Sorry, you need to enable JavaScript to visit this website.

ഹിന്ദു നേതാവ് കമലേഷ് തിവാരിക്ക് 15 തവണ കുത്തേറ്റു; രണ്ട് പേര്‍ കൂടി അറസ്റ്റില്‍

ലഖ്‌നൗ- ഉത്തര്‍ പ്രദേശില്‍ കൊല്ലപ്പെട്ട ഹിന്ദു സമാജ് നേതാവ് കമലേഷ് തിവാരിക്ക് വെടിയേറ്റതിനു പുറമെ 15 തവണ കുത്തേറ്റതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞ 18 ന് ലഖ്നൗവില്‍ വെച്ചാണ് കമലേഷ് തിവാരി കൊല്ലപ്പെട്ടത്.
15 തവണ ശരീരത്തിന്റെ മുകള്‍ ഭാഗത്ത് കുത്തേറ്റതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എല്ലാ കുത്തുകളും ശരീരത്തിന്റെ മുകള്‍ ഭാഗത്ത് താടിയെല്ലുകള്‍ മുതല്‍ നെഞ്ച് വരെ കേന്ദ്രീകരിച്ചിരുന്നു. കഴുത്തിലെ രണ്ട് ആഴത്തിലുള്ള മുറിവുകള്‍ കഴുത്തറുക്കാന്‍ ശ്രമിച്ചതിനാലാണെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

മരണ ഉറപ്പാക്കാനായി അക്രമികള്‍ ഒരു തവണ മുഖത്തേക്ക് വെടിവെച്ചിരുന്നു. തലയോട്ടിക്ക് പിറകില്‍ പോയിന്റ് 32 വെടിയുണ്ട ഡോക്ടര്‍മാര്‍ കണ്ടെത്തി. ലഖ്നൗവിലെ നാക ഹിന്‍ഡോള പ്രദേശത്തെ സ്വന്തം വീട്ടില്‍ വെച്ചാണ് കമലേഷ് തിവാരി കൊല്ലപ്പെട്ടത്.

അതിനിടെ, കമലേഷ് തിവാരി കൊലപാതകക്കേസില്‍ രണ്ട് പ്രതികളെ കൂടി അറസ്റ്റ് ചെയ്തു. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് (എ.ടി.എസ്) സംസ്ഥാന അതിര്‍ത്തിയില്‍ ഇവരെ അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ സൂറത്ത് ജില്ലയില്‍  താമസക്കാരായ അഷ്ഫാക്ക് ശൈഖ് (34), മൊയ്നുദ്ദീന്‍ പത്താന്‍ (27) എന്നിവരാണ് പിടിയിലായത്. കമലേഷ് തിവാരിയുടെ കൊലപാതകത്തിനുശേഷം  ഇവര്‍ ഒളിവിലായിരുന്നുവെന്ന് പോലീസ് പറയുന്നു. ഗുജറാത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഗുജറാത്ത്-രാജസ്ഥാന്‍ അതിര്‍ത്തിയിലെ ഷംലാജിയില്‍ നിന്ന് ഇവരെ അറസ്റ്റ് ചെയ്തത്.

പോലീസ് സാങ്കേതിക സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഇവര്‍. കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് സ്ഥലം കണ്ടെത്തിയത്. കൈയിലുണ്ടായിരുന്ന പണം തീര്‍ന്നതിനെ തുടര്‍ന്നാണ് പ്രതികള്‍ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. രണ്ട് പേരേയും കൊലപാതക കേസ് അന്വേഷിക്കുന്ന ഉത്തര്‍പ്രദേശ് പോലീസിന് കൈമാറും.

കമലേഷ് തിവാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ ആറ് പേരാണ് അറസ്റ്റിലായത്. മൂന്നു പേരെ സൂറത്തില്‍ നിന്നും മറ്റൊരാളെ മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
കമലേഷ് തിവാരി രൂപീകരിച്ച ഹിന്ദു സമാജ് പാര്‍ട്ടി അത്ര അറിയപ്പെടാത്ത സംഘടനയായിരുന്നുവെങ്കിലും നേരത്തെ ഹിന്ദു മഹാസഭയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. ഹിന്ദു മഹാസഭയിലെ നേതാക്കളുമായുണ്ടായ ഗുരുതരമായ അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നാണ് സ്വന്തം ഹിന്ദു സംഘടന രൂപീകരിച്ചത്.
2015 ല്‍ കമലേഷ് തിവാരി ഹിന്ദു മഹാസഭയിലായിരുന്നപ്പോള്‍ പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് നടത്തിയ ആക്ഷേപകരമായ പരാമര്‍ശങ്ങളുടെ പേരില്‍ ദേശീയ സുരക്ഷാ നിയമപ്രകാരം (എന്‍എസ്എ) കേസെടുത്തിരുന്നു. പിന്നീട് അലഹബാദ് ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയും എന്‍.എസ്.എ ഒഴിവാക്കുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് പശ്ചിമ ഉത്തര്‍പ്രദേശിലെ ബിനോര്‍ ജില്ലയില്‍ നിന്നുള്ള രണ്ട് മുസ്ലിം പുരോഹിതന്‍മാര്‍ക്കെതിരെ കേസെടുത്തിരുന്നു.
ഭര്‍ത്താവിന്റെ കൊലപാതകികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്നില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭാര്യ കിരണ്‍ തിവാരി ഭീഷണി മുഴക്കിയിരുന്നു. തിവാരിയുടെ മക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. തന്റെ ഭര്‍ത്താവിന് ഭീഷണി ഉണ്ടായിരുന്നെന്നും എന്നാല്‍ സര്‍ക്കാര്‍ യാതൊരു നടപടിയും എടുത്തില്ലെന്നും കിരണ്‍ ആരോപിച്ചു.

 

Latest News