ഇമാന്‍ വീല്‍ചെയറില്‍ ഇരുന്നു; ചികിത്സയില്‍ വന്‍ പുരോഗതി

അമിത വണ്ണം കാരണം ശരീരം അനക്കാന്‍ പോലും കഴിയാതിരുന്ന ഇമാന്‍ അഹമ്മദ് വീല്‍ചെയറില്‍ ഇരിക്കുന്നു.

അബൂദാബി- ലോകത്തെ ഏറ്റവും തൂക്കമുള്ള ഈജിപ്ഷ്യന്‍ വനിത ഇമാന്‍ അഹമ്മദിന്റെ (36) ഭാരം കുറയ്ക്കാന്‍ നടത്തിവരുന്ന ചികിത്സയില്‍  ആശാവഹമായ പുരോഗതി. അമിത വണ്ണം കാരണം ശരീരം അനക്കാന്‍ പോലും സാധിക്കാത്ത ഇവരെ 75 ദിവസം മുമ്പാണ് അബൂദാബി ബുര്‍ജീല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി ഇമാന്‍ പ്രത്യേകം തയാറാക്കിയ വീല്‍ചെയറില്‍ ഇരുന്നു.  യുവതിയുടെ ശരീര ഭാരം പകുതിയായി കുറക്കാനാണ്  ലക്ഷ്യമിടുന്നതെന്നും ചികിത്സ വിജയിക്കുമെന്ന കാര്യത്തില്‍ ശുഭപ്രതീക്ഷയുണ്ടെന്നും ബുര്‍ജീല്‍ ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യാസീന്‍ അല്‍ശഹാത്ത് പറഞ്ഞു. അതിവേഗം ഇമാന്‍ സാധാരണ നിലയിലെത്തുമെന്ന് അവര്‍ വിലയിരുത്തി.
മെയ് നാലിന് ഇവിടെ പ്രവേശിപ്പിച്ച സമയത്തുള്ള ശരീരഭാരത്തില്‍നിന്ന് ഏതാണ്ട് 60 കിലോഗ്രാം കുറഞ്ഞിട്ടുണ്ടെന്ന് ബുര്‍ജീല്‍ ആശുപത്രി സി.ഇ.ഒയും വി.പി.എസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് എം.ഡിയുമായ ഡോ. ഷംസീര്‍ വയലില്‍ പറഞ്ഞു.
 

Latest News