ദ്വീപിലേക്ക് മാറാന്‍ റോഹിംഗ്യകള്‍ സമ്മതിച്ചുവെന്ന് ബംഗ്ലാദേശ്; ഇല്ലെന്ന് പൗരാവകാശ സംഘടന

റോഹിംഗ്യകളെ പുനരധിവസിപ്പിക്കാന്‍ ബംഗ്ലാദേശിലെ ദ്വീപില്‍ പണിത കെട്ടിടം.


നിര്‍ബന്ധിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് റോഹിംഗ്യകള്‍

ധാക്ക- ആയിരക്കണക്കിന് റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ പുതിയ ദ്വീപിലേക്ക് മാറാന്‍ തയാറാണെന്ന ബംഗ്ലാദേശിന്റെ വാദത്തില്‍ സംശയവും ആശങ്കയും പ്രകടിപ്പിച്ച് ആഗോള പൗരാവകാശ സംഘടന. പ്രകൃതിദുരന്തങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്ന പുതിയ ദ്വീപില്‍ പുനരധിവസിപ്പിക്കുന്നതിന് റോഹിംഗ്യകള്‍ സമ്മതിച്ചുവെന്നാണ് ബംഗ്ലാദേശ് വ്യക്തമാക്കിയിരുന്നത്.
2017 ല്‍ മ്യാന്‍മറില്‍ നടന്ന ക്രൂരമായ സൈനിക ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട് പാക്കിസ്ഥാനിലെത്തിയ പത്ത് ലക്ഷത്തോളം വരുന്ന റോഹിംഗ്യകള്‍ താമസിക്കുന്ന ക്യാമ്പുകളില്‍ നിന്ന് ഒരു ലക്ഷം പേരെ ഭാഷന്‍ ചാര്‍  ദ്വീപിലേക്ക് മാറ്റാന്‍ ബംഗ്ലാദേശ് അധികൃതര്‍ ദീര്‍ഘകാലമായി ശ്രമിച്ചുവരികയാണ്. പ്രധാന ക്യാമ്പുകളിലെ തിരക്ക് ഒഴിവാക്കാന്‍ ഇതു സഹായിക്കുമെന്നാണ് വാദം.
6,000 മുതല്‍ 7,000 വരെ റോഹിംഗ്യകള്‍  ദ്വീപിലേക്ക് താമസം മാറ്റാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അടുത്ത മാസം ഇതിന് തുടക്കം കുറിക്കുമെന്നും ബംഗ്ലാദേശ് അധികൃതര്‍ പറയുന്നു. എന്നാല്‍ റോഹിംഗ്യകളുമായി കൂടിയാലോചിക്കാതെ ബംഗ്ലാദേശ് അധികൃതര്‍ ഏകപക്ഷീയമായി നടത്തിയ പ്രഖ്യാപനമാണിതെന്ന് ആഗോള പൗരാവകാശ സംഘടനയായ
ഫോര്‍ട്ടിഫൈ റൈറ്റ്‌സ് പറയുന്നു. മാറാന്‍ സമ്മതിച്ചുവെന്ന് പറയുന്ന  അഭയാര്‍ഥികളുടെ പട്ടികയിലുള്ളവരടക്കം മൂന്ന് ക്യാമ്പുകളില്‍ 14 റോഹിംഗ്യകളുമായി അഭിമുഖം നടത്തിയതായി ഫോര്‍ട്ടിഫൈ റൈറ്റ്‌സ് വ്യക്തമാക്കി.
