Sorry, you need to enable JavaScript to visit this website.

അഫീലിന് യാത്രാമൊഴി, കണ്ണീർ പൂക്കളുമായി സഹപാഠികൾ

അഫീലിന്റെ മൃതദേഹം പാലായിൽ പൊതുദർശനത്തിന് വച്ചപ്പോൾ

കോട്ടയം- പാലായിൽ നടന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ പതിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരിക്കെ മരിച്ച അഫീൽ ജോൺസന് നാടിന്റെ യാത്രാമൊഴി.  രാവിലെ കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം വിലാപയാത്രയായി പാലായിലെത്തിച്ച മൃതദേഹം അഫീൽ പഠിച്ചിരുന്ന സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിലാണ് ആദ്യം മൃതദേഹമെത്തിച്ചത്. 

സഹപാഠിയെ അവസാനമായി ഒരു നോക്കു കാണാൻ വിദ്യാർഥികളും ഒപ്പം രക്ഷിതാക്കളും അധ്യാപകരും എത്തിയിരുന്നു. ഓഡിറ്റോറിയത്തിൽ അരമണിക്കൂറോളം പൊതുദർശന ചടങ്ങുകൾക്ക് ശേഷം ഉച്ചയോടെ പാലായിലെത്തിച്ച മൃതശരീരത്തിൽ സഹപാഠികളും പൗരപ്രമുഖരമടക്കം ആദരാജ്ഞലികളർപ്പിച്ചു. തുടർന്ന് അപകടം നടന്ന പാലാ സിന്തറ്റിക് സ്റ്റേഡിയത്തിന് മുന്നിലെ പ്രധാന കവാടത്തിലെത്തിച്ചു. ഒട്ടേറെ ജനങ്ങൾ ഇവിടെയും അഫീലിന് ആദരാജ്ഞലികളർപ്പിച്ചു. തുടർന്ന് മൃതദേഹം മൂന്നിലവ് ചൊവ്വൂരിലുള്ള വസതിയിലേയ്ക്ക് കൊണ്ടുപോയി. വൈകുന്നേരം നാലു മണിയോടെ ചൊവ്വൂർ സെന്റ് മാത്യൂസ് പള്ളി സെമിത്തേരിയിൽ സംസ്‌കാരം നടത്തി. 

കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി രാവിലെ പത്തരയോടെയാണ് അഫീൽ ജോൺസന്റെ മൃതദേഹം പുറത്തെത്തിച്ചത്. ജില്ലാ കലക്ടർ പി.കെ.സുധീർ ബാബു ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയത്. അഫീലിന് അന്ത്യാഞ്ജലികൾ അർപ്പിക്കാൻ മോർച്ചറിക്കു മുന്നിലും ഏറെപേർ എത്തി. ജോസ് കെ.മാണി എം.പി, സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ, പാലാ രൂപതാ കോർപറേറ്റ് മാനേജർ ഫാ ബർക്കുമാൻസ് കുന്നുംപുറം, മാർ ജേക്കബ് മുരിക്കൻ, അത്‌ലറ്റിക് അസോസിയേഷൻ ഭാരവാഹികൾ, ജില്ലാ വിദ്യാഭ്യാസ ഓഫീസ് അധികൃതർ, പാലാ നഗരസഭാ കൗൺസിലർമാർ, രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ തുടങ്ങിയവർ സ്‌കൂൾ ഓഡിറ്റോറിയത്തിലെത്തി ആദരാജ്ഞലികളർപ്പിച്ചു.

സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിൽ വളന്റിയറായിരുന്ന പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥി അഫീലിന് ഈ മാസം നാലിനാണ് ഹാമർ തലയിൽ പതിച്ച് ഗുരുതര പരിക്കേറ്റത്. കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച അഫീലിനെ രണ്ടു തവണ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. വെന്റിലേറ്റർ സഹായത്തോടെ ജീവൻ നിലനിലനിർത്തിയിരുന്ന കുട്ടിയുടെ ആന്തരീക അവയവങ്ങളുടെ പ്രവർത്തനം തകരാറിലായതിനെ തുടർന്ന് തിങ്കളാഴ്ച വൈകുന്നേരം 4.10 ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഈരാറ്റുപേട്ട മൂന്നിലവ് കുരിഞ്ഞംകുളത്ത് ജോൺസൺ-ഡാർളി ദമ്പതികളടെ മകനാണ് അഫീൽ.

ജാവലിൻ ഹാമർ ത്രോ മത്സരങ്ങൾ ഒരേ സമയം നടത്തിയത് ഗുരുതര വീഴ്ചയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഘാടകരായ നാല് പേർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി അന്വേഷണം നടക്കുകയാണ്. 

അഫീൽ ജോൺസന്റെ മരണത്തിന് കാരണക്കാരായ കായികമേളാ സംഘാടകർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത് ആവശ്യപ്പെട്ടു. നിലവിൽ മനഃപൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. സ്വന്തം വാക്കുകളോട് അൽപമെങ്കിലും നീതി പുലർത്താൻ മുഖ്യമന്ത്രിക്ക് ആഗ്രഹമുണ്ടെങ്കിൽ കുറ്റക്കാരെ മുഴുവൻ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ തയാറാകണമെന്നും അഭിജിത് ആവശ്യപ്പെട്ടു.

Latest News