കൂടത്തായി ജോളിയ്ക്ക് ഫുള്‍പേജ് മാറ്റി വെച്ച് 'ന്യൂയോര്‍ക്ക് ടൈംസ്'

ന്യൂയോര്‍ക്ക്-കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പരയും മുഖ്യപ്രതി ജോളിയും ലോക മാധ്യമങ്ങളിലും വലിയ സംഭവം. പ്രശസ്ത അമേരിക്കന്‍ ദിനപത്രമായ 'ദി ന്യൂയോര്‍ക്ക് ടൈംസ്' ഒരു മുഴുവന്‍ പേജ് കൂടത്തായി വാര്‍ത്തയ്ക്ക് മാറ്റിവച്ചിരിക്കുകയാണ്.കൂടത്തായില്‍ ആറു കൊലപാതകങ്ങള്‍ നടത്തിയ മുഖ്യപ്രതി ജോളിയെയും പൊന്നാമറ്റം തറവാടിനെയും വിശദമായി പരാമര്‍ശിച്ചു കൊണ്ടുള്ള വാര്‍ത്തയില്‍ കേസിലെ നാള്‍വഴികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ച പുറത്തിറങ്ങിയ പത്രത്തിന്റെ പത്താം പേജിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. സയനൈഡ് സൂപ്പും ആറു മരണങ്ങളും വിരല്‍ ചൂണ്ടുന്നത് സീരിയല്‍ കില്ലറിലേയ്ക്ക് എന്ന തലക്കെട്ടോടെ ഓണ്‍ലൈനിലും വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

കൂടത്തായിയില്‍ നിന്ന് ശാലിനി വേണുഗോപാല്‍ ആണ് ന്യൂയോര്‍ക്ക് ടൈംസിന് വേണ്ടി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദക്ഷിണേഷ്യന്‍ കറസ്‌പോണ്ടന്റായ മരിയ ആബി ഹബീബും സഹകരിച്ചിട്ടുണ്ട്. പൊലീസിനെയും കേസിലെ പരാതിക്കാരനായ റോജോയെയും സഹോദരി റെഞ്ചിയെയും ഉദ്ധരിച്ച് വിശദമായ റിപ്പോര്‍ട്ടാണ് ന്യൂയോര്‍ക്ക് ടൈംസ് നല്‍കിയിരിക്കുന്നത്.പൊന്നാമറ്റം തറവാടിന്റെയും പള്ളി സെമിത്തേരിയുടെയും ചിത്രത്തിനൊപ്പം കൂടത്തായി ഇന്ത്യയില്‍ എവിടെയാണെന്ന് വ്യക്തമാക്കുന്ന ഭൂപടവും റിപ്പോര്‍ട്ടിനൊപ്പം നല്‍കിയിട്ടുണ്ട്.

Latest News