Sorry, you need to enable JavaScript to visit this website.

ഗസലുകളുടെ ഗാന്ധർവം

ഗ്ലോബൽ ഹ്യൂമൻ പീസ് യൂണിവേഴ്‌സിറ്റി പുരസ്‌കാരം സുനിതാ നെടുങ്ങാടി ഏറ്റുവാങ്ങുന്നു.

അച്ഛന്റെ കഥകൾ പ്രസിദ്ധീകരിക്കാൻ കൊടുക്കും മുമ്പ് എന്നെയും ചേച്ചിയെയും കൊണ്ട്  വായിപ്പിക്കും. അങ്ങനെ വായന ഹരമായി എന്നൊഴിച്ചാൽസാഹിത്യവുമായി  ഒരു ബന്ധവുമില്ല. അച്ഛനാണ് എന്നെ പാട്ട് പഠിപ്പിക്കാൻ താൽപര്യം കാണിച്ചത്. പത്തുവയസിൽ തുടങ്ങി സംഗീതത്തോടുള്ള പ്രണയം തുടങ്ങി. 

തെക്കേ ഇന്ത്യയിലെ മികച്ച ഗായികയ്ക്കുള്ള 2019 ലെ ഗ്ലോബൽ ഹ്യൂമൻ പീസ് യൂണിവേഴ്‌സിറ്റി പുരസ്‌കാരം ഏറ്റുവാങ്ങുന്ന നേരം സുനിതാ നെടുങ്ങാടി സദസ്യരെ കയ്യിലെടുത്ത് പാടി. 
രാത് ബി നീന്ത് ബി കഹാനി ബി
ഹയേ ക്യാ ചിസ് ഹേ ജവാനി ബി
രാത് ബി നീന്ത് ബി കഹാനി ബി...

പ്രശസ്ത തമിഴ് കവി എൻ. ജീവനാഥനിൽനിന്നാണ് സുനിത സമ്മാനം ഏറ്റുവാങ്ങിയത്. കലാസാഹിത്യ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച ഇന്ത്യയിലെ വിവിധ പ്രതിഭകൾക്ക് വർഷം തോറും ഗ്ലോബൽ ഹ്യൂമൻ പീസ് യൂണിവേഴ്‌സിറ്റി പ്യൂപ്പിൾ ഫോറം നൽകി വരാറുള്ള അവാർഡാണ് ഇത്തവണ ഈ പാലക്കാട്ടുകാരിയെ തേടിയെത്തിയത്. ഭാരത് സേവക് സമാജമാണ് ഈ സമ്മാനം ഏർപ്പെടുത്തിയത്. 
ചെന്നൈ ഭാരതീയ വിദ്യാഭവനിൽ നടന്ന ചടങ്ങിൽ ചെന്നൈ ഹൈക്കോടതി ജഡ്ജി വെങ്കടേശൻ, സ്‌പെഷ്യൽ കമ്മീഷണർ സമ്പത്ത് കുമാർ തുടങ്ങിയവരും പങ്കെടുത്തു. പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. 
ഗസൽ, സുനിതയ്ക്ക് ഉൽസവമാണ്. ഏറെക്കാലം ഇന്തോനേഷ്യയിലായിരുന്നു സുനിത. പ്രമുഖ ബാലസാഹിത്യകാരൻ പി. നരേന്ദ്രനാഥിന്റെ മകളാണ്. കുഞ്ഞിക്കൂനൻ എന്ന പുസ്തകം   സൃഷ്ടിച്ച് സാഹിത്യലോകത്തെ ഞെട്ടിച്ചയാളാണ് നരേന്ദ്രനാഥ്.
അച്ഛന്റെ കഥകൾ വായിച്ച് ഒപ്പം സംഗീതത്തെയും സ്‌നേഹിച്ച് വളർന്ന  പെൺകുട്ടി  പിന്നീട് ഗസലിൽ വിസ്മയം തീർക്കുകയായിരുന്നു.  


സുനിത പറയുന്നു: അച്ഛന്റെ കഥകൾ  പ്രസിദ്ധീകരിക്കാൻ കൊടുക്കും മുമ്പ് എന്നെയും ചേച്ചിയെയും കൊണ്ട്  (പ്രമുഖ നർത്തകി വിനിതാ നെടുങ്ങാടിയാണ് ചേച്ചി) വായിപ്പിക്കും. അങ്ങനെ വായന ഹരമായി എന്നൊഴിച്ചാൽ സാഹിത്യവുമായി  ഒരു ബന്ധവുമില്ല. അച്ഛനാണ് എന്നെ പാട്ട് പഠിപ്പിക്കാൻ താൽപര്യം കാണിച്ചത്. പത്തുവയസിൽ തുടങ്ങി സംഗീതത്തോടുള്ള പ്രണയം തുടങ്ങി. തുടക്കത്തിൽ ക്ലാസിക്കൽ ആണ് പഠിച്ചത്. വിവാഹ ശേഷമാണ് ഗസലിലേക്ക് തിരിഞ്ഞത്. ഭർത്താവ് ചെർപ്പുളശ്ശേരി സ്വദേശി സുനിൽ നെടുങ്ങാടിയും നല്ലൊരു ഗസൽ ഗായകനും കലാകാരനുമാണ്.. സത്യത്തിൽ ക്ലാസിക്കൽ എനിക്ക് അത്ര വഴങ്ങില്ല.  ഗസലാണ് എന്റെ വഴി എന്ന തിരിച്ചറിവിലാണ് ഇതിലേക്ക് തിരിഞ്ഞത്. സുനിലിന്റെ പ്രോത്സാഹനം കൂടെ ആയപ്പോൾ ഗസൽ സംഗീതത്തെ സീരിയസായി കാണാൻ തുടങ്ങി. 
സുഗതകുമാരിയുടെ നന്ദി, വയലാറിന്റെ രാജഹംസം, പി. കുഞ്ഞിരാമൻ നായരുടെ വിത്തും കൈക്കോട്ടും എന്നീ കവിതകൾ ഗസൽ രൂപത്തിൽ ചിട്ടപ്പെടുത്തി വേദികളിൽ ആലപിക്കാറുണ്ട്. സംഗീത സംവിധായകൻ പ്രണവം മധു ആണ് ഇവ മൂന്നും ചിട്ടപ്പെടുത്തിയത്. ഗസലിൽ ആൽബം ആണ് പണ്ട് മുതൽ ചെയ്യുന്നത്. ഇനി മുംബൈ കേന്ദ്രീകരിച്ചുള്ള ഒരു ആൽബമാണ് വരാനിരിക്കുന്നത്. കൂടാതെ വിനോദ് മങ്കരയുടെ നിത്യസുമംഗലി എന്ന സിനിമയിലും പാടുന്നുണ്ട്. ദേവദാസിയുടെ കഥ പറയുന്ന സിനിമയാണ് അത്.
ഇതിനിടെ ഒരു ഡസൻ സിനിമകളിൽ അഭിനയിച്ചു. പ്രിയനന്ദനന്റെ സൂഫി പറഞ്ഞ കഥയിൽ ആയിഷയായി വേഷമിട്ടു. പി. കുഞ്ഞിരാമൻ നായരുടെ ജീവിതകഥ പറഞ്ഞ 'ഇവൻ മേഘരൂപ'നിൽ (വിനോദ് മങ്കര സംവിധാനം) സുനിത പാടി അഭിനയിക്കുകയായിരുന്നു.

Latest News