ബഖാല ജീവനക്കാരനെ കൊലപ്പെടുത്തിയ സംഘം അറസ്റ്റില്‍

ബുറൈദ - അല്‍റസില്‍ ബഖാല ജീവനക്കാരനായ വിദേശിയെ കുത്തികൊലപ്പെടുത്തുകയും മറ്റൊരു ജീവനക്കാരനെ പരിക്കേല്‍പിക്കുകയും ചെയ്ത രണ്ടംഗ സംഘത്തെ അല്‍ഖസീം പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര അല്‍റസിലെ ബഖാലയില്‍ കയറിയാണ് സഹോദരന്മാരായ പ്രതികള്‍ അറബ് വംശജരായ ജീവനക്കാരെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ വിദേശികളില്‍ ഒരാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജീവനക്കാരന്റെ വയറിനും തുടക്കുമാണ് കുത്തേറ്റത്. രണ്ടാമന്റെ കൈക്കാണ് പരിക്ക്.
സംഭവത്തെ കുറിച്ച് ഞായറാഴ്ച പുലര്‍ച്ചെ 12.15 നാണ് പോലീസില്‍ വിവരം ലഭിച്ചത്. കൃത്യത്തിനു ശേഷം കാറില്‍ രക്ഷപ്പെട്ട പ്രതികളെ വൈകാതെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നതിന് പോലീസിന് സാധിച്ചതായി അല്‍ഖസീം പോലീസ് വക്താവ് മേജര്‍ ബദ്ര്‍ അല്‍സുഹൈബാനി അറിയിച്ചു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റസമ്മതം നടത്തി. പ്രതികളുടെ കാറും കൃത്യം നടത്തുന്നതിന് ഉപയോഗിച്ച കത്തിയും കസ്റ്റഡിയിലെടുത്തതായും പോലീസ് വക്താവ് അറിയിച്ചു.
 

Latest News