അബൂദബി- ദേശീയ ഓയില്‍ കമ്പനിയുടെ സഹകരണത്തോടെ ഗുജറാത്തിലെ മുന്ദ്രയില്‍ 400 കോടി ഡോളര്‍ മുതല്‍മുടക്കില്‍ രാസ ഉല്‍പാദന സമുച്ചയം സ്ഥാപിക്കാന്‍ യു.എ.ഇ. സംയുക്ത പദ്ധതിയുടെ സാധ്യത പഠനം സംബന്ധിച്ച ധാരണപത്രം കഴിഞ്ഞ ദിവസം ഒപ്പുവെച്ചു. യു.എ.ഇ ഊര്‍ജ സഹമന്ത്രിയും അഡ്‌നോക് ഗ്രൂപ് സി.ഇ.ഒയുമായ ഡോ. സുല്‍ത്താന്‍ ബിന്‍ അഹ്മദ് സുല്‍ത്താന്‍ അല്‍ ജാബറാണ് ധാരണപത്രം ഒപ്പുവെച്ച വിവരം ഔദ്യോഗികമായി വെളിപ്പെടുത്തിയത്.
2020 ആദ്യ പാദാവസാനത്തോടെ സംയുക്ത സാധ്യത പഠനം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.പരസ്പരം പ്രയോജനകരമായ പങ്കാളിത്തം വളര്‍ത്തുന്നത് അഡ്‌നോക്കിെന്റ വികസന നയത്തിന് അനുസൃതമായാണെന്നു ഡോ. സുല്‍ത്താന്‍ ബിന്‍ അഹ്മദ് സുല്‍ത്താന്‍ പറഞ്ഞു.
2024 ല്‍ ഉല്‍പാദനം ആരംഭിക്കാനാണ് പദ്ധതി. 2019 ജനുവരിയില്‍ പ്രഖ്യാപിച്ച ബി.എ.എസ്.എഫിന്റെയും അദാനിയുടെയും നിക്ഷേപ പദ്ധതികളുടെ അടുത്ത ഘട്ടമാണിത്. അഡ്‌നോക്, ബോര്‍യലിസ് എന്നീ കമ്പനികളെക്കൂടി പങ്കാളികളായി ഉള്‍പ്പെടുത്തി രാസ ഉല്‍പാദന സമുച്ചയത്തിനായുള്ള ഘടനാപരമായ വിവിധ സാധ്യതകളാണ് പരിശോധിക്കുന്നത്.
ഉല്‍പന്നങ്ങള്‍ പ്രധാനമായും ഇന്ത്യന്‍ വിപണിയില്‍നിന്നാണ്. നിര്‍മാണം, ഓട്ടോമോട്ടിവ് എന്നിവയുള്‍പ്പെടെ നിരവധി പ്രാദേശിക വ്യവസായങ്ങള്‍ക്ക് ആവശ്യമായ സേവനവും നല്‍കുന്നു. പുനരുപയോഗ ഊര്‍ജം ഉപയോഗിച്ച് പൂര്‍ണമായും പ്രവര്‍ത്തിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ കാര്‍ബണ്‍ഡൈഓക്‌സൈഡ് ന്യൂട്രല്‍ പെട്രോകെമിക്കല്‍ സൈറ്റാണ് മുന്ദ്രയിലേത്.






