വ്യവസായത്തിനും വാണിജ്യത്തിനും അനുകൂലവും പ്രായോഗികവുമായ അന്തരീക്ഷം രൂപീകരിക്കാൻ ഭരണകൂടവും വ്യവസായികളും തദ്ദേശ ഭരണസ്ഥാപനങ്ങളും ഒത്തൊരുമിക്കണമെന്നത് ദീർഘകാല ആവശ്യമാണ് ഇതേ വികാരമാണ് സർക്കാരിന്റെ വ്യവസായ വാണിജ്യ നയത്തിന് അന്തിമരൂപം നൽകാനായി വ്യവസായവാണിജ്യ രംഗത്തെ പ്രതിനിധികളുമായി താജ് ഗെയ്റ്റ്വെയിൽ നടന്ന യോഗത്തിൽ പ്രകടമായത്. കെ.എസ്.ഐ.ഡി.സി ചെയർമാൻ ക്രിസ്റ്റി ഫെർണാണ്ടസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി (വ്യവസായം) പോൾ ആന്റണി സന്നിഹിതനായിരുന്നു.
സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള റെഗുലേറ്ററി നടപടികൾ ലഘൂകരിക്കുക, പൊതുമേഖലാ വ്യവസായങ്ങൾ ശാക്തീകരിക്കുക, പ്രാദേശിക വിഭവങ്ങൾ പ്രയോജനപ്പെടുത്തി ഗ്രാമീണ മേഖലയിൽ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുക തുടങ്ങി നയത്തിന്റെ ഉദ്ദേശ്യങ്ങളും വീക്ഷണവുമടങ്ങുന്ന കരട് രേഖയുടെ സംഗ്രഹം കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടർ ഡോ. എം. ബീന അവതരിപ്പിച്ചു. വ്യവസായ സംരംഭങ്ങളുടെ ലൈസൻസ് കാലാവധി അഞ്ചു വർഷമായി നിജപ്പെടുത്താനുള്ള കരടുനയത്തിലെ തീരുമാനത്തെ വ്യവസായികളടങ്ങിയ സദസ്യർ അനുമോദിച്ചു. വ്യവസായ പാർക്കുകളിൽ നിലവിലുള്ള വ്യവസായികളുടെ പ്രശ്നങ്ങൾ പരിഗണിക്കണമെന്ന് കേരളാ സ്റ്റേറ്റ് സ്മാൾ ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രതിനിധി രാമചന്ദ്രൻ നായർ പറഞ്ഞു. കരാറിലേർപ്പെട്ട് തുക നൽകിയശേഷം വ്യവസായ പാർക്കിൽ വ്യവസായമാരംഭിച്ചവർക്ക് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ലഭിക്കണം. വ്യവസായ എസ്റ്റേറ്റുകൾക്ക് കുറഞ്ഞത് 50 ഏക്കർ ഭൂമി വേണമെന്ന നിർദേശം ഒഴിവാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭൂമി ലഭ്യത കുറവായതിനാൽ ഇത് പത്തേക്കറായി കുറയ്ക്കണം.
വ്യവസായ പാർക്കിൽ 30-40 വർഷമായി വ്യവസായം നടത്തുന്നവരെ സഹായിക്കുന്ന തരത്തിലുള്ള എക്സിറ്റ് നയവും പരിഗണിക്കണമെന്ന് വ്യവസായികൾ യോഗത്തിൽ നിർദേശിച്ചു. സൂക്ഷ്മചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള നടപടികൾ പൊതുമേഖലാ സ്ഥാപനങ്ങളും കൈക്കൊള്ളണം. പൂട്ടിക്കിടക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളല്ലാത്ത വൻകിട സ്ഥാപനങ്ങൾ പുനരുദ്ധരിക്കുകയോ പുതിയ വ്യവസായങ്ങൾക്കായി ഉപയോഗിക്കുകയോ ചെയ്യണമെന്ന് കേരളാ സ്റ്റേറ്റ് സ്മാൾ ഇൻഡസ്ട്രീസ് അസോസിയേഷൻ (കോട്ടയം) പ്രതിനിധി സേവ്യർ തോമസ് അഭിപ്രായപ്പെട്ടു. ജി.എസ്.ടി നിലവിൽ വന്നതോടെ ചെറുകിട വ്യവസായികൾ മാർക്കറ്റിംഗ് രംഗത്ത് അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സർക്കാർ സഹായിക്കണം. സർക്കാരിന്റെ വ്യവസായ വാണിജ്യ നയം സംബന്ധിച്ച് വർഷത്തിലൊരിക്കൽ ഇത്തരം യോഗങ്ങൾ സംഘടിപ്പിച്ച് വ്യവസായികളിൽ നിന്നുകൂടി നിർദേശങ്ങൾ സ്വീകരിക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
വ്യവസായ വാണിജ്യ ഡയറക്ടർ കെ.എൻ സതീഷ്, കിൻഫ്ര മാനേജിംഗ് ഡയറക്ടർ കെ.എ സന്തോഷ്കുമാർ, കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ (കെബിപ്) സിഇഒ വി രാജഗോപാൽ തുടങ്ങിയവർ സംസാരിച്ചു. വ്യവസായികളുടെയും വ്യാപാരി, വ്യവസായ സംഘടനകളുടെയും ചേമ്പേഴ്സ് ഓഫ് കൊമേഴ്സിന്റെയും മറ്റു പ്രൊഫഷണൽ സമിതികളുടെയും പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
നിയമങ്ങളും ചട്ടങ്ങളും ലഘൂകരിക്കും
കൊച്ചി- സംസ്ഥാനത്ത് വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്ന വ്യവസായികളെ ആകർഷിക്കുന്നതിനായി തദ്ദേശ ഭരണ സ്ഥാപനങ്ങളിൽനിന്നു ലഭിക്കേണ്ട വിവിധതരം അനുമതികളുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ലഘൂകരിക്കാൻ ഉദ്ദേശിക്കുന്നതായി സർക്കാർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. പ്രവാസി വ്യവസായി വർഗീസ് കുര്യന് സർക്കാർ ഓഫീസുകളിൽനിന്നും നേരിടേണ്ടി വന്ന അവഗണന ചൂണ്ടിക്കാണിച്ച് മട്ടാഞ്ചേരി സ്വദേശി ഗോവിന്ദൻ നമ്പൂതിരി ഫയൽ ചെയ്ത കേസിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.
2000 കോടിയുടെ നിക്ഷേപം നടത്താനെത്തിയ വ്യവസായിയാണ് സർക്കാർ ഉദേ്യാഗസ്ഥരുടെ അനാവശ്യ തടസ്സവാദങ്ങൾ കാരണം ബുദ്ധിമുട്ടിലായതെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ കമ്മീഷൻ ആക്റ്റിംഗ് അധ്യക്ഷൻ പി. മോഹനദാസ് വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയിൽ നിന്നും വിശദീകരണം തേടിയിരുന്നു.സംസ്ഥാനത്തെ നിക്ഷേപസൗഹൃദമാക്കുന്നതിനും വ്യവസായികളെ ആകർഷിക്കുന്നതിനുമായി സർക്കാർ പ്രതേ്യക താത്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. വ്യവസായിയായ വർഗീസ് കുര്യന്റെ പരാതികൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വ്യവസായ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.