ബംഗ്ലാദേശ് സര്‍ക്കാര്‍  ദ്വീപിലേക്ക് പോകാന്‍ നിര്‍ബന്ധിച്ചാല്‍, ക്യാമ്പില്‍ വിഷം കുടിച്ച് ആത്മഹത്യ ചെയ്യുമെന്നും അവിടേക്ക് പോകില്ലെന്നുമാണ് ലിസ്റ്റിലുള്ള ഒരു സ്ത്രീയുടെ പ്രതികരണം.  ആരും എന്നോട് ഇക്കാര്യം പറഞ്ഞിട്ടില്ലെന്നും വെള്ളത്തിനടുത്ത് താമസിക്കാന്‍ ഭയമാണെന്നും  ദ്വീപില്‍ എത്താന്‍ ബോട്ടില്‍ നാല് മണിക്കൂര്‍ സഞ്ചരിക്കണമെന്നും അവര്‍ പറഞ്ഞു.  യു.എസ് ആസ്ഥാനമായുള്ള സംഘമാണ് ഫോര്‍ട്ടിഫെ റൈറ്റ്‌സ്.  
സ്ഥലം മാറ്റേണ്ടവരെ കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ റോഹിംഗ്യന്‍ ക്യാമ്പുകളിലെ നേതാക്കളെ സമ്മര്‍ദ്ദത്തിലാക്കുകയാണെന്നും 70 ലധികം കുടുംബങ്ങളുടെ ഒരു പട്ടിക കണ്ടതായും  റിപ്പോര്‍ട്ടില്‍ പറയുന്നു.
ദ്വീപ് അഭയാര്‍ഥികള്‍ക്ക് സുസ്ഥിരമായ പരിഹാരമല്ലെന്നും അത് താമസ യോഗ്യമല്ലെന്ന് റോഹിംഗ്യകള്‍ക്ക് തന്നെയാണ് അറിയുകയെന്നും  ഫോര്‍ട്ടിഫൈ റൈറ്റ്‌സ് തലവന്‍ മാത്യു സ്മിത്ത് പറഞ്ഞു.
സ്ഥിരമായി കൊടുങ്കാറ്റ് വീശാറുള്ള ബംഗാള്‍ ഉള്‍ക്കടലിലെ ദ്വീപിലേക്ക് ആളുകളെ മാറ്റുന്നതിനെ കുറിച്ച്  മറ്റ് പൗരാവകാശ ഗ്രൂപ്പുകളും ആശങ്ക അറിയിച്ചിരുന്നു. പുതിയ നീക്കം യു.എന്‍ ഏജന്‍സികളും പ്രധാന സഹായ ദാതാക്കളും  അംഗീകരിച്ചിട്ടില്ല. അനുയോജ്യമായ സ്ഥലമാണെന്ന് വിദഗ്ധര്‍ അംഗീകരിക്കുന്നതുവരെ അഭയാര്‍ഥികളെ ഭാഷാന്‍ ചാറിലേക്ക് മാറ്റരുതെന്ന് അമേരിക്ക ബംഗ്ലാദേശിനോട് ആവശ്യപ്പെട്ടിരുന്നു.
രാജ്യത്ത് റോഹിംഗ്യകളുടെ സാന്നിധ്യം കുറക്കുന്നതിന്  ബംഗ്ലാദേശ് തീവ്ര ശ്രമങ്ങള്‍ നടത്തി വരികയാണ്. കഴിഞ്ഞ ഓഗസ്റ്റില്‍ റോഹിംഗ്യകളെ സ്വദേശത്തേക്ക് മടക്കി അയക്കാനുള്ള ശ്രമം നടന്നിരുന്നുവെങ്കിലും അഭയാര്‍ഥികളില്‍ ഒരാള്‍ പോലും മ്യാന്‍മറിലേക്ക് മടങ്ങാന്‍ സമ്മതിച്ചില്ല.
ബംഗ്ലാദേശിലെ മറ്റേതൊരു തീരപ്രദേശത്തേക്കാളും പുതിയ ദ്വീപ് സുരക്ഷിതമായിരിക്കുമെന്നാണ് ബംഗ്ലാദേശ് അധികൃതര്‍ അവകാശപ്പെടുന്നത്. കൊടുങ്കാറ്റിനെ പ്രതിരോധിക്കുന്ന കെട്ടിടങ്ങളാണ് ഇവിടെയുള്ളതെന്ന് പദ്ധതിയുടെ മുഖ്യ ശില്‍പി അഹമ്മദ് മുക്ത അവകാശപ്പെടുന്നു.
റോഹിംഗ്യകള്‍ ഇപ്പോള്‍ താമസിക്കുന്ന തിരക്കേറിയ ക്യാമ്പുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് സ്വര്‍ഗമാകുമെന്നാണ് ലണ്ടന്‍ ആസ്ഥാനമായുള്ള എം.ഡി.എം ആര്‍ക്കിടെക്റ്റിലെ അഹമ്മദ് മുക്ത പറയുന്നത്.

 

Latest News