ഹസ്സ അല്‍ മന്‍സൂരിക്ക് ഖലീഫ സര്‍വകലാശയുടെ ഓണററി ഡോക്ടറേറ്റ്

അബുദാബി- യു.എ.ഇയുടെ ആദ്യ  ബഹിരാകാശ സഞ്ചാരി ഹസ്സ അല്‍ മന്‍സൂരിക്ക് അബുദാബി ഖലീഫ യൂണിവേഴ്‌സിറ്റി ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. ഖലീഫ യൂണിവേഴ്‌സിറ്റി സയന്‍സ് ആന്‍ഡ് ടെക്‌നോളജി വിദ്യാര്‍ഥികളുടെ  ബിരുദദാന ചടങ്ങിനോടനുബന്ധിച്ച് അബുദാബി ക്രൗണ്‍ പ്രിന്‍സ് കോര്‍ട്ട് ചെയര്‍മാനും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവുമായ ശൈഖ് ത്വയ്യിബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനില്‍നിന്ന് ഹസ്സ ഡോക്ടറേറ്റ് സ്വീകരിച്ചു.
ഖലീഫ യൂണിവേഴ്‌സിറ്റിയുടെ പ്രഥമഡോക്ടറേറ്റ് ബിരുദമാണിത്. ബഹിരാകാശ ശാസ്ത്രരംഗത്ത് ഖലീഫ യൂണിവേഴ്‌സിറ്റി വലിയ സംഭാവനകളാണ് നല്‍കിയിട്ടുള്ളത്. 2019 ഫെബ്രുവരിയില്‍ വിക്ഷേപിച്ച'ക്യൂബ്‌സാറ്റ് 1' എന്ന ഉപഗ്രഹത്തിന്റെ ആശയത്തിനും നിര്‍മാണത്തിനുമെല്ലാം ചുക്കാന്‍ പിടിച്ചത് ഖലീഫ യൂണിവേഴിസിറ്റി പൂര്‍വവിദ്യാര്‍ഥികളായിരുന്നു. ക്യൂബ്‌സാറ്റ്'രണ്ടിന്റെ നിര്‍മാണവും നടന്നുവരികയാണ്.
യു.എ.ഇ. വിദ്യാഭ്യാസമന്ത്രിയും ഖലീഫ യൂണിവേഴ്‌സിറ്റി വൈസ് ചെയര്‍മാനുമായ ഹുസൈന്‍ ബിന്‍ ഇബ്രാഹിം അല്‍ ഹമാദി, സ്‌റ്റേറ്റ് മന്ത്രി സുല്‍ത്താന്‍ അല്‍ ജാബര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Latest News