ബംഗളൂരു- ബഹിരാകാശ ശാസ്ത്രജ്ഞനും ഐ.എസ്.ആര്.ഒ മുന്‍ ചെയര്‍മാനുമായ പ്രൊഫ. യു.ആര്.റാവു (85) അന്തരിച്ചു. ബംഗളൂരുവിലെ വസതിയില്‍ പുലര്‍ച്ചെ രണ്ടരയോടെ ആയിരുന്നു അന്ത്യം. കര്‍ണാടകയിലെ അദമരു സ്വദേശിയാണ്. ഇന്ത്യയുടെ പ്രഥമ ഉപഗ്രഹമായ ആര്യഭട്ടയുടെ വിക്ഷേപണത്തില്‍ നിര്‍ണായക പങ്കുവഹിച്ച അദ്ദേഹം 1984 മുതല്‍ 1994 വരെ ഐ.എസ്.ആര്.ഒ ചെയര്‍മാനായിരുന്നു. .
ചന്ദ്രയാന്‍ 1, മംഗള്യാന് എന്നീ ദൗത്യങ്ങളുടെയും ബുദ്ധികേന്ദ്രമായി പ്രവര്‍ത്തിച്ചത് റാവു ആയിരുന്നു. പി.എസ്.എല്‍.വി, ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ജി.എസ.്എല്‍.വി എന്നീ റോക്കറ്റുകളുടെ വികസനത്തിലും പ്രധാന പങ്കുവഹിച്ചു. ഇന്ത്യന്‍ ബഹികാരാശമേഖലയ്ക്ക് മികച്ച സംഭാവന നല്കിയ റാവുവിനെ 1976ല്‍ പത്മ ഭൂഷണും 2017ല്‍ പത്മ വിഭൂഷണും നല്കി രാജ്യം ആദരിച്ചു. നിലവില്‍ അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലാബോറട്ടറി കൗണ്‍സില്‍ ചെയര്‍മാനായും തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സ് ചാന്‍സലറായും പ്രവര്‍ത്തിക്കുകയായിരുന്നു.