Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൈവശമുള്ള അധികപണം വെളിപ്പെടുത്താത്തവർക്ക് എതിരെ സൗദിയിൽ കേസ്

തായിഫ് - എയർപോർട്ടുകളും തുറമുഖങ്ങളും കരാതിർത്തി പോസ്റ്റുകളും അടക്കമുള്ള അതിർത്തി പ്രവേശന കവാടങ്ങളിൽ തങ്ങളുടെ പക്കലുള്ള പരിധിയിലധികമുള്ള പണത്തെക്കുറിച്ച് യാത്രക്കാർ മുൻകൂട്ടി വെളിപ്പെടുത്താത്തതുമായി ബന്ധപ്പെട്ട 778 കേസുകളിൽ കഴിഞ്ഞ വർഷം അന്വേഷണം നടത്തിയതായി ദേശീയ സുരക്ഷാ ഏജൻസിക്കു കീഴിലെ ധന അന്വേഷണ വിഭാഗം അറിയിച്ചു. സൗദി അറേബ്യയിൽനിന്ന് പുറത്തു പോകുന്ന യാത്രക്കാരും വിദേശങ്ങളിൽ നിന്ന് സൗദിയിലേക്ക് വരുന്നവരും പണവും സ്വർണ ബിസ്‌കറ്റുകളും ആഭരണങ്ങളും ട്രാവലേഴ്‌സ് ചെക്കുകളും അടക്കം തങ്ങളുടെ പക്കലുള്ള 60,000 റിയാലും അതിൽ കൂടുതലുമുള്ള പണത്തെ കുറിച്ച് പ്രത്യേക ഫോറം പൂരിപ്പിച്ചു നൽകി കസ്റ്റംസിനു മുന്നിൽ മുൻകൂട്ടി വെളിപ്പെടുത്തണമെന്ന് വ്യവസ്ഥയുണ്ട്. പണം വെളുപ്പിക്കലും നികുതി വെട്ടിപ്പും തടയുന്നതിന്റെ ഭാഗമായാണിത്. നിശ്ചിത പരിധിയിൽ കൂടുതലുള്ള പണത്തെക്കുറിച്ച് മുൻകൂട്ടി വെളിപ്പെടുത്താത്ത യാത്രക്കാർക്കെതിരായ കേസ് കസ്റ്റംസ് കമ്മിറ്റിക്ക് കൈമാറുകയും ബന്ധപ്പെട്ട സുരക്ഷാ വകുപ്പുകളെ അറിയിക്കുകയുമാണ് ചെയ്യുന്നത്. 
കഴിഞ്ഞ വർഷം പണവും സ്വർണവും ട്രാവലേഴ്‌സ് ചെക്കുകളും അടക്കം തങ്ങളുടെ പക്കലുള്ള 60,000 റിയാലും അതിൽ കൂടുതലുമുള്ള പണത്തെ കുറിച്ച് 27,622 പേർ പ്രത്യേക ഫോറം പൂരിപ്പിച്ചു നൽകി അതിർത്തി പ്രവേശന കവാടങ്ങളിൽ കസ്റ്റംസിനെ മുൻകൂട്ടി അറിയിച്ചു. വാണിജ്യ ആവശ്യത്തോടെ കൈവശം വെക്കുന്ന 3000 റിയാലിൽ കൂടുതലുള്ള ചരക്കുകളെക്കുറിച്ചും സെലക്ടീവ് ടാക്‌സ് ബാധകമായ ഉൽപന്നങ്ങളെക്കുറിച്ചും ഇതേപോലെ മുൻകൂട്ടി വെളിപ്പെടുത്തൽ നിർബന്ധമാണ്. 
നിയമ ലംഘകർക്ക് ആദ്യ തവണ പിടികൂടുന്ന പണത്തിന്റെ 25 ശതമാനത്തിന് തുല്യമായ തുക പിഴ ചുമത്തും. നിയമ ലംഘനം ആവർത്തിക്കുന്നവർക്ക് പിടികൂടുന്ന പണത്തിന്റെ 50 ശതമാനത്തിന് തുല്യമായ തുക പിഴ ചുമത്തും. 
കുറ്റകൃത്യങ്ങളിലൂടെ സമ്പാദിച്ച പണമാണെന്നും പണം വെളുപ്പിക്കൽ ഇടപാടിന്റെ ഭാഗമായ പണമാണെന്നും സംശയിക്കപ്പെടുന്ന പക്ഷം പണം മുഴുവൻ കസ്റ്റഡിയിലെടുക്കുകയും നിയമ ലംഘകർക്കെതിരായ കേസ് നിയമ നടപടികൾക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്യും. ഇത്തരം കേസുകളിൽ മുഴുവൻ പണവും കണ്ടുകെട്ടുന്നതിന് കോടതി വിധിച്ചേക്കും. കൂടാതെ കുറ്റക്കാർക്ക് പത്തു വർഷം വരെ തടവും 50 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കും. 
കസ്റ്റംസ് തീരുവ വെട്ടിക്കുന്നതിന് ഉൽപന്നങ്ങൾ കടത്തുന്നവർക്കെതിരായ കേസ് കസ്റ്റംസ് കമ്മിറ്റിക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഇത്തരം കേസുകളിൽ ഉൽപന്നങ്ങൾ കണ്ടുകെട്ടുന്നതിനു പുറമെ തടവും പിഴയും ശിക്ഷ ലഭിക്കും. നിയമ ലംഘനം ആവർത്തിച്ച് കുടുങ്ങുന്നവർക്ക് ഇരട്ടി ശിക്ഷ ലഭിക്കും.
 

Latest News