Sorry, you need to enable JavaScript to visit this website.

പുത്തൻ പ്രതീക്ഷകളുമായി വിദ്യാർഥി സംരംഭക ഉച്ചകോടിക്ക് സമാപനം

കേരള സ്റ്റാർട്ടപ് മിഷൻ തൃശൂർ കൊടകര സഹൃദയ കോളജ് ഓഫ് എൻജിനീയറിംഗ് ആന്റ് ടെക്‌നോളജിയിൽ സംഘടിപ്പിച്ച ഐഇഡിസി സ്റ്റാർട്ടപ് ഉച്ചകോടിയിൽ  കെഎസ്‌യുഎം സിഇഒ ഡോ. സജി ഗോപിനാഥ് പ്രസംഗിക്കുന്നു.
ഉച്ചകോടിയുടെ ഭാഗമായി നടന്ന പ്രദർശനം.  

കേരളത്തിലെ സ്റ്റാർട്ടപ്പ് പരീക്ഷണങ്ങൾക്കും സംരംഭങ്ങൾക്കും പുത്തൻ പ്രതീക്ഷ നൽകി നാലാമത് ഐ.ഇ.ഡി.സി ഉച്ചകോടിക്ക് സമാപനമായി. കേരള സ്റ്റാർട്ട് അപ്പ് മിഷന്റെ നേതൃത്വത്തിൽ കൊടകര സഹൃദയ എൻജിനീയറിങ് കോളേജിലാണ് 4300 വിദ്യാർഥികൾ പങ്കെടുത്ത ഏകദിന ഉച്ചകോടി സംഘടിപ്പിച്ചത്. 
നാലാം തലമുറ വ്യാവസായിക വിപ്ലവത്തിന് മുതൽക്കൂട്ടാവുന്ന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ആശയത്തിൽ ഊന്നിയാണ് ഉച്ചകോടി സംഘടിപ്പിച്ചത്. കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. ജയശ്രീ എം.എസ് ഉദ്ഘാടനം ചെയ്തു. 100 സ്റ്റാർട്ടപ്പ് സംരംഭങ്ങൾ തങ്ങളുടെ ആശയങ്ങളും പരീക്ഷണങ്ങളും അവതരിപ്പിച്ചു. 20 സ്റ്റാർട്ട് അപ്പുകളും 30 വിദ്യാർഥി സ്റ്റാർട്ട് അപ്പുകളും തങ്ങളുടെ നവീന ഉൽപന്നങ്ങളും സാങ്കേതിക വിദ്യകളും പരിചയപ്പെടുത്തി. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കോളേജുകളിൽ നിന്നായി 226 ലധികം വരുന്ന ഇന്നോവേഷൻ ആന്റ് എന്റർപ്രണർഷിപ്പ് സെന്ററുകളിൽ നിന്ന് 12 വിദ്യാർഥികൾ വീതം പങ്കെടുത്തു. ഫലത്തെക്കുറിച്ച് ആശങ്കപ്പെടാതെ തങ്ങളുടെ സംരംഭക പരീക്ഷണങ്ങളും ഗവേഷണങ്ങളുമായി വിദ്യാർഥികൾ മുന്നോട്ടു പോകണമെന്ന ആശയമാണ് ഉച്ചകോടിയിലൂടെ ഉയർന്നു വന്നത്.
വിദ്യാർഥികൾക്ക് തങ്ങളുടെ പരീക്ഷണങ്ങൾ ധൈര്യപൂർവം അവതരിപ്പിക്കാനുള്ള വേദി കൂടിയായിരുന്നു ഉച്ചകോടി. മികച്ച സംരംഭങ്ങളുടെ വിജയകഥ വിവരിക്കുന്ന സെഷനും പരിപാടിയുടെ ഭാഗമായി നടത്തി. 
കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. ജയശ്രീ എം.എസ്, കേരള സ്റ്റാർട്ട് അപ്പ് മിഷൻ സി.ഇ.ഒ ഡോ. സജി ഗോപിനാഥ് എന്നിവരുൾപ്പെടെ 25 ഓളം പ്രമുഖർ സംരംഭകത്വ പരീക്ഷണങ്ങളിലെ സാധ്യതകളെയും വെല്ലുവിളികളെയും സംബന്ധിച്ച് വിദ്യാർഥികളുമായി സംവദിച്ചു. 
സ്റ്റാർട്ട് അപ്പ് എക്‌സ്‌പോ, എക്സ്റ്റന്റഡ് റിയാലിറ്റി, ബ്ലോക്ക് ചെയിൻ ട്രാക്ക്, ആക്ടിവിറ്റി ഹബ്, പാനൽ ചർച്ചകൾ എന്നിവയും ഉച്ചകോടിയുടെ ഭാഗമായി. ലോകത്തെ വിവിധ ഭാഗത്തു നിന്നുള്ള വിദഗ്ധരുമായി ആശയങ്ങൾ പങ്കുവെക്കാൻ കഴിഞ്ഞത് മികച്ച അനുഭവവും പ്രതീക്ഷയുമായെന്ന് ഉച്ചകോടിയിൽ പങ്കെടുത്ത വിദ്യാർഥികൾ പറഞ്ഞു.
സമൂഹത്തിന്റെ ആവശ്യങ്ങളും ഭാവി പ്രതീക്ഷകളും നിറവേറ്റുന്നതിന് ആവശ്യമായ രീതിയിൽ സംരംഭകത്വ കഴിവുകൾ ആർജിച്ചെടുക്കാനും പരീക്ഷണം നടത്താനും കേരളത്തിലെ വിദ്യാർഥികളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റാർട്ട് അപ് മിഷൻ 2016 മുതൽ ഐ.ഇ.ഡി.സി ഉച്ചകോടികൾ സംഘടിപ്പിക്കുന്നത്. ഐ.ഇ.ഡി.സി വഴി കേരളത്തിലെ വിദ്യാർഥികളെ നാലാം തലമുറ വ്യാവസായിക വിപ്ലവത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യം മുന്നോട്ടു വെച്ചാണ് ഉച്ചകോടി സമാപിച്ചത്.

 

 

 

Latest News