Sorry, you need to enable JavaScript to visit this website.

ഗാംഗുലി -പ്രതീക്ഷയും ആശങ്കയും

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനമേറ്റെടുത്ത് രണ്ടു ദശകത്തിനു ശേഷം സൗരവ് ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റിന്റെ ക്യാപ്റ്റൻ സ്ഥാനമേറ്റെടുക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റ് വഴിത്തിരിവിൽ നിൽക്കുമ്പോൾ ഗാംഗുലിയേക്ക് പ്രതീക്ഷയോടെയാണ് ക്രിക്കറ്റ് പ്രേമികൾ നോക്കുന്നത്. 
കഴിഞ്ഞ അഞ്ചു വർഷത്തോളം ഇന്ത്യൻ ക്രിക്കറ്റ് രണ്ടു തലത്തിലായിരുന്നു. ഇന്ത്യൻ ടീം ചരിത്രത്തിലില്ലാത്ത വിധം മികവിന്റെ പാരമ്യത്തിലേക്ക് കുതിച്ചു. അതേസമയം ക്രിക്കറ്റ് ഭരണം അലങ്കോലമായിരുന്നു. ഐ.സി.സിയിൽ ഇന്ത്യക്കുണ്ടായിരുന്ന പ്രതാപം നഷ്ടപ്പെട്ടു. ഇന്ത്യയുടെ അപ്രമാദിത്വം ചോദ്യം ചെയ്യപ്പെട്ടു. 
ഇന്ത്യൻ ടീം ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്താണ്. ഹോം പരമ്പരകളിൽ ഇന്ത്യയെ വെല്ലാൻ ഒരു ടീമിനും സാധിക്കാത്ത അവസ്ഥയാണ്. ദക്ഷിണാഫ്രിക്കക്കെതിരായ സമ്പൂർണ വിജയം അതിന്റെ അവസാനത്തെ തെളിവാണ്. എന്നാൽ ബി.സി.സി.ഐയിൽ നിഴൽ യുദ്ധം കൊടുമ്പിരിക്കൊള്ളുകയായിരുന്നു. ലോധ കമ്മിറ്റി നിർദേശിച്ച പരിഷ്‌കാരങ്ങൾ നടപ്പാക്കാനായി സുപ്രീം കോടതി കുടിയിരുത്തിയ കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സും ബി.സി.സി.ഐ ഭാരവാഹികളും തമ്മിൽ ശീതയുദ്ധത്തിലായിരുന്നു. 
2013 ലെ ഐ.പി.എൽ ഒത്തുകളി വിവാദമാണ് ബി.സി.സി.ഐയിൽ അടിച്ചുതളി ആവശ്യമാണെന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചത്. ഐ.പി.എൽ ഒത്തുകളിയിൽ കളിക്കാരും ബി.സി.സി.ഐ ഭാരവാഹികളും ഒഫിഷ്യലുകളുമൊക്കെ ഉൾപ്പെട്ടിരുന്നു. ഐ.പി.എൽ ഫ്രാഞ്ചൈസി ഉടമ കൂടിയായ മരുമകന് വാതുവെപ്പ് ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടും ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്തു തുടരാൻ എൻ. ശ്രീനിവാസൻ ശ്രമിച്ചത് കാര്യങ്ങൾ വഷളാക്കി. അതോടെയാണ് സുപ്രീം കോടതി ഇടപെട്ടത്.
ജസ്റ്റിസ് ലോധ കമ്മിറ്റി നിർദേശിച്ച പരിഷ്‌കാരങ്ങൾ നടപ്പാക്കാൻ സുപ്രീം കോടതി തന്നെ വിനോദ് റായിയുടെ നേതൃത്വത്തിൽ ബി.സി.സി.ഐയുടെ തലപ്പത്ത് കമ്മിറ്റിയെ നിയോഗിച്ചു. അവരെ തടയാൻ ബി.സി.സി.ഐ ഭാരവാഹികൾ എല്ലാ ശ്രമവും നടത്തി. നീണ്ട നിഴൽ യുദ്ധത്തിനു ശേഷം പ്രകാശത്തിന്റെ കിരണമാണ് ഗാംഗുലി. കഴിഞ്ഞ ദിവസം ഗാംഗുലി ചുമതലയേറ്റതോടെ കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് പടിയൊഴിഞ്ഞു. 
