Sorry, you need to enable JavaScript to visit this website.

ബിസിനസ് വിസിറ്റ് വിസ ദീർഘിപ്പിക്കുന്നതിന് വ്യവസ്ഥകൾ

റിയാദ്- ബിസിനസ് വിസിറ്റ് വിസ ദീർഘിപ്പിക്കുന്നതിന് വ്യവസ്ഥകൾ ബാധകമാണെന്ന് സൗദി ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഏഴു ദിവസമോ അതിൽ കുറവോ കാലാവധി ശേഷിക്കെയാണ് ബിസിനസ് വിസിറ്റ് വിസ ദീർഘിപ്പിക്കേണ്ടത്. കാലാവധി അവസാനിച്ച് മൂന്നു ദിവസത്തിലധികം പിന്നിടാനും പാടില്ല. ദീർഘിപ്പിച്ച ശേഷം ആകെ വിസാ കാലാവധി 180 ദിവസത്തിൽ കവിയരുതെന്നും വ്യവസ്ഥയുണ്ട്. ഓൺലൈൻ വഴിയാണ് ബിസിനസ് വിസിറ്റ് വിസ ദീർഘിപ്പിക്കേണ്ടത്. ഇങ്ങനെ ഒരു തവണ മാത്രമേ വിസ ദീർഘിപ്പിക്കുന്നതിന് സാധിക്കുകയുള്ളൂ. വിസ നീട്ടുന്നതിന് സന്ദർശകർ സൗദി അറേബ്യക്കകത്തായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. വിസ ദീർഘിപ്പിക്കുന്നതിനുള്ള ഫീസ് അടക്കുകയും വേണം. വിസ ദീർഘിപ്പിക്കുന്നതിന് അപേക്ഷ സമർപ്പിക്കുമ്പോൾ സന്ദർശകന്റെ പാസ്‌പോർട്ടിൽ കാലാവധിയുണ്ടായിരിക്കണം. വിസക്ക് അപേക്ഷ സമർപ്പിച്ച വ്യക്തിയും സന്ദർശകനും ജീവനോടെയുണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. 
ബിസിനസ് വിസിറ്റ് വിസ ദീർഘിപ്പിക്കുന്നതിന് സന്ദർശകന്റെ പേരിൽ ഗതാഗത നിയമ ലംഘനത്തിന് ചുമത്തപ്പെട്ട പിഴകൾ അടക്കാതെ ബാക്കിയുണ്ടാകാൻ പാടില്ല. സൗദിയിൽ പ്രവേശിച്ച തീയതി മുതലാണ് ബിസിനസ് വിസിറ്റ് വിസ ദീർഘിപ്പിക്കുന്ന കാലം കണക്കാക്കുകയെന്നും ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.

Latest News