Sorry, you need to enable JavaScript to visit this website.

ഇരുൾ പരക്കുന്ന വേളകളിൽ നിലാവുദിക്കാൻ...

'ഇത് വല്ലാത്ത ചേലായിപ്പോയി! ഗുരു അനുവദിക്കുകയാണെങ്കിൽ  ഈ തെമ്മാടിയെ ഞാൻ നിർദയം കൈകാര്യം ചെയ്യും'  ആനന്ദൻ കോപാക്രാന്തനായി  പൊട്ടിത്തെറിച്ചു.
ഒരു സദസ്സിൽ  പൊടുന്നനെ   ഒരാൾ ശ്രീബുദ്ധന്റ  മുഖത്ത് തുപ്പിയതാണ് രംഗം. ഇത് കണ്ടാണ്  ശിഷ്യൻ ആനന്ദന് അടക്കാനാവാത്ത  കലികയറിയത്. 
ബുദ്ധൻ തന്റെ  മുഖം തുടച്ച്, തുപ്പിയ ആളോട്  സൗമ്യമായി പറഞ്ഞു: നന്ദിയുണ്ട് താങ്കളോട്. കാരണം  അത്രയെളുപ്പത്തിലൊന്നും ഞാൻ കോപിഷ്ഠനാവുകയില്ലെന്ന്  എന്നെ  ബോധ്യപ്പെടുത്തിയല്ലോ?  ആനന്ദനും  നിങ്ങളോട്  നന്ദിയുണ്ടാവണം. കാരണം  ആനന്ദന് ഇപ്പോഴും എളുപ്പത്തിൽ  ദേഷ്യം പിടിക്കുന്ന കാര്യം അദ്ദേഹത്തെ താങ്കൾ  ബോധ്യപ്പെടുത്തിയല്ലോ?
എപ്പോഴൊക്കെ   ആരുടെയെങ്കിലും മുഖത്ത് തുപ്പണം  എന്നു തോന്നുന്നുവോ അപ്പോഴൊക്കെ നിങ്ങൾ ഇവിടെ വന്നാലും.'
ഇത് കേട്ട് സ്തബ്ധനായി നാണിച്ച്  വീട്ടിലേക്ക് മടങ്ങിയ അയാൾക്ക് ഉറക്കം കിട്ടാതെ രാത്രി കഴിച്ചു കൂട്ടേണ്ടി വന്നെന്നും പിറ്റേന്ന് പുലർച്ചെ  തിരികെയെത്തി  ബുദ്ധനോട് മാപ്പിരന്നെന്നുമാണ് കഥ. അപ്പോൾ ബുദ്ധൻ പറഞ്ഞ മറുപടിയും ഏറെ ചിന്തനീയമാണ്. ''എന്നോട്  മാപ്പിരക്കേണ്ടതില്ല. കാരണം താങ്കളുടെ പ്രവൃത്തി എന്നെ അലോസരപ്പെടുത്തിയിട്ടില്ലല്ലോ! മാപ്പിരക്കേണ്ടത് ആനന്ദനോടാണ്. അയാളെ അത് സന്തോഷിപ്പിച്ചേക്കും.''
നിത്യേന നമ്മുടെ ജീവിതത്തിൽ നാം ഇടപഴകുന്നവരെ  പൊതുവേ  രണ്ട് വിഭാഗമായി തിരിക്കാം: നമ്മെ വളർത്തുന്നവരും നമ്മെ തളർത്തുന്നവരും. ഈ രണ്ടു വിഭാഗത്തോടും നന്ദിയുള്ളവരാവുമ്പോഴാണ് നമ്മിലെ നന്മ പൂർണമായും പ്രകാശിതമാവുന്നത്. 
നമ്മെ തകർക്കാൻ ശ്രമിക്കുന്നവർ പോലും, അവരുടെ ഉദ്ദേശ്യമെന്തോ ആവട്ടെ, നമ്മെ കൂടുതൽ ശക്തൻമാരും ശ്രദ്ധാലുക്കളുമാക്കാനുള്ള വഴിയൊരുക്കുന്നുണ്ടെന്ന സൂക്ഷ്മമായ തിരിച്ചറിവ് ഇതിനാവശ്യമാണ്. പറയുന്ന പോലെ അതത്ര എളുപ്പമൊന്നുമല്ല. ഉദാത്തമായ ക്ഷമാശീലം കൂടിയേ തീരൂ. ജീവിതത്തിലെ ഏതവസ്ഥയിലും നന്ദിബോധം കൈവിടാതെ സൂക്ഷിക്കുന്ന ഒരാളിലേ  ഈ ശീലം രൂപപ്പെടുകയുമുള്ളൂ.
തിന്മയെ ഏറ്റവും നല്ല നന്മ കൊണ്ട് തടയുക എന്ന വേദവാക്യത്തിൽ ഉൾച്ചേർന്നിരിക്കുന്ന പൊരുളെന്തെന്ന്  അത്തരക്കാർക്ക് എളുപ്പത്തിൽ ബോധ്യപ്പെടുന്നു. ശത്രുതയിൽ കഴിഞ്ഞവർ പോലും ആത്മമിത്രങ്ങളാവുന്നതിന്റെ മഹനീയ രസതന്ത്രം അവർ അപ്പോൾ  അനുഭവിക്കുന്നു. 
