ഹൈദരാബാദ്- ഐ.പി.എസ് കിട്ടിയപ്പോള്‍ ഭര്‍ത്താവിന്റെ മനസ്സു മാറിയെന്നും വിവാഹ മോചനം നേടാന്‍ ഉപദ്രവിക്കുകയാണെന്നും ആരോപിച്ച് 28 കാരി പോലീസില്‍ പരാതി നല്കി. പോലീസ് ഉദ്യോഗസ്ഥനായ കൊക്കന്തി മഹേശ്വര റെഡ്ഡിയുമായി കോളേജ് കാലം മുതല്‍ തന്നെ ബന്ധമുണ്ടായിരുന്നുവെന്നും കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് വിവാഹിതയായതെന്നും ഭാവനയെന്ന യുവതി നല്കിയ പരാതിയില്‍ പറയുന്നു. ഐഐടി ബോംബെയില്‍നിന്ന് ബിരുദാനന്തര ബിരുദം നേടിയിരുന്ന റെഡ്ഢിക്ക് യുപിഎസ്സി നടത്തിയ സിവില്‍ സര്‍വീസ് പരീക്ഷയില്‍ നിന്ന് 126-ാം റാങ്ക് ലഭിച്ചതോടെയാണ് ബന്ധം വഷളായതെന്ന് യുവതി പറയുന്നു.
ഇന്ത്യന്‍ പോലീസ് സര്‍വീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതു മുതല്‍ വിവാഹമോചനത്തിന് നിര്‍ബന്ധിക്കുകയാണെന്നും മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യുകയാണ് ലക്ഷ്യമെന്നും ഭാവനയെ ഉദ്ധരിച്ച്
ജവഹര്‍നഗര്‍ പോലീസ് ഇന്‍സ്പെക്ടര്‍ പി.ഭിക്ഷപതി റാവു പറഞ്ഞു.
മുസ്സൂറിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനില്‍ (എല്‍ബിഎസ്എന്‍എ) പരിശീലനം തുടരുകയാണ് റെഡ്ഡി.
തങ്ങളുടെ വിവാഹത്തെക്കുറിച്ച് ഭര്‍ത്താവ് മാതാപിതാക്കളോട് പറഞ്ഞിട്ടില്ലെന്നും ഇക്കാര്യം ആവശ്യപ്പെട്ടപ്പോള്‍ ഉടനെ അറിയിക്കാമെന്നാണ് പറയാറുള്ളതെന്നും യുവതി പറയുന്നു. ഐപിഎസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷം, മാതാപിതാക്കള്‍ വിവാഹാലോചനകള്‍ കൊണ്ടുവരുന്നുണ്ടെന്ന് ഭര്‍ത്താവ് പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്ന് യുവതി പരാതിയില്‍ വിശദീകരിക്കുന്നു. പരാതിയില്‍ പോലീസ് നടപടിയെടുക്കാത്തതിനാല്‍ ശ്രദ്ധ ആകര്‍ഷിക്കുന്നതിന് യുവതി ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ച് ആരോപണങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു.
ട്രെയിനി ഐപിഎസ് ഉദ്യോഗസ്ഥനെതിരെ നല്കിയ പരാതയില്‍ നടപടിയെടുത്തില്ലെന്ന ആരോപണം രാച്ചക്കൊണ്ട പോലീസ് കമ്മീഷണര്‍ മഹേഷ് മുരളീധര്‍ ഭാഗവത് നിഷേധിച്ചു.
വൈവാഹിക കേസുകളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് മൂന്ന് കൗണ്‍സിലിംഗ് സെഷനുകള്‍ നടത്താന്‍ പോലീസിന് അനുവാദമുണ്ടെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും കക്ഷികളെ വിളിച്ച് അനുരജ്ഞനത്തിന് സമയം നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നും പോലീസ് മേധാവി ട്വീറ്റ് ചെയ്തു.
റെഡ്ഡിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 498 എ (ഉപദ്രവം), 323, 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), എസ്സി, എസ്ടി (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്ന് ഭിക്ഷപതി റാവു പറഞ്ഞു.