Sorry, you need to enable JavaScript to visit this website.

ആൾക്കൂട്ടത്തിലെ ഒറ്റയാൻ

ഫിഫ മികച്ച ഫുട്‌ബോളർമാരെ ആദരിക്കാൻ തുടങ്ങിയിട്ട് മൂന്നു ദശകത്തോളമായി. ലോകത്തെ മൂന്നു മികച്ച കളിക്കാരിൽ ഒരു ഡിഫന്റർക്ക് സ്ഥാനം കിട്ടിയത് നാലു തവണ മാത്രമാണ്.

ഒരു ഡിഫന്റർക്ക് ഫുട്‌ബോൾ ലോകത്തിന്റെ ആദരവ് കിട്ടണമെങ്കിൽ അദ്ഭുതം സംഭവിക്കണം. പന്ത് വലയിലെത്തുന്നത് തടയാനുള്ള കഴിവ് മാസ്മരിക ഗോളുകൾ നേടുന്നതു പോലെയോ അവസരങ്ങൾ സൃഷ്ടിക്കുന്നതു പോലെയോ അംഗീകരിക്കപ്പെടാറില്ല. അതു കൊണ്ടു തന്നെ ഈ സീസണിൽ വിർജിൽ വാൻഡെക് ഈ സീസണിൽ കാഴ്ചവെച്ച മികവ് സമീപകാല ഓർമയിൽ ഒരു ഡിഫന്ററുടെ ഏറ്റവും മികച്ചതാണ്. 
ഫിഫ മികച്ച ഫുട്‌ബോളർമാരെ ആദരിക്കാൻ തുടങ്ങിയിട്ട് മൂന്നു ദശകത്തോളമായി. ലോകത്തെ മൂന്നു മികച്ച കളിക്കാരിൽ ഒരു ഡിഫന്റർക്ക് സ്ഥാനം കിട്ടിയത് നാലു തവണ മാത്രമാണ്. അതിൽ രണ്ടു പേർ മാത്രമാണ് പൂർണമായും ഡിഫന്റർ, 2006 ൽ ഫാബിയൊ കനവാരോ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. 1995 ൽ പൗളൊ മാൽദീനി രണ്ടാം സ്ഥാനത്തെത്തി. 1991 ൽ ഫിഫ ബഹുമതി നേടിയ ലോതർ മത്തായൂസ് കരിയറിന്റെ അവസാന ഘട്ടത്തിൽ സ്വീപറുടെ റോളിലേക്ക് മാറിയതായിരുന്നു. 1997 ൽ റോബർടൊ കാർലോസ് രണ്ടാം സ്ഥാനത്തെത്തി. റോബർടൊ കാർലോസ് ഡിഫന്ററെന്നതിനെക്കാൾ ആക്രമണത്തിലാണ് മികവു കാട്ടിയത്. അതുകൊണ്ടു തന്നെ വാൻഡെക് അപൂർവ ജനുസ്സാണ്. ലിവർപൂളിനു വേണ്ടിയും നെതർലാന്റ്‌സിനു വേണ്ടിയും കാഴ്ചവെച്ച അത്യുജ്വല പ്രകടനമാണ് ഫിഫ വോട്ടിംഗിൽ രണ്ടാം സ്ഥാനത്തെത്താൻ വാൻഡെക്കിനെ സഹായിച്ചത്. വാൻഡെക് സംസാരിക്കട്ടെ...

ചോ: ഫിഫയുടെ മികച്ച കളിക്കാരിലൊരാളാവുക ഒരു ഡിഫന്ററെ സംബന്ധിച്ചിടത്തോളം ഏതാണ്ട് അസാധ്യമായ കാര്യമാണ്. വളർന്നുവരുന്ന കളിക്കാരനോട് ഡിഫന്ററാവാൻ നിർദേശിക്കുമോ?
ഉ: എട്ടു വയസ്സായ കുട്ടിയെ സംബന്ധിച്ചിടത്തോളം കളി ആസ്വദിക്കുകയെന്നതാണ് പ്രധാനം. എതിരാളികളെ ഗോളടിക്കുന്നതിൽനിന്ന് തടയുന്നതാണ് കൂടുതൽ ആവേശം നൽകുന്നതെങ്കിൽ അത് ചെയ്യുക. മറ്റൊരു കാര്യം പറയാനുള്ളത് എല്ലാവരും ഒരേ പാതയിലൂടെയല്ല ഉന്നതിയിലെത്തുന്നത്. ചിലർക്ക് അത് എളുപ്പമായിരിക്കും. പ്രതിഭയുള്ള കളിക്കാരാണെങ്കിൽ. എന്നാൽ മറ്റു ചിലർക്ക് ഉയരങ്ങളിലെത്താൻ കൂടുതൽ അധ്വാനം വേണ്ടിവരും. കഠിനാധ്വാനത്തിനും അർപ്പണബോധത്തിനുമൊപ്പം അൽപം ഭാഗ്യവും തുണക്കണം. അതുകൊണ്ട് തന്നെ ഒരിക്കലും പ്രതീക്ഷ കൈവിടരുത്. സ്വപ്‌നങ്ങളെ പിന്തുടരുക. 

