Sorry, you need to enable JavaScript to visit this website.

പച്ചകളുടെ കത്തി 

മൽബു കാറിൽ നിന്നിറങ്ങി മുറിയിൽ എത്തിയപ്പോൾ എല്ലാവരും ഹാജരുണ്ട്. പരവേശം കണ്ടിട്ടായിരിക്കണം പോയിട്ടെന്തായി എന്നാരും ചോദിച്ചില്ല. 
നിങ്ങളെന്താ ആരും ഒന്നും ചോദിക്കാത്തത്. സധാരണ ഇങ്ങനെയല്ലല്ലോ? 
മൽബുവിന് ഒരു ജോലി കിട്ടാൻ ആത്മാർഥമായി ആഗ്രഹിക്കുന്നവരാണ് ഫഌറ്റിലുള്ള എല്ലാവരും. അതുകൊണ്ടു തന്നെ എവിടെ പോയി വന്നാലും അവർ ചോദിക്കാറുണ്ട്. പോയിട്ടെന്തായി..
അതുപിന്നെ പോസിറ്റീവായി ഒന്നും സംഭവിച്ചിട്ടില്ല എന്ന് ഇന്ന് നിങ്ങളുടെ മുഖം കണ്ടാലറിയാം. അതുകൊണ്ടാണ് ചോദ്യം ഒഴിവാക്കിയത്: ഉസ്മാൻ പറഞ്ഞു.
അതെ, ആകെക്കൂടി എന്തോ വല്ലായ്മ പിടിച്ചതുപോലെ: മറ്റുള്ളവരും ശരിവെച്ചു.
ഇന്നൊരു സംഭവബഹുലമായ ദിവസമായിരുന്നു. മിസ്‌രി പേടിപ്പിച്ചതും കാറിൽ പാക്കിസ്ഥാനി ഡ്രൈവർ രക്തമൊഴുകുന്ന കാഴ്ചകൾ കാണിച്ചതുമൊക്കെ മൽബു വിശദീകരിച്ചു. അവസാനം ഒരുവിധത്തിൽ കാറിൽ നിന്നിറങ്ങി റൂമിലെത്തിയതും.
അല്ലാഹ്... കരീം ഉണ്ടല്ലോ എന്ന് ഉസ്മാൻ പറഞ്ഞപ്പോൾ മൽബു ആമീൻ ചൊല്ലി.
മൽബുവിന്റെ ആമീൻ കേട്ടപ്പോൾ ഉസ്മാൻ തിരുത്തി. 
അതല്ല, ഞാൻ കരീമിനെ കുറിച്ചാണ് പറഞ്ഞത്. അല്ലാഹ് കരീമാണെങ്കിലും ഇത് ആ കരീമല്ല.
ദയാപരനായ ദൈവത്തിന്റെ കാരുണ്യത്തിൽ പ്രതീക്ഷയർപ്പിക്കുകയാണ് അല്ലാഹ് കരീം. അതിനായിരുന്നു മൽബുവിന്റെ ആമീൻ. നമ്മുടെ ആസൂത്രണങ്ങൾക്കപ്പുറത്ത് സർവശക്തനിൽ പ്രതീക്ഷയർപ്പിക്കുന്നതാണ് അല്ലാഹ് കരീം. ആശ്വസിപ്പിക്കാനും ദൈവം കൂടെയുണ്ടെന്ന് ഓർമപ്പെടുത്താനും അറബികൾ സാധാരണ ഉപയോഗിക്കുന്ന വാക്യം. 
ഉസ്മാൻ പറഞ്ഞതൊന്ന്, മൽബു കേട്ടതൊന്ന്. 
