Sorry, you need to enable JavaScript to visit this website.

പ്രവാസികൾക്ക് നേരിട്ട് അതിഥി വിസ അനുവദിക്കുന്ന പദ്ധതി ഉടൻ

അബ്ദുല്ല ഖാദി

റിയാദ്- വിദേശങ്ങളിൽനിന്ന് സ്വന്തം സ്‌പോൺസർഷിപ്പിൽ അതിഥികളെ കൊണ്ടുവരുന്നതിന് നിയമാനുസൃതം രാജ്യത്ത് കഴിയുന്ന വിദേശികൾക്കും സൗദി പൗരന്മാർക്കും അവസരമൊരുക്കുന്ന ആതിഥേയ വിസകൾ ദിവസങ്ങൾക്കുള്ളിൽ അനുവദിച്ചു തുടങ്ങുമെന്ന് ദേശീയ ഹജ്, ഉംറ കമ്മിറ്റി ഡെപ്യൂട്ടി പ്രസിഡന്റ് അബ്ദുല്ല ഖാദി പറഞ്ഞു. 90 ദിവസ കാലാവധിയുള്ള ആതിഥേയ വിസകളാണ് അനുവദിക്കുക. ഇതനുസരിച്ച് പ്രവാസികൾ അടക്കമുള്ളവർക്ക് അതിഥികളെ സൗദിയിലേക്ക് കൊണ്ടുവരാനാകും. 
അതേസമയം, ഉംറ നിർവഹിക്കുന്നതിന് എത്തുന്ന വിദേശ വനിതകളെ മാത്രമാണ് അടുത്ത ബന്ധുവായ പുരുഷൻ (മഹ്‌റം) ഒപ്പമുണ്ടായിരിക്കണമെന്ന വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കുകയെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി. ഹജ് വിസയിലെത്തുന്നവർക്ക് ഈ ഇളവ് ലഭിക്കില്ല. പതിനെട്ട് വയസ്സിൽ കൂടുതൽ പ്രായമുള്ള വനിതകൾക്ക് ഉംറ വിസ അനുവദിക്കാൻ മഹ്‌റം ഒപ്പം ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥ റദ്ദാക്കാനാണ് നീക്കം. 
ഉംറ വിസകളിൽ എത്തുന്നവർക്ക് സൗദി അറേബ്യയുടെ എല്ലാ ഭാഗത്തും സ്വതന്ത്രമായി സഞ്ചരിക്കുന്നതിനും പരിപാടികളിൽ പങ്കെടുക്കുന്നതിനും അനുമതിയുണ്ടാകും. ടൂറിസ്റ്റ് വിസകളിലെത്തുന്നവർക്ക് ഉംറ നിർവഹിക്കാനും സാധിക്കും. വിദേശ ഉംറ തീർഥാടകർക്കുള്ള സെൻട്രൽ ബുക്കിംഗ് എൻജിനായ മഖാം പോർട്ടൽ വഴി സൗദി ടൂറിസം കമ്പനികളുമായി നേരിട്ട് ആശയ വിനിമയം നടത്തി മധ്യവർത്തിയില്ലാതെ 30 ദിവസ കാലാവധിയുള്ള ഇ-വിസ നേടാൻ വിദേശ തീർഥാടകർക്ക് അവസരമൊരുക്കുന്നുണ്ടെന്നും അബ്ദുല്ല ഖാദി പറഞ്ഞു.

 

Latest News