മലയാളി സുഹൃത്തുക്കള്‍ക്ക് ദുബായില്‍ ഏഴ് കോടി ഭാഗ്യ സമ്മാനം

ദുബായ്- സാമ്പത്തിക പ്രശ്‌നങ്ങളില്‍ പെട്ടുഴലുന്ന മലയാളിക്കും സുഹൃത്തിനും ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് കൊണ്ടുവന്നത് അവിചാരിത ഭാഗ്യം. ദുബായില്‍ സ്റ്റീല്‍–ഫാബ്രിക്കേഷന്‍ ബിസിനസ് നടത്തുന്ന തിരുവനന്തപുരം സ്വദേശി കമലാസനന്‍ നാടാര്‍ വാസു (56), സുഹൃത്തും നാട്ടുകാരനുമായ പ്രസാദ് എന്നിവര്‍ക്കാണ് ചൊവ്വാഴ്ച നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഏഴു കോടിയിലേറെ രൂപ (10 ലക്ഷം യു.എസ് ഡോളര്‍) സമ്മാനം ലഭിച്ചത്.

 30 വര്‍ഷമായി യു.എ.ഇയിലുള്ള കമലാസനന്‍ സാമ്പത്തിക പ്രശ്‌നങ്ങളില്‍പെട്ട് ബുദ്ധിമുട്ടുകയായിരുന്നു. സുഹൃത്തുക്കളുമായി ചേര്‍ന്ന് നേരത്തെയും കൂപ്പണ്‍ വാങ്ങിക്കാറുണ്ടായിരുന്നെങ്കിലും പിന്നീട് നിര്‍ത്തി. രണ്ടു മാസം മുന്‍പാണ് വീണ്ടും വാങ്ങാന്‍ തുടങ്ങിയത്. സെപ്റ്റംബറില്‍ നാട്ടിലേക്ക് പോകുമ്പോള്‍ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ കടയില്‍നിന്നാണ് സമ്മാനാര്‍ഹമായ കൂപ്പണ്‍ വാങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ നറുക്കെടുപ്പ് കഴിഞ്ഞയുടന്‍ അധികൃതരുടെ ഫോണ്‍ വിളിയെത്തി. നേരത്തെ കമലാസനന്റെ കൂടെ ജോലി ചെയ്തിരുന്ന പ്രസാദ് മറ്റൊരു തൊഴില്‍ അന്വേഷിച്ച് വരുന്നതിനിടെയാണ് സമ്മാനം കിട്ടിയത്. സമ്മാനത്തുക പ്രസാദുമായി തുല്യമായി വീതിക്കുമെന്ന് കമലാസനന്‍ പറഞ്ഞു.

 

Latest News