മദീന ബസപകടം:  ഏഴ് ഇന്ത്യക്കാരെ കാണാനില്ലെന്ന് കോൺസുലേറ്റ്

റിയാദ്- ഉംറ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് മദീനയിൽ തീപ്പിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ഏഴ് ഇന്ത്യക്കാരെ കാണാനില്ലെന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. മദീന കിംഗ് ഫഹദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇന്ത്യക്കാരുടെയും ബസിൽ യാത്ര ചെയ്ത് കാണാതായവരുടെയും പേരു വിവരങ്ങൾ ഇന്നലെ കോൺസുലേറ്റ് പുറത്തുവിട്ടു. അപകടത്തിൽ വിവിധ രാജ്യക്കാരായ 35 പേർ മരിക്കുകയും നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 
റിയാദിൽ നിന്ന് 39 ഉംറ തീർഥാടകരുമായി മദീന വഴി മക്കയിലേക്ക് പോകുകയായിരുന്ന ബസ് ഉക്ഹുലിൽ മണ്ണുമാന്തി യന്ത്രവുമായി ഇടിച്ച് കത്തിയാണ് അപകടമുണ്ടായത്. യാത്രക്കാരായ പൂനെ സ്വദേശികളായ മതീൻ ഗുലാം, ഭാര്യ സീബ നിസാം എന്നിവർ മദീന കിംഗ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലാണെന്നും ബിഹാർ മുസഫർപുർ സ്വദേശി അശ്‌റഫ് ആലം, യു.പി സ്വദേശികളായ ഫിറോസ് അലി, അഫ്താബ് അലി, നൗഷാദ് അലി, സീശാൻ ഖാൻ, ബിലാൽ, പശ്ചിമ ബംഗാൾ സ്വദേശി മുഖ്താർ അലി എന്നിവരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും കോൺസുലേറ്റ് അറിയിച്ചു. ഏഴുപേരുടെയും വിശദ വിവരങ്ങൾ സൗദി അധികൃതർക്ക് കൈമാറിയിട്ടുണ്ട്. ആശുപത്രിയിൽ കഴിയുന്ന ദമ്പതികൾക്ക് സാധ്യമായ എല്ലാ സഹായവും ചെയ്യുന്നുണ്ടെന്നും കോൺസുലേറ്റ് വ്യക്തമാക്കി. കാണാതായവർ മരിച്ചവരുടെ കൂട്ടത്തിൽ ഉണ്ടാകുമെന്നാണ് വിലയിരുത്തലെങ്കിലും വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. കൂടുതൽ വിവരങ്ങൾക്ക് കോൺസുലേറ്റിന്റെ 0500127992, 0556122301 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
അതേസമയം, അപകടത്തിൽ മരിച്ചവരുടെ വിശദ വിവരങ്ങൾ ഇതുവരെ സൗദി അധികൃതർ പുറത്തു വിട്ടിട്ടില്ല. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായതിനാൽ കൂടുതൽ പരിശോധന നടത്തിയ ശേഷമേ വിശദ വിവരങ്ങൾ ലഭ്യമാവുകയുള്ളൂ. അപകടം നടന്നയുടനെ തന്നെ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അപകടസ്ഥലത്തേക്ക് പ്രതിനിധികളെ അയച്ചിരുന്നു.
 

Latest News