Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഫോറത്തിൽ 49 വൻകിട നിക്ഷേപകർ പങ്കെടുക്കും

സമ്മേളനം നാളെ മുതൽ 31 വരെ റിയാദിൽ 

റിയാദ് - തലസ്ഥാന നഗരിയിൽ ഈ മാസം 29 മുതൽ 31 വരെ നടക്കുന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് ഫോറത്തിൽ 49 വൻകിട നിക്ഷേപകർ പങ്കെടുക്കുമെന്ന് പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് വെളിപ്പെടുത്തി. വികസിത രാജ്യങ്ങളിൽ തന്ത്രപ്രധാന സ്ഥാനം അലങ്കരിക്കുന്ന സൗദി അറേബ്യയിലെ നിക്ഷേപ സാധ്യതകൾ അനാവരണം ചെയ്യുന്നതിന്റെ ഭാഗമായി സമ്മേളനത്തോടനുബന്ധിച്ച് വിവിധ പരിപാടികളും സെഷനുകളും നടക്കും. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉൾപ്പെടെ 30 രാജ്യങ്ങളിൽ നിന്നുള്ള 300 ഓളം ലോകപ്രശസ്തരായ വ്യക്തിത്വങ്ങളും സംബന്ധിക്കും. വടക്കൻ അമേരിക്കയിൽ 39 ഉം യൂറോപ്പിൽനിന്ന് 20 ഉം ഏഷ്യയിൽനിന്ന് 19 ഉം മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽനിന്ന് 15 ഉം ശതമാനം പ്രതിനിധികളാണ് സംബന്ധിക്കുക. ഫോറത്തിൽ പങ്കെടുക്കുന്നതിന് ഇതിനകം 6000 ലേറെ പേർ രജിസ്റ്റർ ചെയ്തുകഴിഞ്ഞതായും പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് അധികൃതർ വ്യക്തമാക്കി. 
ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവിന്റെ ഭാഗമാകുന്ന കമ്പനികളിൽ ഡോ കെമിക്കൽ, എച്ച്.എസ്.ബി.സി, സാംസംഗ്, ലുലു ഇന്റർനാഷണൽ, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ഡി.പി വേൾഡ്, റിയാദ് ബാങ്ക്, സാബിക്, സൗദി അറേബ്യൻ എയർലൈൻസ്, റെഡ് സീ ഡെവലപ്‌മെന്റ് കമ്പനി, മആദിൻ തുടങ്ങി 16 എണ്ണം സംരംഭത്തിന്റെ തന്ത്രപ്രധാന പങ്കാളികളാണ്. ഗ്രാവിറ്റി എക്‌സ്ട്രീം ഇ, ഹൈവ്, ഹുവാവി, മാർക്കബിൾ, പിംഗ് ആൻ ഗുഡ് ഡോക്ടർ, പ്യുവർ ഹാർവെസ്റ്റ്, റിവ എനർജി സൊല്യൂഷൻ, സെൻസ് ടൈം, വിർജിൻ ഹൈപ്പർലൂപ് വൺ തുടങ്ങി സാങ്കേതിക മേഖലയിൽ ലോകോത്തര നേട്ടം കൈവരിച്ച 21 കമ്പനികളുടെ പ്രതിനിധികളും ത്രിദിന ഫോറത്തിൽ സംബന്ധിക്കും. കൃത്രിമ ബുദ്ധി, റോബോട്ടിക് ടെക്‌നോളജി, കമ്യൂണിക്കേഷൻസ് തുടങ്ങിയ മേഖലകളിൽ തങ്ങളുടെ ഏറ്റവും പുതിയ കണ്ടെത്തലുകളും നേട്ടങ്ങളും ഈ കമ്പനികൾ പ്രദർശിപ്പിക്കും. 
കൺസൾട്ടിംഗ്, കോഓപറേറ്റീവ് മേഖലകളിൽ പ്രവർത്തിക്കുന്ന 12 പ്രമുഖ സ്ഥാപനങ്ങളും ഫോറത്തിൽ നിർണായക സാന്നിധ്യമായിരിക്കും. ഭാവിയിലെ വാണിജ്യ സാധ്യതകളും നിക്ഷേപാവസരങ്ങളും പ്രതിനിധികളെ പരിചയപ്പെടുത്തുന്നതിന് സഹായകമായ പരിപാടികൾ സംഘടിപ്പിക്കുന്നതിനാണ് ഫോറം ഈ കമ്പനികളെ സേവനം പ്രയോജനപ്പെടുത്തുന്നത്.
വേൾഡ് ഓഷ്യൻ കൗൺസിൽ, ഡിലോയ്റ്റി, ഇ.വൈ, കെ.പി.എം.ജി, പി.ഡബ്ല്യൂ.സി, സിയ പാർട്‌ണേഴ്‌സ് എന്നീ കമ്പനികളാണ് ഈ ഗണത്തിൽ പെടുന്നത്.  
സംവാദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും 
വിവിധ വകുപ്പുകൾ തമ്മിൽ പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിനും സഹായകമാകുന്ന വിവിധ വിഷയങ്ങൾ ഫോറം ചർച്ച ചെയ്യുമെന്ന് പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് അധികൃതർ പറഞ്ഞു. ഫോറത്തിൽ സംബന്ധിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളെ പരിചയപ്പെടുന്നതിനും മറ്റുള്ള വിശദാംശങ്ങൾക്കും ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് വെബ്‌പോർട്ടൽ സന്ദർശിക്കാമെന്നും അവർ വ്യക്തമാക്കി.  

Latest News