സംഭവബഹുലമായിരുന്നു ഗാംഗുലിയുടെ ക്രിക്കറ്റ് കരിയർ. 1996 ൽ ടീമിലെത്തിയപ്പോൾ ആരും ഗാംഗുലിയെ വിശ്വസിച്ചില്ല. കിഴക്കെ ഇന്ത്യയുടെ ക്വാട്ടയിൽ പിൻവാതിലിലൂടെ ടീമിൽ കയറിക്കൂടിയതാണെന്ന ആരോപണങ്ങൾക്ക് ലോഡ്‌സിലെ ആദ്യ ടെസ്റ്റിലെ സെഞ്ചുറിയിലൂടെ ഗാംഗുലി മറുപടി നൽകി. 2000 ൽ ഇന്ത്യൻ ക്രിക്കറ്റ് ഒത്തുകളി വിവാദത്തിൽ ആടിയുലഞ്ഞപ്പോൾ ക്യാപ്റ്റൻ സ്ഥാനത്ത് അവരോധിതനായി. കളിക്കാരുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും ആരാധകരുടെ വിശ്വാസം വീണ്ടെടുക്കുകയും ചെയ്തു. ഒടുവിൽ താൻ തന്നെ കൊണ്ടുവന്ന കോച്ച് ഗ്രെഗ് ചാപ്പലുമായുള്ള വടംവലി ഗാംഗുലിയുടെ കരിയർ അവസാനിപ്പിക്കേണ്ടതായിരുന്നു. ടീമിൽനിന്ന് പുറത്തായ ശേഷവും പൊരുതുകയും തിരിച്ചെത്തുകയും ചെയ്തു.  2006-07 ലെ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ ഗാംഗുലിയുടെ തിരിച്ചുവരവ് അരങ്ങേറ്റം പോലെ ഗംഭീരമായി. 2008 ൽ വിരമിക്കുമ്പോൾ ഗാംഗുലിയുടെ പേരിൽ ഇരുപതിനായിരത്തോളം രാജ്യാന്തര റൺസ് ഉണ്ടായിരുന്നു, 38 സെഞ്ചുറികളും. വിരമിച്ച ശേഷം ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായി. അത് ക്രിക്കറ്റ് ഭരണത്തെക്കുറിച്ച് വലിയ അനുഭവ പരിചയം സമ്മാനിച്ചു. 
പക്ഷെ ബി.സി.സി.ഐ പ്രസിഡന്റെന്ന നിലയിൽ വലിയ വെല്ലുവിളിയാണ് ഗാംഗുലിയെ കാത്തിരിക്കുന്നത്. ലോധ കമ്മിറ്റി പരിഷ്‌കാരങ്ങളിൽ സംസ്ഥാന അസോസിയേഷനുകൾ പരമാവധി വെള്ളം ചേർക്കുകയും പഴയ കുടുംബഭരണം തിരിച്ചുകൊണ്ടുവരികയും ചെയ്തിട്ടുണ്ട്. ഗാംഗുലി എന്ന നായകൻ നഗരകേന്ദ്രീകൃതമായ ശൈലിയിൽനിന്ന് മാറി ഗ്രാമങ്ങളിലെ കളിക്കാരെ ഇന്ത്യൻ ടീമിലെത്താൻ സഹായിച്ചു. പഴയ പടക്കുതിരകളെ നിയന്ത്രിക്കുന്നതിൽ അതേ ആവേശം ഗാംഗുലിക്ക് കാണിക്കാനാവുമോയെന്നാണ് അറിയേണ്ടത്. 
ഗാംഗുലിക്ക് പത്തു മാസമേ അധ്യക്ഷ സ്ഥാനത്തിരിക്കാനാവൂ. ലോധ കമ്മിറ്റി പരിഷ്‌കാരമനുസരിച്ച്, ഏതെങ്കിലും ക്രിക്കറ്റ് പദവിയിൽ ആറു വർഷം ഇരുന്നവർ കുറച്ചു കാലത്തേക്കെങ്കിലും മാറിനിൽക്കണം. പകരം ആര് എന്നതാണ് ചോദ്യം. ഗാംഗുലിക്ക് ഐകകണ്‌ഠ്യേന പിന്തുണയുണ്ടായിരുന്നുവെങ്കിലും ബി.ജെ.പി നേതൃത്വത്തിന്റെ വ്യക്തമായ ചരടുവലിയോടെയാണ് നാൽപത്തേഴുകാരൻ അധികാരത്തിലെത്തിയത്. രണ്ട് പ്രധാന ലക്ഷ്യം അതിനു പിന്നിലുണ്ടായിരുന്നു. ഗാംഗുലിയെ ബി.ജെ.പിയിലേക്ക് കൊണ്ടുവരികയും ബംഗാളിൽ മമതാ ബാനർജിക്കെതിരെ മത്സരിപ്പിക്കുകയും ചെയ്യുക. രണ്ടാമത്തേത്, പത്തു മാസം കഴിഞ്ഞ് ഗാംഗുലി ബി.സി.സി.ഐയുടെ പടിയിറങ്ങുമ്പോൾ ക്രിക്കറ്റ് ഭരണം കൈപ്പിടിയിലൊതുക്കുക. 
