ഒടുവില്‍ ബഗ്ദാദി മരിച്ചുവോ? വലുത് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് ട്രംപ്; കാതോര്‍ത്ത് ലോകം

വാഷിങ്ടണ്‍- സിറിയയില്‍ യുഎസ് സേന നടത്തിയ റെയ്ഡില്‍ ഐഎസ് തലവന്‍ ബഗ്ദാദി കൊല്ലപ്പെട്ടെന്ന റിപോര്‍ട്ടുകള്‍ക്കു പിന്നാലെ ആകാംക്ഷ കൂട്ടി യുഎസ് പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപിന്റെ ട്വീറ്റ്. വലുത് എന്തോ സംഭവിച്ചിട്ടുണ്ട് എന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്. ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് (ഇന്ത്യന്‍ സമയം ഞായറാഴ്ച വൈകീട്ട്) ട്രംപ് സുപ്രധാന പ്രസ്താവന നടത്തുമെന്ന് വൈറ്റ് ഹൗസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ ട്രംപിന്റെ ട്വീറ്റും ബഗ്ദാദി കൊല്ലപ്പെട്ടെന്ന റിപോര്‍ട്ടുകളും വന്നതോടെ എന്താണ് സംഭവിച്ചതെന്നറിയാന്‍ ലോകം കാതോര്‍ത്തിരിക്കുകയാണ്.

അല്‍ഖാഇദ ഭീകരന്‍ ഉസാമ ബിന്‍ലാദനെ കൊലപ്പെടുത്തിയ രീതിയില്‍ ബഗ്ദാദിയെ വധിക്കാന്‍ രഹസ്യ നീക്കം നടത്താന്‍ യുഎസ് സേനയ്ക്ക് ട്രംപ് ഈയിടെ അനുമതി നല്‍കിയിരുന്നതായും റിപോര്‍ട്ടുകളില്‍ പറയുന്നു. ഇതു സംബന്ധിച്ച് യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ പ്രതികരിച്ചിട്ടില്ല.
 

Latest News