Sorry, you need to enable JavaScript to visit this website.

മാർക്ക്ദാന വിവാദം: മന്ത്രി ജലീലിന്റെ രാജിക്ക് മുറവിളി ശക്തമാകുന്നു

കോട്ടയം- സർവകലാശാലാ ചട്ടങ്ങൾ ലംഘിക്കുമെന്ന് പ്രഖ്യാപിക്കുന്ന മന്ത്രി കെ.ടി.ജലീൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും ജലീൽ രാജിവെക്കണമെന്നും എം.ജി യൂനിവേഴ്സിറ്റി എംപ്ലോയീസ് യൂനിയൻ ആവശ്യപ്പെട്ടു. സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായി മന്ത്രി ഇടപെട്ട് നടത്തിയ മാർക്ക്ദാന വിവാദത്തിൽ ജീവനക്കാരെ ബലിയാടാക്കാൻ ശ്രമം നടക്കുന്നു. മാർക്ക് ദാന വിവാദത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും സംഘടനാ ഭാരവാഹികൾ ആവശ്യപ്പെട്ടു. നിയമങ്ങളെല്ലാം കാറ്റിൽ പറത്തി മന്ത്രിയും മന്ത്രിയുടെ ഓഫീസും നടത്തിയ ഇടപെടലുകളും അന്വേഷണവിധേയമാക്കണം. വൻ അഴിമതിയും ഗൂഢാലോചനയും ഇക്കാര്യങ്ങളിൽ ഉണ്ടായിട്ടുണ്ട്. പുറത്താക്കുന്നതിന് കാത്തുനിൽക്കാതെ സിൻഡിക്കറ്റ് രാജിവച്ച് പുറത്ത് പോകണമെന്നും ഇവർ ആവശ്യപ്പെട്ടു. മാർക്ക് ദാനം മാനുഷിക പരിഗണനയാണെന്ന വാദവും തെറ്റാണ്. യൂനിവേഴ്സിറ്റിയുടെ താൽപര്യം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം വൈസ് ചാൻസലർക്കുണ്ട്. 
അതിനുള്ള അധികാരങ്ങളെല്ലാം വി.സിയിൽ നിക്ഷിപ്തമാണ്. എന്നാൽ വൈസ് ചാൻസലറെ റബർ സ്റ്റാമ്പാക്കി ചില ലോബികൾ നടത്തുന്ന ഇടപെടലുകൾ സർവകലാശാലയെ തകർക്കുകയാണ്. ഔട്ട് ഓഫ് അജൻഡയായി സിൻഡിക്കറ്റ് എടുത്ത തീരുമാനം എടുത്താൽ അംഗീകരിക്കാതിരിക്കാൻ വൈസ്ചാൻസലർക്ക് അധികാരം ഉണ്ട്. എന്നാൽ ഔട്ട് ഓഫ് അജൻഡയായി സിൻഡിക്കറ്റ് എടുത്ത മാർക്ക് ദാനത്തിൽ വി.സി എതിർപ്പ് പ്രകടിപ്പിച്ചില്ല. 
നേരത്തെ വി.സിതന്നെ അക്കാദമിക് കൗൺസിലിന്റെ പരിഗണനക്ക് വിട്ട വിഷയമായിട്ടും അദ്ദേഹം സിൻഡിക്കറ്റിന്റെ മാർക്ക് ദാന നടപടിക്ക് അംഗീകാരം നൽകുകയാണ് ചെയ്തത്. രാഷ്ട്രീയക്കാർ ഉൾപ്പെടുന്ന ലോബി പുറത്തുനിന്ന് സർവകലാശാലകളുടെ ഭരണപരവും അക്കാദമികവും പരീക്ഷാ സംബന്ധവുമായ സ്വയംഭരണ അധികാരങ്ങളിൽ കൈകടത്തുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിക്കുന്നതല്ല. ചട്ടങ്ങളും വകുപ്പുകളും ഇനിയും ലംഘിക്കുമെന്ന മന്ത്രിയുടെ പ്രസ്താവന നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയായി മാത്രമേ കാണാൻ കഴിയുകയുള്ളൂ. നിലവിലുള്ള സിൻഡിക്കറ്റിന്റെ കാലത്ത് നടത്തിയ എല്ലാ ക്രമവിരുദ്ധ തീരുമാനങ്ങളും ജുഡീഷ്യൽ അന്വേഷണത്തിന് വിധേയമാക്കണം.
മന്ത്രി കെ.ടി.ജലീൽ രാജി വെക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഫെഡറേഷൻ ഓഫ് ഓൾ കേരളാ യൂനിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ഇന്ന് എല്ലാ സർവകലാശാലകളിലും പ്രതിഷേധ ദിനം ആചരിക്കും. കോട്ടയത്ത് എം.ജി.യൂനിവേഴ്സിറ്റിയിൽ നടത്തുന്ന പ്രതിഷേധ ദിനാചരണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ജോസ് മാത്യു, ഷാജിഖാൻ.എം, ഷാനവാസ്.കെ, സന്ധ്യ.ജി. കുറുപ്പ്, പ്രമോദ്.എസ്, കാമരാജ്.കെ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അതിനിടെ, ഹാമർ തലയിൽ വീണ അഫീലിന്റെ അപകട മരണത്തിന് ഉത്തരവാദികളെ രക്ഷിക്കാൻ സർക്കാർ ശ്രമിച്ചാൽ കെ.എസ്.യു പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത് അറിയിച്ചു. എം.ജി യൂനിവേഴ്സിറ്റിയിൽ മന്ത്രി കെ.ടി.ജലീലിന്റെ നേതൃത്വത്തിൽ നടത്തിയ തീവെട്ടിക്കൊള്ള സംബന്ധിച്ച് മന്ത്രിയെ മാറ്റിനിർത്തി ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണണം. ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാന വ്യാപകമായി കെ.എസ്.യു പ്രക്ഷോഭം നടത്തും. ഗവർണറെ സന്ദർശിച്ച് ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്തും. വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾ അനുവദിക്കില്ല. മന്ത്രി കെ.ടി.ജലീൽ ഇല്ലാത്ത അധികാരം ഉണ്ടാക്കാൻ യൂനിവേഴ്സിറ്റികളെ കരുവാക്കുകയാണ്. എല്ലാ നിയമങ്ങളുടെയും നഗ്‌നമായ ലംഘനം നടത്തി പരീക്ഷാ സംവിധാനത്തെ അട്ടിമറിച്ച നടപടി വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത തന്നെ തകർക്കുകയാണെന്നും അഭിജിത് പറഞ്ഞു.
 

Latest News