ചോ: പോയ സീസണിലെ മികച്ച പ്രകടനമാണ് വാൻഡെക് ശ്രദ്ധിക്കപ്പെടാൻ കാരണം. ഏതാണ് ഓർമയിൽ തങ്ങിനിൽക്കുന്നത്?
ഉ: സീസൺ ഉടനീളം ഉജ്വലമായിരുന്നു. മികച്ച ഗോളുകൾ, മികച്ച കളി.. നിരവധി അവാർഡുകൾ ലിവർപൂൾ നേടി. മികച്ച ഗോൾകീപ്പർ, ലീഗിൽ കൂടുതൽ കളികളിൽ ഗോൾ വഴങ്ങാതിരുന്നതിന്റെ അവാർഡ്, രണ്ട് ഗോൾഡൻ ബൂട്ട്, ആലിസൻ ബെക്കർ കോപ അമേരിക്ക ജേതാവായി, ആ ടൂർണമെന്റിലും മികച്ച ഗോളിയായി. ആക്രമണത്തിലും പ്രതിരോധത്തിലും ഞങ്ങൾ കാഴ്ചവെച്ച കഠിനാധ്വാനമാണ് ഈ നേട്ടങ്ങളുടെ കാരണം. ഒന്നാന്തരം സീസൺ ചാമ്പ്യൻസ് ലീഗ് വിജയത്തിലൂടെ അവസാനിപ്പിക്കാനായതിൽ സന്തോഷമുണ്ട്. 

ചോ: യൂർഗൻ ക്ലോപ് മികച്ച കോച്ചായി തെരഞ്ഞെടുക്കപ്പെട്ടു. എപ്പോഴെങ്കിലും നിങ്ങൾ തമ്മിൽ ഉരസേണ്ട സാഹചര്യം ഉണ്ടായോ?
ഉ: ഉരസൽ എന്നു പറയാൻ പറ്റില്ല. പലപ്പോഴും അദ്ദേഹം അനിഷ്ടം പ്രകടിപ്പിച്ചിട്ടുണ്ട്, എനിക്കു നേരെ ഒച്ച വെച്ചിട്ടുണ്ട്. ആവേശമാണ് ക്ലോപ്പിന്റെ മുഖമുദ്ര. എല്ലാ കളിയും ജയിക്കണം. കളിക്കളത്തിലെ ഓരോ വാരക്കു വേണ്ടിയും പൊരുതണം. അതിനാൽ എപ്പോഴും അദ്ദേഹത്തിന് ചിരിക്കാനാവില്ല. എപ്പോഴും തമാശ പറയുകയുമില്ല. പലപ്പോഴും നന്നായി ഞങ്ങളെ പണിയെടുപ്പിക്കും. വേണ്ടിവന്നാൽ വടിയെടുക്കും. 

ചോ: മെസ്സിയും ക്രിസ്റ്റിയാനോക്കുമൊപ്പമാണ് താങ്കൾ അവസാന മൂന്നിലെത്തിയത്. നിങ്ങളുടെ പൊതുവായ ഗുണമെന്താണ്?
ഉ: ഒരു കാര്യം മാത്രം. മൂന്നു പേരും പോയ സീസണിൽ ഫുട്‌ബോളിൽ ഉണ്ടാക്കിയ നേട്ടങ്ങൾ. ക്ലബ്ബിനൊപ്പവും ദേശീയ ടീമിനൊപ്പവും. ഈ കളിക്കാർക്കൊപ്പമെത്താനായതിൽ വലിയ സന്തോഷവും അഭിമാനവുമുണ്ട്. ഇരുവരും ഫുട്‌ബോൾ കളിച്ചവരിൽ ഏറ്റവും മികച്ചവരുടെ കൂട്ടത്തിലാണ്. ഞാൻ ഈ സീസണിൽ അവർക്കൊപ്പം നിൽക്കാൻ അർഹനാണ് എന്ന് പലരും കരുതി എന്നതു തന്നെ അംഗീകാരമാണ്. 

ചോ: ലോക ക്ലബ് ഫുട്‌ബോൾ ചാമ്പ്യൻഷിപ് ഡിസംബറിൽ അരങ്ങേറുകയാണ്. എന്താണ് പ്രതീക്ഷകൾ?
ഉ: ചാമ്പ്യൻ ക്ലബ്ബുകളാണ് ക്ലബ് ലോകകപ്പിന് എത്തുക. ഏതു ക്ലബ്ബും വെല്ലുവിളിയാണ്. നൂറു കണക്കിന് ആരാധകർ ഓരോ ടീമിനൊപ്പവും കളി കാണാനെത്തും. വലിയ ആവേശമാണ് പ്രതീക്ഷിക്കുന്നത്.
 

Latest News