ടാക്‌സി യാത്രയിൽ കത്തിവെച്ച് നരകമാക്കുന്നവരിൽനിന്ന് രക്ഷപ്പെടാനുള്ള മാർഗമാണ് ഉസ്മാന് കരീം. ഓൺലൈൻ ടാക്‌സി സർവീസായ കരീമിനെ കുറിച്ച് ആരോടും പറയുമ്പോഴും ഉസ്മാന് നൂറു നാവാണ്. സ്വന്തം കമ്പനിയെ കുറിച്ചാണ് പറയുന്നതെന്ന് തോന്നിപ്പോകും. ഒരിക്കൽ ഒരു മൽബു ഡ്രൈവർ ഉസ്മാനോട് ചോദിച്ചിട്ടുമുണ്ട്. അന്റെ വാപ്പയുടെ കമ്പനിയാണോ കരീം?

ഓൺലൈൻ ടാക്‌സിയാണ് ഏറ്റവും ബെസ്റ്റ്. ഒരു ശല്യവുമില്ല. ആപ്പ് ഉപയോഗിച്ച് ബുക്ക് ചെയ്താൽ പറഞ്ഞ സമയത്ത് സ്ഥലത്ത് കിറുകൃത്യമായി എത്തിക്കും: ഉസ്മാൻ പറഞ്ഞു.
അനുഭവത്തിൽനിന്നാണ് പറയുന്നത്. ഇപ്പോൾ മൽബുവിന് സംഭവിച്ചതു പോലെ എനിക്കും സംഭവിച്ചിട്ടുണ്ട്. ടാക്‌സിയിൽ കയറിയതു മുതൽ പച്ച കലാം തുടങ്ങിയതാണ്. ബേനസീർ ഭുട്ടോ മുതൽ നവാസ് ശരീഫിന്റെ മകൾ മറിയത്തെ കുറിച്ചു വരെ പച്ചയുടെ നാട്ടിലെ സകല കഥകളും. 
അവസാനം ഭാഗ്യത്തിനാണ് ഒരു അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. ആ വലിയ ലോറി ഇയാളെ കൊല്ലാൻ തന്നെ ചേർത്ത് എടുത്തതാണെന്ന് തോന്നി. അവിടെ ടാക്‌സി നിർത്തിച്ച് ഇറങ്ങിയതാണ്. പിന്നീടൊരിക്കലും പാക്കിസ്ഥാനികൾ ഓടിക്കുന്ന സാദാ ടാക്‌സിയിൽ കയറിയിട്ടല്ല. അന്നു മുതൽ ഓൺലൈൻ ടാക്‌സിയുടെ ആരാധകനാണ്. 
ആരാധകനാണെന്ന കാര്യം അവർ അറിഞ്ഞിട്ടാണോ എന്നറിയില്ല. ഇടക്കിടെ ഓഫർ തരും. പിന്നെ എന്തേലും പരാതി റിപ്പോർട്ട് ചെയ്താൽ സൗജന്യ ഓട്ടം വേറെ: ഉസ്മാൻ പറഞ്ഞു. 
അപ്പോൾ അതിലും പരാതിയുണ്ട് അല്ലേ.. പൊട്ടനല്ലെന്ന് തെളിയിക്കാനായി മൽബു പറഞ്ഞു. 
അപൂർവമായി സംഭവിക്കുന്നതാണ്. ഓട്ടത്തിനു ശേഷം ഡ്രൈവർക്ക് കുറഞ്ഞ സ്റ്റാർ നൽകിയാൽ കമ്പനിയിൽനിന്ന് ഉടൻ വിളിവരും. അപ്പോൾ നമ്മൾ പറയുന്ന കാര്യം ശരിയാണെങ്കിൽ കു്വറ സോറിയും ഒരു ഓട്ടവും കിട്ടും, അത്ര തന്നെ.
ഓൺലൈൻ ആപ് ശദ്ധിച്ച് ഉപയോഗിച്ചാൽ  ഒരിക്കലും നഷ്ടം പറ്റില്ല. സാദാ ടാക്‌സികളേക്കാൾ എന്തുകൊണ്ടും ലാഭമാണ്. മാന്യമായി ഇടപെടാൻ അതിലെ ഡ്രൈവർമാർക്ക് നല്ല പരിശീലനം നൽകുന്നുണ്ടെന്ന കാര്യം ഉറപ്പാണ്. അനാവശ്യമായി ഒരു വാക്കു പോലും അവർ പറയില്ല. വണ്ടി ക്ലീനായിരിക്കും. പച്ചകളാണെങ്കിൽ പോലും കരീമിലായാൽ പിന്നെ മിണ്ടില്ല.  ഓട്ടം കഴിഞ്ഞാൽ ഡ്രൈവർക്ക് അഞ്ച് സ്റ്റാർ കൊടുക്കാൻ നമ്മുടെ മനസ്സ് തന്നെ പറയും.