ഹൃദ്യമായ തരത്തിൽ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും  കൃതജ്ഞത പ്രകടിപ്പിക്കുന്നവർ കൂടുതൽ ആരോഗ്യകരമായ  ഈടുറ്റ ബന്ധങ്ങൾ  വളർത്തിയെടുക്കുന്നതിൽ വിജയിക്കുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മാത്രമല്ല, നന്ദി ശീലമുള്ളവർ മെച്ചപ്പെട്ട  കായികാരോഗ്യമുള്ളവരാണെന്നും  താരതമ്യേന ശാരീരികമായി കുറഞ്ഞ മുറിവുകളും  വേദനയും മാത്രമേ അവർ നേരിടുന്നുള്ളൂവെന്നും പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
മാനസികമായ സുസ്ഥിതിയും ഉല്ലാസവും ഇവരിൽ  വളരെ കൂടുതലായിരിക്കും. കൂടാതെ, പക, വിദ്വേഷം, അസൂയ, വിഷാദം എന്നിവയും  ഇത്തരക്കാരിൽ വളരെ കുറവായിരിക്കുമെന്നും ഈ മേഖലയിൽ ഗവേഷണം നടത്തുന്ന റോബർട്ട് എമൺസ് വിലയിരുത്തുന്നു.  
നന്ദിബോധമുള്ളവർ കൂടുതൽ അനുകമ്പയുള്ളവരും സഹാനുഭൂതിയുള്ളവരും പ്രതികാര മനോഭാവം വളരെ  കുറഞ്ഞവരുമായിരിക്കുമെന്നതാണ് അടുത്ത കാലത്ത് കെന്റക്കി സർവ്വകലാശാലയിൽ നടന്ന പഠനം വ്യക്തമാക്കുന്നത്.
കൃതജ്ഞതാ നിർഭരമായ മനസ്സുള്ളവർ  മറ്റുള്ളവരുടെ നേട്ടങ്ങളിൽ കുശുമ്പില്ലാത്തവരും മികച്ച ആത്മബോധമുള്ളവരും കൂടുതൽ ശാന്തവും സ്വസ്ഥവുമായ ഉറക്കം അനുഭവിക്കുന്നവരുമാണെന്നും  ഗവേഷണ ഫലങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്.
ഉപാധികളില്ലാത്ത പ്രത്യുപകാരങ്ങളിലൂടെയും ഉപഹാരങ്ങളിലൂടെയും പാരിതോഷികങ്ങളിലൂടെയും നന്ദി പ്രകടിപ്പിക്കാം. ലഭിക്കുന്ന ആളെപ്പോലെ നൽകുന്ന ആൾ കൂടി ആനന്ദിക്കുന്ന ഒരു മാനുഷിക ഭാവമാവണമത്.
ജീവിതത്തിലെ ഏതവസ്ഥയിലും നന്ദി വഴിയുന്ന മനസ് ഭാരശൂന്യവും  സംഘർഷരഹിതമാവുമായിരിക്കും. ബുദ്ധനെ പോലെയായില്ലെങ്കിലും അത്തരം മനസ്സുകളെ എളുപ്പത്തിൽ പ്രകോപിക്കുവാനോ, ശുണ്ഠിയെടുപ്പിച്ച് ബുദ്ധിഹീനമായ രീതിയിൽ  അരുതാത്തത് പറയാനും പ്രവർത്തിക്കാനും അവരെ പ്രേരിപ്പിക്കാനോ മലിന മനസ്‌കർക്ക് കഴിഞ്ഞോളണമെന്നില്ല. പ്രതീക്ഷിക്കാത്ത വഴികളിലൂടെ  ശാന്തിയും  അഭിവൃദ്ധിയും അത്തരം ജീവിതങ്ങളെ  നിരന്തരം തേടിയെത്തുകയും  ചെയ്യുന്നു. അകതാരിൽ ദുഃഖഭരിതമായ ഇരുൾ പരക്കുന്ന വേളകളിൽ  നന്ദി ബോധത്തിന്റെ ഒരു ചെറു തിരി കൊളുത്തി നോക്കൂ. പൊടുന്നനെ മനസ്സിൽ വിഷാദത്തിന്റെ  കാറകന്ന്  ആനന്ദത്തിന്റെ നിലാവെളിച്ചം പരന്ന് തുടങ്ങുന്നത് അനുഭവിക്കാം.
 

Latest News