍ പരിഭാഷപ്പെടുത്തിയ പാബ്ലോ നെരൂദയുടെ പ്രണയകഥകളുടെ സമാഹാരം, അച്ഛനുള്ള കത്തുകള്‍ (മുസ്തഫ കുത് ലു), തെരുവിന്റെ മക്കള്‍(നജീബ് മഹ്ഫൂസ്), അവശേഷിപ്പുകള്‍(സിനാന്‍ അന്‍തൂണ്‍), ഹോളോ മൗണ്ടന്‍(അലയ), ആസാദി, ചെമ്പകക്കൊമ്പിലെ പ്യൂപ്പ തുടങ്ങിയവയും വായനക്കാരെ സ്വീധീനിക്കുമെന്ന് കരുതുന്നു.
തൃശൂര്‍ കറന്റ് ബുക്‌സ് ഇപ്രാവശ്യവും സജീവമാണ്. മലയാളത്തിലെ ക്ലാസിക് പുസ്തകങ്ങളുമായാണ് ഇപ്രാവശ്യവും പൂര്‍ണ പബ്ലിക്കേഷന്‍സിന്റെ വരവ്. സൈകതം ബുക്‌സ് പ്രസിദ്ധീകരിച്ച 12 എഴുത്തുകാരുടെ 15 പുസ്തകങ്ങള്‍ മേളയില്‍ പ്രകാശനം ചെയ്യും. അബു ഇരിങ്ങാട്ടിരിയുടെ തെരഞ്ഞെടുത്ത കഥകളുടെ സമാഹാരവും ഇതിലുണ്ട്.