മൽബു ഇനി ജോലി തേടിപ്പോകുമ്പോൾ ഓൺലൈൻ ടാകിസിയിലേ പോകാവൂ: ഉസ്മാൻ നിർദേശിച്ചു. പക്ഷേ ആപ് ഉപയോഗിക്കുമ്പോൾ നല്ല ശ്രദ്ധ വേണം കേട്ടോ. ഇല്ലെങ്കിൽ പണി പാളും. ഈയിടെ എന്റെ ഒരു സുഹൃത്തിന്റെ കാർ വഴിയിൽ കേടായി. ഞാൻ പറഞ്ഞതനുസരിച്ച് ഓൺലൈൻ കാർ വിളിച്ച മൂപ്പർക്ക് അക്കിടി പറ്റി. അഞ്ച് കി.മീ ദൂരത്തിന് 45 റിയാൽ നൽകേണ്ടിവന്നു. അയാളുടെ സെലക്ഷൻ തെറ്റിപ്പോയതാണ് കരാണം. ബുക്ക് ചെയ്യുന്നതിനു മുമ്പ് റേറ്റ് നോക്കണം. ഏതു കാറ്റഗറിയാണെന്ന് ഉറപ്പു വരുത്തണം.  ഗോ, ഗോ പ്രോ, ടാക്‌സി, ഷെയർ എന്നിങ്ങനെ ഏതാണെന്നു നോക്കി സെലക്ട് ചെയ്താൽ നിരക്ക് കൃത്യമായി കാണിക്കും. തുടർന്ന് മൽബുവിന്റെ ഫോണിലേക്ക് ഓൺലൈൻ കാറിന്റെ ആപ് ഡൗൺലോഡ് ചെയ്തു കൊടുക്കുകയും ചെയ്തു. 
പിന്നെ മിസ്‌രിയുടെ കാര്യം. ഇന്റർവ്യൂവിന് പോകുമ്പോൾ വില കൂടിയ കാറിന്റെ താക്കോലും കനമുള്ള പഴ്‌സും രണ്ടു ഫോണുകളും കൊണ്ടുപോകണമെന്ന് അയാൾ നൽകിയ ഉപദേശത്തെ തമാശയാക്കണ്ട. കാര്യായിട്ടെടുക്കണം: ഉസ്മാൻ പറഞ്ഞു. 
ഈയിടെ എന്റെ ഓഫീസിൽ ഇതുപോലെ ഒരാൾ അഭിമുഖത്തിനു വന്നിരുന്നു. വില കൂടിയ കാറിന്റെ താക്കോലും രണ്ടു ഫോണും ഒക്കെ കുടി കൈയിലൊതുങ്ങാത്ത സാധനങ്ങൾ. ഇതൊക്കെ മാനേജരുടെ മുന്നിൽ എടത്തുവെച്ചു. ലുക്കാണെങ്കിലോ അപാര ലുക്കും.  നല്ല യോഗ്യതയുള്ള കുറെ പേർ ഇന്റർവ്യൂവിന് ഹാജരായിരുന്നെങ്കിലും  തെരഞ്ഞെടുക്കപ്പെട്ടത് അയാളായിരുന്നു. 
അവിശ്വസനീയ കഥ കേട്ട് മൽബുവിനു ചിരി വന്നു. ഇങ്ങനെയൊക്കെ സംഭവിക്കുമോ?
ചിരിച്ചണ്ട... ഉണ്ടായ സംഭവാണ്. ഇന്നു അയാൾ ബോസിന്റെ ഇഷ്ടക്കാരനുമാണ്.
 

Latest News