Sorry, you need to enable JavaScript to visit this website.

ഇഖാമ കാലാവധി കഴിഞ്ഞ ഇന്ത്യക്കാർക്ക് പിഴയില്ലാതെ സൗദി വിടാൻ അവസരമൊരുങ്ങി

റിയാദ്- ഇഖാമ പുതുക്കാൻ കഴിയാതെ നിയമലംഘകരായി സൗദിയിൽ കഴിയുന്ന ഇന്ത്യക്കാർക്ക് റിയാദ് തർഹീലിൽ നിന്ന് പിഴയില്ലാതെ ഫൈനൽ എക്‌സിറ്റ് നൽകിത്തുടങ്ങി. ഇന്ത്യൻ എംബസിയിൽ പരാതി രജിസ്റ്റർ ചെയ്ത് അവിടെ നിന്ന് ലഭിക്കുന്ന രേഖകളും പാസ്‌പോർട്ടും സഹിതം തർഹീലിൽ എത്തിയവർക്കാണ് ഫൈനൽ എക്‌സിറ്റ് അടിച്ചു നൽകുന്നത്. ഇവർ സ്വന്തം ടിക്കറ്റിൽ നിശ്ചിത കാലയളവിനുള്ളിൽ രാജ്യം വിടണം. 


നേരത്തെ ഇതു സംബന്ധിച്ച് മലയാളം ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച ഏതാനും പേർക്ക് മാത്രമാണ് ഫൈനൽ എക്‌സിറ്റ് ലഭിച്ചത്. ഈയാഴ്ച മുതൽ പ്രതിദിനം 20 പേർ എന്ന തോതിലാണ് ഫൈനൽ എക്‌സിറ്റ് നൽകുന്നത്. ഹൗസ് ഡ്രൈവർമാരടക്കം വ്യക്തിഗത വിസയിലുള്ളവർക്കും കമ്പനികളിൽ ജോലി ചെയ്യുന്നവർക്കും ആനുകൂല്യം ലഭ്യമാണ്. ഇഖാമ കാലാവധി കഴിഞ്ഞവർ ഇന്ത്യൻ എംബസിയിലെത്തി പേരും പാസ്‌പോർട്ട് നമ്പറും ഇഖാമ നമ്പറും മൊബൈൽ നമ്പറും രജിസ്റ്റർ ചെയ്യണം. ഇവർക്ക് എംബസി പ്രത്യേക ലെറ്റർ നൽകും. സീരിയൽ നമ്പർ അനുസരിച്ച് എംബസി അറിയിക്കുന്നതിനനുസരിച്ച് തർഹീലിൽ പോകുകയാണ് വേണ്ടത്. പാസ്‌പോർട്ടില്ലാത്തവർ ഔട്ട് പാസിന് അപേക്ഷ നൽകണം. ഹുറൂബുകാർക്ക് സ്‌പോൺസറിൽ നിന്നുള്ള പ്രത്യേക ലെറ്റർ ഹാജരാക്കിയാൽ മാത്രമേ എക്‌സിറ്റ് ലഭിക്കുന്നുള്ളൂ.


ഇന്ത്യൻ എംബസി വെൽഫെയർ വിഭാഗത്തിന്റെ നിരന്തര ശ്രമത്തിന്റെ ഭാഗമായാണ് ഇന്ത്യക്കാർക്ക് ഈ ആനുകൂല്യം ലഭ്യമായത്. ഇന്ത്യൻ എംബസിയിൽ നിന്ന് നൽകുന്ന രേഖകളില്ലാതെ തർഹീലിൽ നേരിട്ട് പോയാൽ ഫൈനൽ എക്‌സിറ്റ് ലഭിക്കുകയില്ല. ഇത് പൊതുമാപ്പ് അല്ലെന്നും ഇഖാമയുടെ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങേണ്ടി വന്നവർക്കുള്ള ആശ്വാസ നടപടിയാണെന്നും സാമൂഹിക പ്രവർത്തകർ പറഞ്ഞു.
 

Latest News