എന്‍എസ്എസ് ഓഫീസിനു നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ചാണകമേറ്

തിരുവനന്തപുരം- കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റ് ആയിരുന്ന വട്ടിയൂര്‍കാവില്‍ പരാജയപ്പെട്ടതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശാസ്തമംഗലത്തെ എന്‍എസ്എസ് കരയോഗം ഓഫീസിനു നേരെ ചാണകമെറിഞ്ഞു. സംഭവത്തില്‍ മധുസൂദനന്‍ എന്ന പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. ഇദ്ദേഹം മദ്യപിച്ചിരുന്നതായി പോലീസ് പറയുന്നു. വട്ടിയൂര്‍കാവില്‍ എല്‍ഡിഎഫ് അട്ടമറി ജയം നേടിയതാണ് ഇയാളെ പ്രകോപിപ്പിച്ചത്. വട്ടിയൂര്‍കാവില്‍ എന്‍എസ്എസ് കോണ്‍ഗ്രസിനു പിന്തുണ നല്‍കുന്നതായി പ്രചരണമുണ്ടായിരുന്നു. ഫലം വന്നതോടെ എന്‍എസ്എസ് പിന്തുണയുണ്ടായിട്ടും കോണ്‍ഗ്രസ് പരാജയപ്പെട്ടത് തിരിച്ചടിയായിരിക്കുകയാണ്. അതേസമയം ആര്‍ക്കും എന്‍എസ്എസ് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്നും ശരിദൂരമാണ് നിലപാടെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രതികരിച്ചു.

എന്‍എസ്എസിന്റെ പിന്തുണ തിരിച്ചടി ആയെന്ന് സംശയിക്കുന്നതായി പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥഇ കെ മോഹന്‍കുമാര്‍ പ്രതികരിച്ചു. വട്ടിയൂര്‍ കാവില്‍ എന്‍എസ്എസ് യുഡിഎഫിനെ പിന്തുണച്ച് പരസ്യമായി തന്നെ രംഗത്തുണ്ടായിരുന്നു. മോഹന്‍കുമാറിനു വോട്ടു നല്‍കണമെന്ന് എന്‍എസ്എസ് താലൂക്ക് യൂണിയന്‍ കരയോഗങ്ങള്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു. സിപിഎമ്മിനേയും ബിജെപിയേയും പരസ്യമായി വിമര്‍ശിച്ചിരുന്ന സുകുമാരന്‍ നായര്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നില്ല.
 

Latest News