ഗുരു നാനക് ജന്മവാര്‍ഷിക സൂചകമായി എയര്‍ ഇന്ത്യ വിമാനത്തിന്റെ വാലില്‍ സിഖ് മതചിഹ്നം

ന്യൂദല്‍ഹി- സിഖ് മതാചാര്യന്‍ ഗുരു നാനകിന്റെ 550ാം ജന്മവാര്‍ഷിക ആചരണത്തിന്റെ ഭാഗമായി എയര്‍ ഇന്ത്യയുടെ വാലില്‍ സിഖ് മതചിഹ്നമായ 'ഇക് ഓംകാര്‍' മുദ്രണം ചെയ്തു. ബോയിങ് 787 ഡ്രീംലൈനര്‍ വിമാനത്തിന്റെ വാലിലാണ് ഈ ചിഹ്നം സ്വര്‍ണ വര്‍ണത്തില്‍ പതിച്ചത്. അമൃത്‌സറില്‍ നിന്നും ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസ് ദീര്‍ഘനാളത്തെ ആവശ്യമാണ്. ഈ സര്‍വീസും ഗുരു പുരബ് ദിവസം തുടങ്ങുമെന്ന് എയര്‍ ഇന്ത്യ സിഎംഡി അശ്വിനി ലൊഹാനി പറഞ്ഞു. ഇതിനുള്ള വിമാനമാണ് ഒരുക്കിക്കൊണ്ടിരിക്കുന്നത്. വിമാനത്തിന്റെ വാലില്‍ ചുവന്ന പ്രതലത്തിലാണ് ദൈവം ഒന്ന് എന്നര്‍ത്ഥം വരുന്ന ഇക് ഓംകാര്‍ എന്ന ചിഹ്നം വരച്ചിരിക്കുന്നത്.

വിമാനത്തിന്റെ പുറം ഭാഗം ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. എയര്‍ ഇന്ത്യാ വിമാനങ്ങള്‍ ലോകത്തിന്റെ പലഭാഗത്തേക്കും പറക്കുന്നുണ്ട്. ഇന്ത്യയുടെ സന്ദേശം ഇതുവഴി പരമാവധി സ്ഥലങ്ങളിലെത്തിക്കാന്‍ കഴിയും-ലൊഹാനി പറഞ്ഞു. സിഖ് മതസ്ഥാപകനും പത്ത് സിഖ് ഗുരുവരന്‍മാരില്‍ ആദ്യത്തെയാളുമായ ഗുരു നാനകിന്റെ 550ാം ജന്മവാര്‍ഷിക ദിനം നവംബര്‍ 12നാണ്.
 

Latest News