ലാഹോര്‍- പാക്കിസ്ഥാനില്‍ മരിച്ച ഹിന്ദു പെണ്‍കുട്ടിയുടെ ശരീരത്തിലും വസ്ത്രത്തിലും പുരുഷ ഡി.എന്‍.എ സാമ്പിളുകള്‍ കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഡെന്റല്‍ വിദ്യാര്‍ഥിനിയുടെ മരണം ആത്മഹത്യയാണെന്ന് കോളേജ് അധികൃതരുടെ വാദം പൊളിക്കുന്നതാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടത്തെല്‍.
സിന്ധ് പ്രവിശ്യയില്‍ ലര്‍ക്കാന ജില്ലയിലെ ബീബി ആസിഫ ഡെന്റല്‍ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയും സാമൂഹിക പ്രവര്‍ത്തകയുമായ നിമൃത ചാന്ദ്നിയെ കഴുത്തില്‍ കയറിട്ട് മുറുക്കിയ നിലയിലാണ് കണ്ടെത്തിയത്. സെപ്റ്റംബര്‍ 16നാണ് സംഭവം. ഹിന്ദു സമുദായത്തില്‍ പെട്ട സ്കൂള്‍ പ്രിന്‍സിപ്പലിനെതിരെ മതനിന്ദ ആരോപിച്ച് കേസെടുത്തതിനെ തുടര്‍ന്ന് കലാപങ്ങള്‍ അരങ്ങേറിയ ഘോത്കി ജില്ലയാണ് വിദ്യാര്‍ഥിനിയുടെ സ്വദേശം.
പെണ്‍കുട്ടിയുടെ സെല്‍ ഫോണില്‍ നിന്ന് കോള്‍ ഡാറ്റ കണ്ടെത്തിയതിന് ശേഷം സഹപാഠികളായ മെഹ്റാന് അബ്രോ, അലി ഷാന്‍ മേമന് എന്നിവരുള്‍പ്പെടെ 32 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നിമൃത ചന്ദാനിയുടെ ഡിഎന്‍എ റിപ്പോര്‍ട്ട് ലഭിച്ചുവെന്നും ശരീരത്തില്‍ നിന്നും വസ്ത്രങ്ങളില്‍ നിന്നും ഒരു പുരുഷന്റെ ഡിഎന്‍എ സാമ്പിള്‍ കണ്ടെടുത്തുവെന്നും ലര്‍ക്കാന ജില്ലയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് മസൂദ് ബങ്കാഷ് പറഞ്ഞു. ഫോറന്‍സിക് ലബോറട്ടറിയില്‍ ലഭിച്ച റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കുമെന്നും ബംഗാഷ് പറഞ്ഞു.
ഇതോടെ കേസന്വേഷണം പുതിയ വഴിത്തിരിവിലാണെന്ന് അദ്ദേഹം പറഞ്ഞു. മകളെ കൊലപ്പെടുത്തിയതാണെന്ന് മാതാപിതാക്കള്‍ നല്കിയ പരാതിയല്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സിന്ധ് ഹൈക്കോടതി സെപ്റ്റംബര്‍ 25 ന് ഉത്തരവിട്ടിരുന്നു. ലാര്ക്കന ജില്ലാ സെഷന്‍സ് ജഡ്ജി ഏകാംഗ കമ്മീഷനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ ഹോസ്റ്റല്‍ മുറി സന്ദര്‍ശിച്ച ജഡ്ജി ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും മൊഴി രേഖപ്പെടുത്തുകയും പോലീസ് കസ്റ്റഡിയിലെടുത്ത സെല്‍ ഫോണുകളുടെയും ലാപ്ടോപ്പിന്റെയും ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുകയും ചെയ്തു.
യൂണിവേഴ്സിറ്റി ഹോസ്റ്റല്‍ മുറിയിലെ സീലിംഗ് ഫാനില്‍ ചാന്ദ്നി തൂങ്ങിമരിച്ചുവെന്നാണ് ഷഹീദ് മൊഹ്തര്‍മ ബേനസീര്‍ ഭൂട്ടോ മെഡിക്കല്‍ യൂണിവേഴ്സിറ്റി അധികൃതര്‍ പറയുന്നത്.