എൻ. ശ്രീനിവാസൻ വീണ്ടും ബി.സി.സി.ഐ ഭരണം കൈപ്പിടിയിലൊതുക്കുന്നതിലുള്ള അംഗങ്ങളുടെ നീരസമാണ് ബി.ജെ.പി മുതലാക്കിയത്. മുൻ ഇന്ത്യൻ താരം ബ്രിജേഷ് പട്ടേലിനെ ബി.സി.സി.ഐ പ്രസിഡന്റാക്കാൻ ശ്രീനിവാസൻ കരുക്കൾ നീക്കിയിരുന്നു. മുൻ ബി.സി.സി.ഐ പ്രസിഡന്റ് കൂടിയായ കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷാക്കു വേണ്ടിയും ചരടുവലിച്ചു. മത്സരം വേണ്ടിവന്നാൽ ജയ് ഷാക്ക് യാതൊരു സാധ്യതയുമില്ലെന്ന് വ്യക്തമായതോടെയാണ് ബി.ജെ.പി സൗരവിന്റെ പിന്നിൽ അണിനിരന്നത്. സൗരവിന് ഏകകണ്ഠമായ പിന്തുണ കിട്ടി. പക്ഷെ ജയ് ഷായും അനുരാഗിന്റെ അനുജൻ അരുൺ ധുമലും നിർണായക പദവികൾ നേടി. ജയ് ഷായാണ് സെക്രട്ടറി, അരുൺ ട്രഷററും.  
വ്യക്തമായ ബി.ജെ.പി പിന്തുണയുള്ളവരുമായി കൈകോർക്കാൻ ഗാംഗുലിക്ക് പ്രയാസമില്ലാതിരുന്നത് ആശങ്കപ്പെടുത്തുന്നുവെന്ന് കോൺഗ്രസ് വക്താവ് സഞ്ജയ് ഝാ കുറ്റപ്പെടുത്തി. ഗാംഗുലിയെ പോലെ വ്യക്തിപ്രഭാവമുള്ള ഒരാളെ കിട്ടുന്നത് ബംഗാളിൽ ബി.ജെ.പിക്ക് വലിയ ഗുണം ചെയ്യുമെന്ന് ദ ഹിന്ദു പൊളിറ്റിക്കൽ എഡിറ്റർ നിസ്തുല ഹെബർ അഭിപ്രായപ്പെട്ടു. ബി.സി.സി.ഐ അധ്യക്ഷ പദവി ഏറ്റെടുക്കും മുമ്പ് അമിത് ഷായുമായുള്ള കൂടിക്കാഴ്ച കൂടുതൽ വലിയ ദൗത്യത്തിലേക്കുള്ള സൂചനയാകാമെന്ന് ഹെബർ കരുതുന്നു. 
എന്നാൽ തങ്ങൾ തമ്മിൽ രാഷ്ട്രീയം സംസാരിച്ചിട്ടില്ലെന്നാണ് സൗരവ് ആവർത്തിക്കുന്നത്. നവംബറിൽ കൊൽക്കത്തയിൽ നടക്കുന്ന ടെസ്റ്റിലേക്ക് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ ക്ഷണിച്ചിട്ടുമുണ്ട്. മമതയുമായി അടുത്ത ബന്ധമുണ്ട് സൗരവിന്. സൗരവ് ബി.ജെ.പിയിലെത്തിയാലും ഇല്ലെങ്കിലും പാർട്ടി ഒരു കാര്യം ഉറപ്പാക്കിക്കഴിഞ്ഞു. പത്തു മാസം കാത്തിരുന്നാൽ ബി.സി.സി.ഐ ഭരണം പാർട്ടിയുടെ ചൊൽപ്പടിയിലാവും. ബി.സി.സി.ഐ പുതിയ ദിശ തേടുമ്പോൾ ഏറ്റവും ആശങ്കപ്പെടുത്തുന്ന വസ്തുതയും ഇതാണ്.
 

Latest News